വിജയകാന്തിന്റെ സ്നേഹവും കരുതലും ഇപ്പോഴും നിറഞ്ഞു നിൽക്കുന്നു: റഹ്മാൻ
Mail This Article
നടൻ വിജയകാന്തിനെ അനുസ്മരിച്ച് റഹ്മാൻ. ഒരേയൊരു ചിത്രത്തിൽ മാത്രമാണ് ഒരുമിച്ച് അഭിനയിച്ചതെങ്കിലും വിജയകാന്തിന് തന്നോട് ഒരു പ്രത്യേക വാത്സല്യവും സ്നേഹവും ഉണ്ടായിരുന്നുവെന്ന് റഹ്മാൻ പറയുന്നു.
‘‘പ്രിയപ്പെട്ട ‘ക്യാപ്റ്റൻ’ വിജയകാന്ത് ഓർമയായി. ഞങ്ങൾ തമ്മിൽ ഒരു സിനിമയിലെ ഒന്നിച്ച് അഭിനയിച്ചിട്ടുള്ളൂ. അതും എത്രയോ വർഷങ്ങൾക്കു മുൻപാണ്. പക്ഷേ ഇപ്പോഴും അദ്ദേഹത്തിന്റെ സ്നേഹവും കരുതലും സൗഹൃദവും എന്റെ ഉള്ളിൽ നിറഞ്ഞ് നിൽക്കുന്നു. നടൻ വിജയ്‌യുടെ അച്ഛനായ എസ്.എ. ചന്ദ്രശേഖർ സംവിധാനം ചെയ്ത ‘വസന്ത രാഗം’ എന്ന ആ സിനിമ തമിഴിലെ എന്റെ മൂന്നാമത്തെ ചിത്രമായിരുന്നു.
ഒരു ത്രികോണ പ്രണയകഥ പറഞ്ഞ ആ ചിത്രത്തിൽ സുധാചന്ദ്രൻ ആയിരുന്നു ഞങ്ങൾ രണ്ടുപേരുടെയും നായിക. ബാലതാരമായി വിജയ്‌യും ആ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴത്തെ സൂപ്പർ സംവിധായകൻ ശങ്കറും ഏതോ ചെറിയ വേഷത്തിൽ അതിൽ അഭിനയിച്ചിട്ടുണ്ട് എന്ന് ഓർക്കുന്നു.
പിന്നീട് ഒരു ചിത്രത്തിലും ഒന്നിച്ച് അഭിനയിക്കാൻ സാധിച്ചിട്ടില്ലെങ്കിലും വിജയകാന്തിന് എന്നും എന്നോട് പ്രത്യേക സ്നേഹവും വാത്സല്യവും ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ ആരാധകർക്ക് അദ്ദേഹത്തോടുള്ള ഇഷ്ടത്തിന്റെ ആഴം കണ്ട് ഞാൻ അദ്ഭുതപ്പെട്ടിട്ടുണ്ട്. രാഷ്ട്രീയത്തിലും നിലപാടുകൾ ഉറച്ചതായിരുന്നു. ആത്മാവിന് വേണ്ടി പ്രാർഥിക്കുന്നു. ആദരാഞ്ജലികൾ.’–റഹ്മാൻ പറഞ്ഞു.