ഇതൊരു നുണയാണെന്നാണ് പലരും കരുതുന്നത്: അവസാനമായി ജീത്തുവിനു പറയാനുള്ളത്
Mail This Article
‘നേര്’എന്ന സിനിമ കാണാൻ പ്രേക്ഷകരെ തിയറ്ററിലേക്ക് ക്ഷണിച്ച് സംവിധായകൻ ജീത്തു ജോസഫ്. മോഹൻലാലും താനും ഒരുമിച്ച സിനിമകൾ എല്ലാം ത്രില്ലറുകൾ ആയതുകൊണ്ട് ഇതും ഒരു ത്രില്ലർ ആണെന്ന് കരുതരുതെന്ന് ജീത്തു പറയുന്നു. ഇതുവരെ കോടതി നേരിട്ട് കണ്ടിട്ടില്ലാത്തവർക്ക് കോടതിയിലെ കൗതുകകരമായ ഒരുപാട് കാഴ്ചകൾ കാണാൻ സഹായിക്കുന്ന സിനിമയാണ് നേരെന്നും വ്യക്തമാക്കുന്നു.
‘‘ഡിസംബർ 21ന് ‘നേര്’ തിയറ്ററുകളിലേക്ക് എത്തുകയാണ്. ട്രെയിലർ റിലീസ് ചെയ്തതോടുകൂടി വലിയൊരു സ്വീകരണമാണ് ലാലേട്ടന്റെ സിനിമ പ്രേക്ഷകരും ആസ്വാദകരുമായ നിങ്ങൾ ഞങ്ങൾക്ക് നൽകിയിട്ടുള്ളത്. തീർച്ചയായിട്ടും ഇതൊരു നല്ല ചിത്രമായിരിക്കും, ആ ഒരു ആത്മവിശ്വാസം ഈ സിനിമയിൽ വർക്ക് ചെയ്ത ഞങ്ങൾക്ക് എല്ലാവർക്കും ഉണ്ട്. എന്നെ സംബന്ധിച്ചിടത്തോളം ഞാനും ലാലേട്ടനും ഇതുവരെ ഒന്നിച്ച സിനിമകളെല്ലാം ത്രില്ലറും സസ്പെൻസും നിറഞ്ഞ സിനിമകളായിരുന്നു. അതുകൊണ്ട് തന്നെ നിങ്ങളെല്ലാവരും ഇത് വളരെ ത്രില്ലിങ് ആയ സസ്പെൻസ് ഉള്ള ഒരു സിനിമയാണെന്ന് കരുതിയിട്ടുണ്ടാകും. ഞങ്ങളുടെ കുറെ ചാനൽ പ്രമോഷനുകളിലൂടെ കുറേപേർക്കെങ്കിലും അങ്ങനെയുള്ള ധാരണ മാറിയിട്ടുണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നു.
ദൃശ്യം 2വിന്റെ സമയത്ത് ഞാൻ പറഞ്ഞതുപോലെ ഇതൊരു നുണയാണ് എന്നാണ് പലരും കരുതിയിരിക്കുന്നത്. സത്യത്തിൽ അങ്ങനെയല്ല ഈ സിനിമ ഒരു ഇമോഷനൽ കോർട്ട് റൂം ഡ്രാമയാണ്. ഇതിനകത്ത് ഒരു ക്രൈം ഒക്കെ ഉണ്ട്. സാധാരണ ത്രില്ലറുകളിലെല്ലാം ഒരു ക്രൈം നടന്നു കഴിയുമ്പോൾ പ്രതിയെ കണ്ടെത്താനുള്ള പൊലീസിന്റെ അന്വേഷണവും അതിനെ തുടർന്നുണ്ടാകുന്ന സസ്പെൻസ് അല്ലെങ്കിൽ അതിൽ ഉണ്ടാകുന്ന ട്വിസ്റ്റ് അങ്ങനെയൊക്കെയാണ് പോകുന്നത്. ഇതിൽ അങ്ങനെയല്ല. ഇതിൽ ഒരു ക്രൈം നടന്നു പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. അതിനുശേഷം കോടതിയിൽ എത്തിക്കഴിഞ്ഞിട്ട് എന്തെല്ലാം സംഭവിക്കുന്നു എന്നുള്ളതാണ് കാണിക്കുന്നത്.
സാധാരണ നമ്മുടെ സിനിമകളിലെല്ലാം കാണിക്കുന്ന കോടതിയിൽ നിന്നും വിഭിന്നമായി കുറച്ചുകൂടി ആധികാരികമായ കോടതി ആണ് നിങ്ങളുടെ മുമ്പിൽ ഞങ്ങൾ അവതരിപ്പിക്കുന്നത്. കോടതി കണ്ടിട്ടില്ലാത്ത പ്രേക്ഷകരുടെ മുന്നിൽ പ്രേക്ഷകരെ സംബന്ധിച്ചിടത്തോളം ഒത്തിരി കൗതുകകരമായ കോടതിക്കുള്ളിലെ കാഴ്ചകൾ ഈ സിനിമയിലുണ്ട്. ഈ സിനിമയുടെ എഴുത്തുകാരിയായ ശാന്തി മായാദേവി ഒരു വക്കീലാണ്. ശാന്തിയോട് എഴുതാൻ പറഞ്ഞത് തന്നെ കുറച്ചുകൂടി ആധികാരികത വേണം എന്നുള്ളതുകൊണ്ടാണ്.
