ADVERTISEMENT

സജീവ് പിള്ള കഥയും തിരക്കഥയുമെഴുതി സംവിധാനം ചെയ്തു തുടങ്ങിയ പടമായിരുന്നു ‘മാമാങ്കം’. വർഷങ്ങൾക്കുമുമ്പ് അതേ പേരിൽ ഒരു സിനിമയിറങ്ങിയിരുന്നു. 

മമ്മൂട്ടി പ്രധാന കഥാപാത്രമായി വരുന്ന ‘മാമാങ്ക’ത്തിന്റെ വാർത്തകൾ 2019 ൽ വളരെയധികം ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. പ്രശസ്ത നിർമാതാവും എഴുത്തുകാരനുമായ വേണു കുന്നപ്പള്ളിയുേടതായിരുന്നു നിർമാണം. ആദ്യ പദ്ധതി ഉപേക്ഷിച്ചെങ്കിലും പിന്നീട് സംവിധായകൻ പദ്മകുമാറിലൂടെ ആ ചിത്രം പ്രേക്ഷകരിലെത്തി. അതിനൊക്കെ പല കാരണങ്ങളുണ്ടാവാം. അതൊന്നുമല്ല ഞാനിവിടെ പറയാൻ പോകുന്നത്. ആ സിനിമയുമായി എനിക്കെന്തു ബന്ധം എന്നതാണ് പരാമർശവിഷയം. 

എറണാകുളത്ത്, ഞാൻ കൊച്ചിൻ പാലസിൽ താമസിക്കുമ്പോഴാണ് സംവിധായകൻ സജീവ് പിള്ള ഫോണിൽ വിളിക്കുന്നത്. തീർത്തും അപ്രതീക്ഷിതമായ വിളി. ഒന്നു കാണണം, പുതിയ സിനിമയെപ്പറ്റി സംസാരിക്കാനാണ് എന്നാണു പറഞ്ഞത്. സാധാരണയായി സംവിധായകർ എന്നെ വിളിക്കാറുള്ളത് നിർമാതാവെന്ന നിലയിലാണ്. അതുകൊണ്ട് അൽപമൊന്നു മടിച്ചു. എന്നാൽ തുടർന്നുള്ള സംസാരത്തിൽ നിന്ന് അദ്ദേഹത്തിന്റെ പുതിയ സിനിമയായ മാമാങ്കത്തിൽ അഭിനിയിക്കാനാണു വിളിച്ചതെന്നു മനസ്സിലായി. ‘നമുക്കൊരുമിച്ച് ഉച്ചഭക്ഷണമാകാം’ എന്നു സ്നേഹപൂർവം ഞാൻ ക്ഷണിച്ചു. അദ്ദേഹം സമ്മതിക്കുകയും കൃത്യസമയത്തു റൂമിലെത്തുകയും ചെയ്തു. കുശലാന്വേഷണങ്ങൾക്കു ശേഷം അദ്ദേഹം പ്രോജക്ടിനെപ്പറ്റി സംസാരിച്ചു തുടങ്ങി:

‘ഞാൻ തന്നെ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സിനിമയാണ് മാമാങ്കം.’

‘വളരെ സന്തോഷം. അഭിനന്ദനങ്ങൾ.’ ഞാൻ പറഞ്ഞു. 

‘അതിലൊരു വേഷം ചെയ്യണം. മമ്മൂട്ടിയുടെ കൂടെയാണ്. മമ്മൂട്ടിക്കൊപ്പം സാമൂതിരിയെ കാണാൻ വരുന്ന രംഗമാണ് തുടക്കം.’

അപ്രതീക്ഷിതമായതുകൊണ്ട് ഞാൻ കുറച്ചു നേരം പ്രതികരിച്ചില്ല. 

ആദ്യ ഷോട്ടിൽതന്നെ മമ്മൂട്ടിക്കൊപ്പം! അതിയായ സന്തോഷം തോന്നി. തുടർന്ന് സജീവ് വേഷത്തെപ്പറ്റി വ്യക്തമായി പറഞ്ഞു തന്നു. കേട്ടിട്ടു നല്ലൊരവസരമായിത്തോന്നിയതു കൊണ്ട് എനിക്കിഷ്ടമായി. 

