സ്കൂൾ സ്കിറ്റിൽ ഷാറുഖിനെ അനുകരിച്ച് മകൻ അബ്റാം; വൈറൽ വിഡിയോ
Mail This Article
ഷാറുഖ് ഖാനെ അനുകരിക്കുന്ന മകൻ അബ്റാമിന്റെ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ. ധീരുഭായ് അംബാനി ഇന്റർനാഷ്നൽ സ്‌കൂളിൽ നടന്ന വാർഷിക ദിന ചടങ്ങിൽ ഒരു സ്കിറ്റിൽ അഭിനയിക്കുന്നതിനിടെയാണ് ദിൽവാലെ ദുൽഹനിയ ജായേംഗേ സിനിമയിലെ ഈണത്തോടൊപ്പം ഷാറുഖിന്റെ ‘സിഗ്നേച്ചർ പോസ്’ അബ്റാം അനുകരിച്ചത്. ‘‘എന്നെ കെട്ടിപ്പിടിക്കുക, എനിക്ക് ആലിംഗനം ഇഷ്ടമാണ്’’ എന്ന് പറഞ്ഞ് ഷാറുഖ് ഖാൻ ചെയ്യുന്നതുപോലെ കൈ വിടർത്തി പോസ് ചെയ്യുകയായിരുന്നു. ഭാര്യയ്ക്കും മക്കൾക്കുമൊപ്പം മകന്റെ പ്രകടനം കാണാനെത്തിയ ഷാറുഖ് ഖാൻ മകനെ കൈവീശി കാണിച്ച് ആഹ്ളാദം പ്രകടിപ്പിക്കുന്നതും വിഡിയോയിൽ കാണാം.
സ്കിറ്റിൽ ഒപ്പമുണ്ടായിരുന്ന കൂട്ടുകാരെ അബ്റാം ഖാൻ കെട്ടിപ്പിടിക്കുന്നുണ്ട്. ദ് നോട്ടി പ്രഫസർ എന്ന കഥാപാത്രത്തെയാണ് കുഞ്ഞു താരം അവതരിപ്പിച്ചത്. അബ്റാമിന്റെ പ്രകടനം സമൂഹമാധ്യമങ്ങളിൽ വൈറലാണ്. നിരവധി ആരാധകരാണ് അബ്റാമിനെ അഭിനന്ദിച്ച് എത്തുന്നത്. അച്ഛന്റെ അനായാസമായ അഭിനയ മികവ് മകനും കിട്ടിയിട്ടുണ്ട് എന്നാണു ആരാധകരുടെ അഭിപ്രായം.
ഷാറുഖ് ഖാൻ, ഭാര്യ ഗൗരി ഖാൻ, മകൾ സുഹാന എന്നിവർക്കൊപ്പമാണ് ധീരുഭായ് അംബാനി ഇന്റർനാഷ്നൽ സ്‌കൂളിൽ വാർഷിക ചടങ്ങിന് എത്തിയത്. ഐശ്വര്യ റായ് ബച്ചന്റെ മകൾ ആരാധ്യയും സ്കൂളിലെ വാർഷികത്തിൽ സംഗീത നാടകത്തിൽ അഭിനയിച്ചിരുന്നു.
ഐശ്വര്യ റായ്– അഭിഷേക് ബച്ചൻ, കരൺ ജോഹർ, ഷാഹിദ് കപൂർ, കരീന കപൂർ എന്നിവരുൾപ്പെടെയുള്ള ബോളിവുഡ് താരങ്ങളുടെ മക്കൾ പഠിക്കുന്നത് ധീരുഭായ് അംബാനി ഇന്റർനാഷ്നൽ സ്കൂളിലാണ്.