അടിസ്ഥാനപരമായി ഒരു നിയമ യുദ്ധമാണ്. കോടതിയിൽ ഒരു പ്രതിയെ എത്തിച്ചു കഴിയുമ്പോൾ എങ്ങനെയാണ് അയാളുടെ വക്കീൽ അയാളെ രക്ഷിക്കാൻ ശ്രമിക്കുക, പ്രോസിക്യൂഷൻ എങ്ങനെയാണ് ആ പ്രതിക്ക് ശിക്ഷ വാങ്ങിക്കൊടുക്കാൻ ശ്രമിക്കുക, അവർ തമ്മിലുള്ള ഒരു യുദ്ധമാണ് ഈ സിനിമ. യുദ്ധം എന്ന് പറയുമ്പോൾ ശാരീരികമായി അല്ല, നിയമങ്ങൾ എടുത്ത് അങ്ങോട്ട് ഇങ്ങോട്ടും പ്രയോഗിച്ചുകൊണ്ട് മത്സരിച്ച് തങ്ങളുടെ ലക്ഷ്യത്തിലേക്ക് എത്താൻ ശ്രമിക്കുന്ന രണ്ട് അഭിഭാഷകരാണ്. പിന്നെ ഇതുമായി ബന്ധപ്പെട്ടിട്ടുള്ള ഇര, അവരുടെ കുടുംബം, അവരുടെ പ്രശ്നങ്ങൾ, പ്രതി, പ്രതിയുടെ കുടുംബം, അവരുടെ ഇമോഷൻ, പരസ്പരം മത്സരിക്കുന്ന രണ്ട് വക്കീലുമാർ, അവരുടെ ഇമോഷൻ, അങ്ങനെയുള്ള ഒരു വലിയ ഇമോഷനൽ സൈഡും ഈ സിനിമക്ക് ഉണ്ട്.
അതുകൊണ്ടുതന്നെ ഇത് ആളുകളെ പിടിച്ചിരിക്കുന്ന ഒരു സിനിമയായിരിക്കും. കോർട്ട് റൂം ഡ്രാമ എന്ന് പറയുമ്പോൾ എല്ലാവരുടെയും പേടി സിനിമ വിരസമായിരിക്കുമോ എന്നാണ്. എന്റെ എല്ലാ സിനിമകളും ഞാൻ കുറച്ച് ലാഗ് ഒക്കെയിട്ടാണ് വർക്ക് ചെയ്യുന്നത്. അതുപോലെയുള്ള ലാഗുകൾ ഒരുപക്ഷേ ഈ സിനിമയിലും ഉണ്ടാകും. പക്ഷേ ഇതൊരു വിരസത തോന്നിക്കുന്ന സിനിമയാകും എന്ന് ഞാൻ കരുതുന്നില്ല. ഇതുവരെ ഞങ്ങൾ ഈ സിനിമ കാണിച്ചവരിൽ നിന്നും നല്ല പ്രതികരണമാണ് കിട്ടിയിരിക്കുന്നത്. ഈ സിനിമ നിങ്ങൾ കാണുക നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ അറിയിക്കുക. നല്ലതാണെന്ന് നിങ്ങൾക്ക് തോന്നിയാൽ നിങ്ങൾ തീർച്ചയായിട്ടും ഈ സിനിമ വിജയിപ്പിച്ചു തരും എന്ന് എനിക്കറിയാം. എന്തായാലും എല്ലാവരും ഈ പടം തിയറ്ററിൽ തന്നെ വന്നു കാണണം. ഒടിടി റിലീസിന് വേണ്ടി ഒന്നും കാത്തിരിക്കരുത്. കാരണം ഈ സിനിമയ്ക്ക് തിയറ്ററിൽ ആസ്വദിക്കേണ്ട ചേരുവകൾ എല്ലാം തന്നെ ഉണ്ട്.’’ ജീത്തു ജോസഫ് പറയുന്നു.
ദൃശ്യത്തിനും 12ത് മാനും ശേഷം ജീത്തു ജോസഫും മോഹൻലാലും ഒന്നിക്കുന്ന സിനിമയാണ് 'നേര്'. ജിത്തു ജോസഫിനൊപ്പം അഡ്വക്കേറ്റ് ശാന്തി മായാദേവി തിരക്കഥ രചിച്ച ചിത്രം ഒരു കോർട്ട് റൂം ഡ്രാമയാണ്. മോഹൻലാലിനൊപ്പം അനശ്വര രാജൻ, പ്രിയാമണി, സിദ്ദീഖ്, ശാന്തി മായാദേവി, ജഗദീഷ് തുടങ്ങിയ താരങ്ങളും ചിത്രത്തിലെത്തുന്നുണ്ട്.