ADVERTISEMENT

നടൻ നെപ്പോളിയന്റെ അറുപതാം പിറന്നാളിന് ഏറെ പ്രത്യേകതയുള്ള സർപ്രൈസുമായി ഭാര്യ ജയസുധ. ഭർത്താവിന്റെ അറുപതാമത്തെ പിറന്നാളിന് നെപ്പോളിയൻ അനശ്വരമാക്കിയ അറുപതു കഥാപാത്രങ്ങളുടെ രൂപവും പേരുകളും നെയ്തെടുത്ത സ്വർണ സാരിയാണ് ഭാര്യ ജയസുധ ധരിച്ചത്. ഗോൾഡ് ജെറി വർക്കിൽ ഉള്ള ഈ സാരി ഡിസൈൻ ചെയ്തത് ഇയ്‌ല സിൽക്ക് ആയിരുന്നു. നെപ്പോളിയനും ഭാര്യയ്ക്കും നന്ദിപറഞ്ഞുകൊണ്ട് ഇയ്‌ല സിൽക്ക് പുറത്തുവിട്ട സാരിയുടെ വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

അറുപതു കഥാപാത്രങ്ങളുടെ മുഖം സ്വർണ്ണനൂലിൽ തുന്നിച്ചേർത്തിരിക്കുകയാണ്.  കഥാപാത്രങ്ങളോടൊപ്പം അവരുടെ പേരുകളും സിനിമയുടെ പേരും ഉൾപ്പെടെയാണ് ആലേഖനം ചെയ്തിരിക്കുന്നത്. പ്യുവർ ഗോൾഡ് ജെറി വർക്കിൽ ആണ് സാരി നെയ്തിരിക്കുന്നത്. നെപ്പോളിയന്റെ കഥാപാത്രങ്ങളെല്ലാം ഒത്തുചേർന്ന സാരി ആരാധകർക്ക് വിസ്മയക്കാഴ്ചയായി. 

അടുത്തിടെ അറുപതാം പിറന്നാൾ കഴിഞ്ഞ നെപ്പോളിയന്റെ പിറന്നാൾ കുടുംബവും ആരാധകരും ആഘോഷമാക്കിയിരുന്നു. നെപ്പോളിയന്റെ പിറന്നാളിന് അദ്ദേഹത്തിന്റെ അഭിനയജീവിതത്തിലെ ഹിറ്റ് കഥാപാത്രങ്ങൾ കൂടി ആഘോഷിക്കണമെന്ന  ഭാര്യയുടെ ആഗ്രഹപ്രകാരമാണ് ഈ സാരി നെയ്തതെന്നു ഇയ്‌ല ഡിസൈൻസ് പറയുന്നു.  ഈ അവസരം തങ്ങൾക്ക് ലഭിച്ചതിനുള്ള നന്ദിയും അവർ വിഡിയോയിൽ പറയുന്നുണ്ട്.       

മലയാളികൾക്ക് നെപ്പോളിയൻ എന്ന് കേൾക്കുമ്പോൾ മുണ്ടക്കൽ ശേഖരനാണ് ഓർമ വരുക. രണ്ടു ജന്മികളുടെ കുടിപ്പകയുടെ കഥപറയുന്ന ദേവാസുരം സൂപ്പർ താരം മോഹൻലാലിൻറെ അഭിനയ ജീവിതത്തിലെ നാഴികക്കല്ലായ സിനിമകളിൽ ഒന്നായിരുന്നു.  മോഹൻലാൽ മംഗലശ്ശേരി നീലകണ്ഠനായപ്പോൾ മുണ്ടയ്ക്കൽ ശേഖരനായത് തമിഴ് താരം നെപ്പോളിയൻ ആയിരുന്നു. നീലകണ്ഠനെ  പോലെ  തന്നെ ആരാധകർ ഏറ്റെടുത്ത കഥാപാത്രമാണ് മുണ്ടക്കൽ ശേഖരൻ.  

മലയാളികളുടെ മുണ്ടക്കൽ ശേഖരനായ നെപ്പോളിയൻ കുടുംബത്തോടൊപ്പം ഇപ്പോൾ അമേരിക്കയിലാണ് താമസം.  പതിനാല് വർഷങ്ങൾക്ക് മുൻപ് മകൻ ധനുഷിന്റെ  ചികിത്സയ്ക്ക് വേണ്ടിയാണ് നെപ്പോളിയനും കുടുംബവും അമേരിക്കയിലെത്തിയത്.  മകൻ മസ്കുലർ ഡിസ്ട്രോഫി രോഗബാധിതനാണ്. കുടുംബസമേതം യുഎസിലേക്കു താമസം മാറിയ താരം പിന്നീട് അവിടെ വീട് വാങ്ങി സ്ഥിരതാമസമാവുകയായിരുന്നു.  മുൻ കേന്ദ്രമന്ത്രി എന്ന നിലയിൽ കൂടി പ്രശസ്തനായ നെപ്പോളിയൻ ഇപ്പോൾ 300 ഏക്കർ വരുന്ന കൃഷിയിടത്തിൽ പച്ചക്കറിക്കൃഷിയും പശു ഫാമും വൈൻ ഉൽപാദനവുമൊക്കെയായി ആഡംബര ജീവിതം നയിക്കുകയാണ്.

English Summary:

Actor Nepoleon's 60th birthday celebration Silk Sare

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com