വേൾഡ് പ്രിമിയറിനൊരുങ്ങി ‘റിപ്ടൈഡ്’
Mail This Article
അമ്പത്തിമൂന്നാമത് റോട്ടർഡാം ഇന്റർനാഷ്നൽ ഫിലിം ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് മലയാള ചിത്രം ‘റിപ്ടൈഡ്’. നവാഗതനായ അഫ്രദ് വി.കെ. സംവിധാനവും എഡിറ്റിങും നിർവഹിച്ച ചിത്രം ബ്രൈറ്റ് ഫ്യൂച്ചർ വിഭാഗത്തിലാണ് പ്രദർശിപ്പിക്കുക. പൂർവ മാതൃകകളെ വെല്ലുവിളിക്കുന്ന സുധീരമായ ചലച്ചിത്ര ശ്രമങ്ങളാണ് ബ്രൈറ്റ് ഫ്യൂച്ചർ വിഭാഗത്തില്‍ ഉൾപ്പെടുത്തുക. ജനുവരി 25 മുതൽ ഫെബ്രുവരി 4 വരെയാണ് മേള നടക്കുന്നത്.
എൺപതുകളുടെ അവസാനത്തിൽ നടക്കുന്ന മിസ്റ്ററി/റൊമാൻസ് ചിത്രമാണ് റിപ്ടൈഡ്. ചലച്ചിത്ര പഠനത്തിന്റെ ഭാഗമായി ഡിപ്ലോമ സിനിമയായി തുടങ്ങിയ ചിത്രത്തിന്റെ സമസ്ത മേഖലയിലും പ്രവർത്തിച്ചിരിക്കുന്നത് ചലച്ചിത്രപഠനം നടത്തുന്ന വിദ്യാർഥികളാണ്. നവാഗതരായ സ്വലാഹ് റഹ്മാനും, ഫാരിസ് ഹിന്ദും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമയുടെ ക്യാമറ ചെയ്തിരിക്കുന്നത് അഭിജിത് സുരേഷ് ആണ്. മെക്ബ്രാന്റ് പ്രൊഡക്‌ഷൻസിന്റെ ബാനറിൽ കോമൾ ഉനാവ്നെ നിർമിച്ച ചിത്രത്തിന്റെ സഹനിർമാതാക്കൾ ജോമോൻ ജേക്കബ്, അഫ്രദ് വി.കെ എന്നിവരാണ്.
പരീക്ഷണ സിനിമകൾക്കുംസ്വതന്ത്രസിനിമകൾക്കും പ്രമുഖ്യം കൊടുക്കുന്ന ലോകത്തിലെ തന്നെ ഏറ്റവും വലിയ ഫിലിം ഫെസ്റ്റിവലുകളിൽ ഒന്നാണ് റോട്ടർഡാം ഫിലിം ഫെസ്റ്റിവൽ. ഡോൺ പാലത്തറയുടെ ഫാമിലി, സെന്ന ഹെഗ്‌ഡെയുടെ 1744 വൈറ്റ് ആൾട്ടോ, മഹേഷ് നാരായണന്റെ മാലിക് , ഷിനോസ് റഹ്മാന്,സജാസ് റഹ്മാന് എന്നിവർ സംവിധാനം ചെയ്ത ചവിട്ട് എന്നിവയാണ് കഴിഞ്ഞ വർഷങ്ങളിലായി റോട്ടർഡാമിൽ പ്രദർശിപ്പിച്ച മലയാള സിനിമകൾ.