നടന് ശ്രേയസ് തല്‍പഡെയ്ക്ക് ഹൃദയാഘാതം
Mail This Article
ബോളിവുഡ്, മറാഠി സിനിമകളിലെ ശ്രദ്ധേയനായ താരം ശ്രേയസ് തല്‍പഡെയ്ക്ക് ഹൃദയാഘാതം. ‘വെല്‍കം ടു ദ് ജംഗിള്‍’ എന്ന പുതിയ സിനിമയുടെ ചിത്രീകരണത്തില്‍ പങ്കെടുത്ത് വീട്ടിലെത്തിയ അദ്ദേഹം കുഴഞ്ഞുവീഴുകയായിരുന്നു. വ്യാഴാഴ്ച രാത്രിയാണ് സംഭവം. മുംബൈ അന്ധേരിയിലെ ഒരു ആശുപത്രിയിൽ എത്തിച്ച അദ്ദേഹത്തിന് ആൻജിയോപ്ലാസ്റ്റി ചെയ്തു. അതേസമയം 47കാരനായ താരത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഭാര്യ ദീപ്തി വെളിപ്പെടുത്തി. ഉടനെ ആശുപത്രി വിടാനാകുമെന്നും അവർ അറിയിച്ചു.
സിനിമയുടെ ചിത്രീകരണത്തില്‍ പകല്‍ മുഴുവനും ശ്രേയസ് പങ്കെടുത്തിരുന്നു. ചെറിയ ആക്‌ഷൻ സീക്വന്‍സുകളും ഇക്കൂട്ടത്തില്‍ ഉണ്ടായിരുന്നു. ചിത്രീകരണസമയത്ത് ഉടനീളം ശ്രേയസ് സന്തോഷവാനായാണ് കാണപ്പെട്ടതെന്നും തമാശ പറയുകയും ചിരിക്കുകയുമൊക്കെ ചെയ്തിരുന്നുവെന്നും സിനിമയുടെ അണിയറക്കാർ പറയുകയുണ്ടായി.
എന്നാല്‍ വീട്ടിലെത്തിയ അദ്ദേഹം തനിക്ക് സുഖം തോന്നുന്നില്ലെന്ന് ഭാര്യ ദീപ്തിയോട് പറയുകയും, പിന്നാലെ കുഴഞ്ഞുവീഴുകയുയായിരുന്നു.
മറാഠി ടെലിവിഷൻ പരമ്പരകളിലൂടെ അഭിനയ രംഗത്തെത്തി. സ്പോര്‍ട്സ് ഡ്രാമ ചിത്രം ഇഖ്ബാലിലൂടെ (2005) സിനിമയിൽ തന്റേതായ സ്ഥാനം സ്വന്തമാക്കി. മറാഠി, ഹിന്ദി സിനിമകളിലുൾപ്പെടെ നാല്‍പതിലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഓം ശാന്തി ഓം, ഡോര്‍, അപ്ന സപ്ന മണി മണി, വെല്‍കം ടു സജ്ജന്‍പൂര്‍, ഗോല്‍മാല്‍ റിട്ടേണ്‍സ് തുടങ്ങിയവയാണ് ശ്രദ്ധേയ സിനിമകൾ.