ഡ്യൂപ്പില്ലാതെ ക്ലോക്ക് ടവറിൽ വിജയകാന്ത്; ആ രഹസ്യം പുറത്തുവിട്ടത് 28 വർഷത്തിനു ശേഷം
Mail This Article
അനശ്വര നടൻ വിജയകാന്ത് ഡ്യൂപ്പില്ലാതെ ചെയ്ത സിനിമാ രംഗങ്ങളുടെ വിശദാംശങ്ങൾ 28 വർഷത്തിനു ശേഷം നിർമാണ കമ്പനിയായ എവിഎം പുറത്തു വിട്ടത് അദ്ഭുതത്തോടെയായിരുന്നു ആരാധകർ കണ്ടത്. 1994ൽ പുറത്തിറങ്ങിയ ‘സേതുപതി ഐപിഎസ്’ എന്ന സൂപ്പർ ഹിറ്റ് സിനിമയിലാണിത്.
ചെന്നൈയിൽ തീവ്രവാദികൾ ക്ലോക്ക് ടവറിൽ സ്ഥാപിച്ച ബോംബ് നിർവീര്യമാക്കുന്നതാണു ക്ലൈമാക്സ്. വിജയകാന്തിന്റെ കഥാപാത്രം ക്ലോക്ക് ടവറിൽ വലിഞ്ഞുകയറി കൂറ്റൻ ഘടികാരത്തിന്റെ സൂചികൾ തിരിക്കുന്ന ഈ രംഗങ്ങളെല്ലാം ഡ്യൂപ്പില്ലാതെയാണു ചിത്രീകരിച്ചതെന്നാണു വെളിപ്പെടുത്തിയത്. ഫോട്ടോകളും പുറത്തുവിട്ടു.
വിജയകാന്തിന്റെ അത്യുഗ്രൻ ആക്‌ഷൻ രംഗങ്ങൾകൊണ്ടു സമ്പുഷ്ടമായിരുന്ന സിനിമയാണ് ‘സേതുപതി ഐപിഎസ്’. പൊലീസ് യൂണിഫോമിൽ ക്ലോക്ക് ടവറില്‍ കയറുന്ന രംഗങ്ങൾ ഡ്യൂപ്പ് ഉപയോഗിച്ച് ചെയ്തതായിരുന്നുവെന്നാണ് അന്ന് സിനിമ കണ്ടിറങ്ങിയ പ്രേക്ഷകര്‍ വിശ്വസിച്ചിരുന്നത്. റോപ്പ് പോലും ഉപയോഗിക്കാതെയായിരുന്നു അത്യന്തം സാഹസം നിറഞ്ഞ രംഗത്തിൽ വിജയകാന്ത് അഭിനയിച്ചത്.
പി.വാസു സംവിധാനം ചെയ്ത സിനിമയിൽ പൊലീസ് സൂപ്രണ്ടിന്റെ വേഷമായിരുന്നു വിജയകാന്തിന്. മീനയായിരുന്നു നായിക. 1990കളിലെ വിജയകാന്തിന്റെ ബ്ലോക്ക്ബസ്റ്ററുകളിൽ ഒന്നാണിത്. തീവ്രവാദത്തിനെതിരെ പോരാടുന്ന ഒരു പൊലീസ് ഓഫിസറുടെ കഥയാണ് സിനിമ കൈകാര്യം ചെയ്യുന്നത്.
എം.എൻ. നമ്പ്യാർ, ശ്രീവിദ്യ, കാവേരി, ഡൽഹി ഗണേഷ്, കോവൈ സരള, ത്യാഗു, ഗൗണ്ടമണി തുടങ്ങിയവരായിരുന്നു മറ്റ് അഭിനേതാക്കൾ.