‘ചേട്ടന്റെ രൂപത്തിനിണങ്ങുന്ന വേഷമാണ്’ സജീവ് പറഞ്ഞു. 

അതിനുമുമ്പ് ഞാൻ മമ്മൂട്ടിക്കൊപ്പം അഭിനയിച്ചത് ബ്ലെസ്സിയുടെ ‘പളുങ്ക്’ എന്ന ചിത്രത്തിലാണ്. അതിനുശേഷം ഒരിക്കൽ അമേരിക്കയിൽ വച്ച് ദുൽഖറിനൊപ്പം മമ്മൂക്കയെ കണ്ടിരുന്നു. സാൻഫ്രാൻസിസ്കോയിലെ  മുന്തിയ ഹോട്ടലിലായിരുന്നു അത്. എന്റെയൊപ്പം ഭാര്യ പ്രേമയുണ്ടായിരുന്നു. എന്റെ നമ്പർ ചോദിച്ചു വാങ്ങി അദ്ദേഹം എന്നെ വിളിക്കുകയായിരുന്നു. വേണമെങ്കിൽ ആ മഹാനടന് എന്നെ കാണാതെ പോകാമായിരുന്നു. എന്നാൽ മമ്മൂട്ടി അങ്ങനെയല്ല തിരക്കിനിടയിലും ബന്ധങ്ങൾ മറക്കില്ല! സിനിമാജാഡകളൊന്നുമില്ലാതെ, വളരെ നിഷ്കളങ്കമായി ഒരുപാടു കാര്യങ്ങൾ അന്നദ്ദേഹം സംസാരിച്ചു. 

mammootty-thampi-antony
മമ്മൂട്ടിക്കൊപ്പം തമ്പി ആന്റണിയും ഭാര്യ പ്രേമയും

അന്നു ദുൽഖർ സിനിമയിലെത്തിയിരുന്നില്ല. ‘നാണംകുണുങ്ങിയായ കൊച്ചുപയ്യൻ’ എന്നാണ് അപ്പോൾ ഞങ്ങൾക്കു തോന്നിയത്. ഞങ്ങളോടൊപ്പം ഒരു ഫോട്ടോയ്ക്കു പോലും പോസ് െചയ്തില്ല! വർഷങ്ങൾക്കു ശേഷം മാർട്ടിൻ പ്രക്കാട്ടിന്റെ ‘എ ബി സി ഡി’ എന്ന സിനിമയിൽ ദുൽഖറിനൊപ്പം ചെറിയൊരു വേഷത്തിൽ അഭിനയിക്കാനും സാധിച്ചു.

അതിനുശേഷം മമ്മൂട്ടിയെ കാണാനുള്ള അവസരങ്ങൾ ഒത്തു വന്നിരുന്നില്ല. പിന്നീട് പല സിനിമകളിലൂടെ മമ്മൂട്ടിയും ദുൽഖറും ഒരുപാടുയരങ്ങളിലെത്തിയിരുന്നു. ആ മമ്മൂട്ടിയുടെ കൂടെ ഒരു വലിയ സിനിമയുടെ തുടക്കത്തിൽത്തന്നെ സ്ക്രീനിൽ വരിക എന്നത്  ഭാഗ്യമായിത്തന്നെ കരുതി. സമ്മതം മൂളിയെങ്കിലും ഒരു ചോദ്യം ഞാൻ ചോദിച്ചു:

‘എന്നെ തെരഞ്ഞെടുക്കാന്‍ എന്തെങ്കിലും കാരണം...?

‘ചേട്ടന്റെ എല്ലാം പടങ്ങളും ഞാൻ കണ്ടിട്ടുണ്ട്. നല്ലൊരു സ്ക്രീൻ പ്രസൻസ് നിങ്ങൾക്കുണ്ട്.’

ഒരു സംവിധായകൻ അങ്ങനെ മുഖത്തു നോക്കി പറയുന്നത് ആദ്യമായിരുന്നു. 

