ഹനുമാന്റെ ശക്തി ലഭിക്കുന്ന യുവാവ്; ‘ഹനുമാൻ’ ട്രെയിലർ കാണാം
Mail This Article
തേജ സജ്ജയെ നായകനാക്കി പ്രശാന്ത് വർമ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യ ചിത്രം ‘ഹനുമാൻ’ ട്രെയിലർ പുറത്തിറങ്ങി. ഹനുമാന്റെ ശക്തി ലഭിക്കുന്ന അതിമാനുഷികനായ യുവാവിന്റെ കഥയാണ് ചിത്രം പറയുന്നത്. സൂപ്പർഹീറോ ചിത്രമായി ഒരുക്കിയിരിക്കുന്ന ഹനുമാൻ അഞ്ച് ഭാഷകളിൽ റിലീസിനെത്തും.
പ്രശാന്ത് വർമയുടെ സിനിമാറ്റിക് യൂണിവേഴ്‌സിൽ നിന്നുള്ള ആദ്യ ചിത്രമാണിത്. കൽക്കി, സോംബി റെഡ്ഡി തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകപ്രീതി നേടിയ തെലുങ്ക് സംവിധായകനാണ് പ്രശാന്ത്.
ശ്രീമതി ചൈതന്യ അവതരിപ്പിക്കുന്ന ഈ ചിത്രം പ്രൈംഷോ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ കെ. നിരഞ്ജൻ റെഡ്ഡിയാണ് നിർമിക്കുന്നത്. അമൃത അയ്യരാണ് നായിക. തേജയുടെ സഹോദരിയായി വരലക്ഷ്മി ശരത്കുമാർ പ്രത്യക്ഷപ്പെടുന്ന ചിത്രത്തിൽ വിനയ് റായ് പ്രതിനായകന്റെ വേഷത്തിൽ എത്തുന്നു. ഗെറ്റപ്പ് ശ്രീനു, സത്യ, രാജ് ദീപക് ഷെട്ടി തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. ദാശരധി ശിവേന്ദ്ര ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന് ഹരി ഗൗര, അനുദീപ് ദേവ്, കൃഷ്ണ സൗരഭ് എന്നിവർ ചേർന്നാണ് സംഗീതം പകരുന്നത്.
തെലുങ്ക്, ഹിന്ദി, മറാഠി, തമിഴ്, കന്നഡ, മലയാളം, ഇംഗ്ലിഷ്, സ്പാനിഷ്, കൊറിയൻ, ചൈനീസ്, ജാപ്പനീസ് തുടങ്ങി നിരവധി ഇന്ത്യൻ ഭാഷകളിലായി 2024 ജനുവരി 12 സംക്രാന്തി ദിനത്തിൽ ചിത്രം തിയറ്ററുകളിലെത്തും.
തിരക്കഥ: സ്‌ക്രിപ്റ്റ്‌സ്‌വില്ലെ, ചിത്രസംയോജനം: സായിബാബു തലാരി, വസ്ത്രാലങ്കാരം: ലങ്ക സന്തോഷി, പിആർഒ: ശബരി.