‘സൂര്യയുടെ വീട്ടിലെ വഴക്കുകാരണമാണോ മുംബൈയിലേക്ക് താമസം മാറിയത്’; മറുപടിയുമായി ജ്യോതിക
Mail This Article
അച്ഛനും അമ്മയ്ക്കും വേണ്ടിയാണ് മുംബൈയിലേക്ക് താമസം മാറിയതെന്ന് തുറന്നു പറഞ്ഞ് നടി ജ്യോതിക. അവരുടെ ആരോഗ്യകാര്യങ്ങൾ നോക്കുന്നതിനായുള്ള താത്ക്കാലിക മാറ്റം മാത്രമാണിെതന്നും തമിഴ് മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ ജ്യോതിക പറഞ്ഞു. വീട്ടിലെ വഴക്കു കാരണമാണോ മുംബൈയിലേക്ക് താമസം മാറിയതെന്ന അവതാരകന്റെ ചോദ്യത്തിനു മറുപടിയായാണ് നടി ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. സൂര്യയുടെ കുടുംബത്തിലുള്ള അസ്വാരസ്യങ്ങൾ കാരണമാണ് ജ്യോതികയും മക്കളും മുംബൈയിലേക്ക് മാറിയതെന്ന് ചില ഗോസിപ്പുകോളങ്ങളിൽ വാർത്ത വന്നിരുന്നു. കൂട്ടുകുടുംബമായാണ് സൂര്യയും കാർത്തിയും ചെന്നൈയിൽ കഴിയുന്നത്.
‘‘കോവിഡ് സമയത്ത് എന്റെ അച്ഛനും അമ്മയ്ക്കും രണ്ട് മൂന്ന് തവണ കോവിഡ് വന്നു. ആ സമയത്ത് എനിക്ക് പോകാൻ പറ്റിയില്ല, കാരണം അന്ന് വിമാനമൊക്കെ റദ്ദ് ചെയ്തിരുന്നു അപ്പോഴാണ് ഞാൻ ഇരുന്നു ആലോചിച്ചത്. വിവാഹം കാരണം മാത്രമല്ല, ഞാൻ ചെന്നൈയിൽ എത്തിയിട്ട് 25-27 വർഷമായി. എന്റെ അച്ഛനമ്മമാരിൽ നിന്നും അകലെയാണ്. ഇനി അവരെ മിസ് ചെയ്യരുത് എന്ന് തോന്നി. അവരെ നഷ്ടപ്പെടുമോ, അവർക്കൊപ്പം ചെലവഴിക്കാൻ പറ്റിയ സമയം മിസ് ആവുമോ എന്നൊക്കെ പേടി തോന്നി.
വിവാഹത്തിന് ശേഷം നമ്മൾ ഒരിക്കലും പെൺകുട്ടിയുടെ അച്ഛനമ്മമാരെക്കുറിച്ച് ആലോചിക്കാറില്ല. വീടിന്റെ ഉത്തരവാദിത്തങ്ങളിൽ നിന്നും മാറിപ്പോകാൻ അവൾക്ക് സാധിക്കുന്നില്ല. അവളുടെ അച്ഛനമ്മമാർ ജീവിച്ചിരിക്കുന്ന ഒരു സമയം അവൾ മിസ് ചെയ്തു പോകുന്നുണ്ട്. ആ ഒരു പേടി കോവിഡ് സമയത്ത് എനിക്ക് വളരെ കൂടുതലായി തോന്നി. പോയി അവർക്കൊപ്പം നിൽക്കണം എന്ന് തോന്നി. അങ്ങനെ കുറച്ച് സമയത്തേക്ക് അവിടെ പോയി നിൽക്കാനുള്ള തീരുമാനം എടുത്തു.
ഇതൊരു താത്ക്കാലിക മാറ്റം മാത്രമാണ്. കുട്ടികളുടെ സ്കൂൾ ഒക്കെ ശരിയായി വന്നു. പിന്നെ അവിടെയും ഞങ്ങൾക്ക് വീടുണ്ട്. സൂര്യ വളരെ പിന്തുണ നൽകുന്ന ഭർത്താവാണ്. ഞാൻ സന്തോഷമായി ഇരിക്കണം. കുട്ടികളുടെ കാര്യങ്ങൾ എല്ലാം നന്നായി നടക്കണം, അങ്ങനെ ഒക്കെ വിചാരിക്കുന്ന ഒരാളാണ്. വലിയ രീതിയിലാണ് എല്ലാം നോക്കി കാണുന്നത്. ഇങ്ങനെ മാത്രമേ കാര്യങ്ങൾ ചെയ്യാവൂ എന്നൊരു ചെറിയ മൈൻഡ്സെറ്റ് അദ്ദേഹത്തിനില്ല.
സൂര്യയുടെ അമ്മയും ഞാനും വളരെ ക്ലോസ് ആണ്. ഞങ്ങളിപ്പോൾ പരസ്പരം നന്നായി മിസ് ചെയ്യുന്നുണ്ട്. ഒരു പ്രാവശ്യം ഞാൻ അമ്മയോട് പറഞ്ഞു, ഈ ദീപാവലി ഞാൻ മുംബൈയിൽ എന്റെ അച്ഛനമ്മമാരോടൊപ്പം ചെലവിടാൻ തീരുമാനിച്ചു എന്ന്. എത്രയോ വർഷങ്ങളായി ദീപാവലിക്ക് ഞാൻ എന്റെ വീട്ടിൽ പോയിട്ട് എന്നൊക്കെ പറഞ്ഞു. അവർ വളരെ സങ്കടത്തോടെ, ‘‘ശരി, പക്ഷേ നിങ്ങൾ ആരും ഇല്ലാതെ ഈ വീട്ടിൽ എങ്ങനെ ദീപാവലി നടക്കും?’’ എന്ന് ചോദിച്ചു.
മുംബൈയിൽ ചെന്നപ്പോൾ എന്റെ വീട്ടുകാർ ഓരോരുത്തർക്കും അവരവരുടെ പ്ലാൻസ് ഉണ്ടായിരുന്നു. അപ്പോൾ ഞാൻ ചെന്നൈയിൽ വിളിച്ച് ‘‘അമ്മേ, ഞാൻ അങ്ങോട്ട് വരാം’’ എന്ന് പറഞ്ഞു. അങ്ങനെ ഈ ദീപാവലി ചെന്നൈയിൽ ആയിരുന്നു. ഞങ്ങൾ തമ്മിൽ ബോണ്ടിങ് അതുപോലെ തന്നെയുണ്ട്. എല്ലാവരെയും മിസ് ചെയ്യാറുമുണ്ട്. പതിനഞ്ചു വർഷം ഒരുമിച്ചു താമസിച്ചവരാണ്.’’– ജ്യോതിക പറഞ്ഞു.