‘സൂഫി പറഞ്ഞ കഥ കണ്ടപ്പോഴാണ് ആദ്യം ശ്രദ്ധിച്ചത്. പിന്നീടു ചേട്ടന്റെ എല്ലാ പടങ്ങളും കണ്ടു.’

‘എന്റെ പ്രിയപ്പെട്ട കഥാപാത്രം! രാമനുണ്ണിയുടെ ശങ്കുമേനോൻ! ദേശീയ അവാർഡ് കിട്ടിയ പ്രിയനന്ദനായിരുന്നു സംവിധായകൻ.’

അതൊക്കെ കേട്ടെങ്കിലും മാമാങ്കത്തിലെ കഥാപാത്രത്തെപ്പറ്റി മാത്രമാണ് അതിനുശേഷം സംസാരിച്ചത്. എനിക്കു പറ്റിയ വേഷം തന്നെയെന്നുറപ്പിച്ചു. യാത്ര പറഞ്ഞപ്പോൾ ലൊക്കേഷനിലേക്കു വിളിക്കാമെന്നറിയിച്ചു. ഷൂട്ടിംഗ് കൊച്ചിയിലെ മരടിൽ തുടങ്ങിയെങ്കിലും എന്റെ ഷോട്ട് ഒരാഴ്ച കഴിഞ്ഞേയുള്ളു എന്നു പറഞ്ഞു. 

അങ്ങനെ, ഒരു ദിവസം സജീവ് വിളിച്ചതനുസരിച്ച് ഞാൻ‍ ലൊക്കേഷനിൽ പോയി. കോടികൾ മുടക്കിയ ഗംഭീര സെറ്റുകണ്ട് അമ്പരന്നു പോയി. നിർമാതാവ് വേണു കുന്നപ്പള്ളിയെ അന്നാണ് ആദ്യമായി കാണുന്നത്. അദ്ദേഹം തന്നെ എന്നെ സെറ്റൊക്കെ കൊണ്ടു നടന്നു കാണിച്ചു. ഷൂട്ട് ദിവസം അറിയിക്കാമെന്നു പറഞ്ഞു. തിരികെപ്പോരാനൊരുങ്ങുമ്പോൾ സജീവ് പറഞ്ഞു:

‘മമ്മൂക്ക കാരവാനിലുണ്ട്. ഒന്നു കണ്ടിട്ടു പോകൂ.’

മമ്മൂക്കയെ ലൊക്കേഷനിൽ കാണാഞ്ഞതുകൊണ്ട് അവിടെയില്ലായിരിക്കും എന്നാണു കരുതിയത്. സംവിധായകൻ നിർദേശിച്ചപ്പോൾ സന്തോഷമായി. പളുങ്കിനു ശേഷം മമ്മൂക്കയുടെ കൂടെ അഭിനയിക്കാനുള്ള അവസരമുണ്ടായിട്ടില്ല. വേണു കുന്നപ്പള്ളിയോടു യാത്ര പറഞ്ഞ്, ദൂരെ മാറ്റിയിട്ടിരുന്ന കാരവൻ ലക്ഷ്യമാക്കി നടന്നു. അടുത്തു ചെന്നപ്പോൾ പുറത്തു നിന്ന അസിസ്റ്റന്റ് ചിരിച്ചു. 

‘തമ്പി ആന്റണിയാണ്. മമ്മൂക്ക അകത്തുണ്ടോ?’

‘മനസ്സിലായി, ഞാൻ ചോദിക്കാം’ എന്നു പറഞ്ഞ് അയാൾ കാരവന്റെ ഡോര്‍ തുറന്ന് അകത്തേക്കു കയറി. ഏതാനും മിനിറ്റുകൾ കഴിഞ്ഞപ്പോൾ പുറത്തു വന്നു പറഞ്ഞു:

‘അകത്തേക്കു ചെല്ലാൻ പറഞ്ഞു.’

ഞാൻ മെല്ലെ സ്റ്റെപ്പ് കയറി കാരവന്റെ അകത്തെത്തി. എന്നെ കണ്ടപ്പോഴേ മമ്മൂക്ക ചിരിച്ചു കൊണ്ട് ഇരിക്കാന്‍ പറഞ്ഞു. മേക്കപ്പ്മാൻ മാത്രമേ അകത്തുള്ളു. തീവ്രമായ അണിയിച്ചൊരുക്കലിലാണ്.

‘മമ്മൂക്ക ഉണ്ടെന്നറിഞ്ഞു. ഒരു ഹായ് പറയാൻ വന്നതാ.’

അത്രയും പറഞ്ഞ് തിരിച്ചു പോരാൻ എഴുന്നേറ്റു.

‘അങ്ങനെ പോകാതെ അവിടെയിരിക്കൂ’ എന്നു പറഞ്ഞു കൊണ്ട് നാട്ടിലെയും അമേരിക്കയിലെയും വിശേഷങ്ങളൊക്കെ ചോദിച്ചറിഞ്ഞു. വീണ്ടും പോരാനായി എഴുന്നേറ്റു കൊണ്ടു ഞാൻ പറഞ്ഞു:‌‌‌

‘എന്റെ പുതിയ നോവൽ ഇറങ്ങിയിട്ടുണ്ട്. ഡി സി യാണു പ്രസാധകർ.’

‘കൊണ്ടു വന്നിട്ടുണ്ടോ?’

‘ഇല്ല, വായിക്കാൻ സമയമുണ്ടെങ്കിൽ കൊടുത്തുവിടാം.’

‘തന്നാൽ വായിക്കും.’ എന്നു പറഞ്ഞപ്പോൾ  സന്തോഷമായി. മമ്മൂക്ക ധാരാളമായി പുസ്തകങ്ങള്‍ വായിക്കുമെന്ന് ആരോ പറഞ്ഞറിയാം. ഈ സിനിമാത്തിരക്കുകൾക്കിടെ എങ്ങനെ വായിക്കുമെന്നു ഞാൻ അതിശയിച്ചു. എന്തായാലും ഡ്രൈവറുടെ കൈയിൽ കൊടുത്തു വിടാമെന്നു പറഞ്ഞ് ഞാനിറങ്ങി. ആ സംഗമം അവസാനിച്ചു. 

mammootty-mamangam
മാമാങ്കം സിനിമയിൽ മമ്മൂട്ടി

പക്ഷേ, പിന്നീട് ആ പടത്തിൽ അഭിനയിക്കാനായി ഒരിടത്തേക്കും പോകേണ്ടി വന്നില്ല!  അഭിപ്രായവ്യത്യാസങ്ങൾ കാരണം പദ്മകുമാറാണ് മാമാങ്കം ചിത്രീകരിച്ചത്.  മമ്മൂട്ടിയൊഴിച്ച് എല്ലാവരും പുതിയ താരങ്ങളാൾ. കുറച്ചു വിഷമം തോന്നിയെങ്കിലും  മറച്ചു വച്ചു. നല്ലൊരു പ്രോജക്ട് നഷ്ടപ്പെട്ടതിൽ അദ്ദേഹത്തിനുണ്ടായ ദുഃഖത്തെക്കാൾ വലുതൊന്നുമല്ലല്ലോ എന്റെ വിഷമം!

പുതിയ സംവിധായകന്‍ പദ്മകുമാറിനോട് മെസ്സേജിലൂടെ വിവരങ്ങൾ തിരക്കിയപ്പോൾ, എല്ലാം മാറ്റിയെഴുതിയെന്നും താരങ്ങളിലും മാറ്റങ്ങളുണ്ടെന്നും അദ്ദേഹം അറിയിച്ചു. ‘തമ്പിച്ചേട്ടനോടു പറഞ്ഞ വേഷം തന്നെ ഉണ്ടാകാനുള്ള സാധ്യതയില്ല’ എന്നും പറഞ്ഞു. പിന്നെ അതിനെക്കുറിച്ച് ഞാനൊന്നും അന്വേഷിച്ചില്ല.

English Summary:

Thampy Antony about Mamangam movie and Mammootty

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com