കുട്ടികളുടെ ദുഃഖം എനിക്കറിയാം, എന്റെ 22 പശുക്കളാണ് അന്നു ചത്തുവീണത്: ജയറാം
Mail This Article
അരുമയായി വളര്‍ത്തിയ കന്നുകാലികള്‍ കണ്‍മുന്നില്‍ ചത്തുവീണതിന്റെ സങ്കടം താനും അനുഭവിച്ചിട്ടുണ്ടെന്ന് നടൻ ജയറാം. തന്റെ 22 പശുക്കളാണ് ഒറ്റ ദിവസം ചത്തു പോയതെന്നും അന്ന് നിലത്തിരുന്നു കരയാനേ സാധിച്ചുള്ളൂവെന്നും ജയറാം പറയുന്നു. ഇടുക്കി വെള്ളിയാമറ്റത്ത് അരുമയായി വളര്‍ത്തിയ 13 കന്നുകാലികള്‍ കണ്‍മുന്നില്‍ ചത്തുവീണതിന്റെ സങ്കടത്തില്‍ കഴിയുന്ന കുട്ടിക്കർഷകരെ നേരിൽ കണ്ട് ആശ്വസിപ്പിക്കുമെന്നും സഹായമെത്തിക്കുമെന്നും ജയറാം പറഞ്ഞിരുന്നു.
വെള്ളിയാമറ്റം കിഴക്കേപറമ്പിൽ മാത്യു ബെന്നി (15) വളർത്തിയിരുന്ന 13 കാലികള്‍ കഴിഞ്ഞ ദിവസം ചത്തത് വാര്‍ത്തയായിരുന്നു. മാത്യു, സഹോദരങ്ങളായ ജോർജ്, റോസ് മേരി, അമ്മ ഷൈനി എന്നിവരുടെ ഏക ഉപജീവനമാർഗമായിരുന്നു അവ. കപ്പത്തൊലി കഴിച്ചതാണ് മരണ കാരണമെന്നാണ് കരുതുന്നത്. ഈ വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെയാണ് കുട്ടികര്‍ഷകര്‍ക്കു സഹായവുമായി ജയറാം എത്തിയത്. ജയറാമിനൊപ്പം അബ്രഹാം ഓസ്‌ലര്‍ എന്ന ചിത്രത്തിന്റെ അണിയറ പ്രവർത്തകരും ചേർന്നാണ് സഹായം നല്‍കുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ചിനു വേണ്ടി മാറ്റി വച്ച പണമാണ് കുട്ടികള്‍ക്കു നല്‍കുന്നത്. ഇന്നു രാവിലെ ജയറാം കുട്ടികളുടെ വീട്ടിലെത്തി പണം കൈമാറി.
‘‘കാലിത്തൊഴുത്തുള്ള ആളാണ് ഞാനും. 2005 ലും 2012 ലും കേരള സര്‍ക്കാരിന്റെ മികച്ച ക്ഷീരകര്‍ഷകനുള്ള പുരസ്‌കാരം എനിക്കു ലഭിച്ചിട്ടുണ്ട്. ഷൂട്ടിങ് ഇല്ലാത്ത സമയത്ത് ഫാമിലാണ് ഞാന്‍ ഭൂരിഭാഗ സമയവും ചെലവഴിക്കാറുള്ളത്. ഈ കുഞ്ഞുങ്ങള്‍ക്കുണ്ടായതിനു സമാനമായ അനുഭവം ആറേഴു വര്‍ഷം മുന്‍പ് എനിക്കും ഉണ്ടായിട്ടുണ്ട്. എന്റെ 22 പശുക്കളാണ് ഒറ്റ ദിവസം ചത്തു പോയത്.
എന്റെ ഫാമില്‍ ഞാൻ ഉണ്ടായിരുന്ന സമയത്താണ് പെട്ടന്നൊരു ക്ടാവ് നിലത്തുവീണ് വയറുവീർത്ത് ചാവുന്നത്. അന്ന് 22 പശുക്കളാണ് രാവിലെ മുതൽ വൈകുന്നേരം വരെ അന്ന് ചത്തു വീണത്. പുല്ലില്‍ നിന്നോ അല്ലെങ്കിൽ ഏതെങ്കിലും ഇലയിൽ നിന്നോ വരുന്ന വിഷാംശം കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് പറയുന്നു. എന്റെ വീട്ടിൽ അങ്ങനെ വിഷമടിച്ച് ഒരു പുല്ലും വളർത്തിയിട്ടുമില്ല. എറണാകുളത്തു നിന്ന് ഡോക്ടേഴ്സ് വന്നു. ഒരാഴ്ച എടുത്തു ഇതിന്റെ രക്തഫലം മറ്റും വരാൻ. അവരും വിഷാംശം എന്നു പറഞ്ഞതല്ലാെത പ്രതിവിധിയൊന്നും ഉണ്ടായില്ല.
എന്റെ വീട്ടിലെ ഓരോ പശുക്കളെയും ആരെങ്കിലും കാശ് കൊടുത്ത് മേടിച്ചിട്ടുള്ളതല്ല. എല്ലാം ഞാനും എന്റെ ഭാര്യയും മക്കളും പോയി നോക്കി മേടിച്ചതാണ്. ഇതിന് ഓരോന്നിനും പേരിട്ടുള്ളത് എന്റെ മോനും മോളുമാണ്. 22 പശുക്കളെയും ജെസിബി ഉപയോഗിച്ച് കുഴിച്ചു മൂടുന്ന സമയത്ത് ഞാനും എന്റെ ഭാര്യയും ജീവിതത്തിൽ ഏറ്റവും കൂടുതൽ കരഞ്ഞ സമയം അതായിരിക്കാം.
ഈ മക്കളുടെ കാര്യവും അങ്ങനെ തന്നെയാണ്. രാവിലെ പത്രം തുറന്നപ്പോൾ സഹിക്കാൻ പറ്റിയില്ല. എന്റെ സിനിമയായ അബ്രഹാം ഓസ്‌ലറുടെ ട്രെയിലർ ലോഞ്ച് നാളെ നടത്താൻ തീരുമാനിച്ചിരുന്നു. ലോഞ്ച് ചെയ്യാനിരുന്നത് പൃഥ്വിരാജാണ്. രാവിലെ പൃഥ്വിയെ വിളിച്ചു, നിർമാതാവിനെയും സംവിധായകനെയും വിളിച്ചു. നാളെ ഈ ചടങ്ങ് നടത്താതിരുന്നാൽ അഞ്ച് ലക്ഷം രൂപയെങ്കിലും മാറ്റിവയ്ക്കാനാകും. ഈ കുഞ്ഞുങ്ങൾക്കൊരു പത്ത് പശുവിനെയെങ്കിലും ആ പൈസ വച്ച് മേടിക്കാൻ സാധിച്ചാൽ അതല്ലേ സന്തോഷം. ഇവരെ നേരിട്ട് വന്ന് സമാധാനിപ്പക്കണം എന്നും എനിക്കുണ്ടായിരുന്നു. ഇവിടെ തന്നെ 100 പശുക്കളെ വളർത്താനുള്ള തൊഴുത്ത് ദൈവം ഉണ്ടാക്കിത്തരട്ടെ.
കേരള ഫീഡ്‌സിന്റെ ബ്രാൻഡ് അംബാസിഡര്‍ കൂടിയാണ്. കേരള സര്‍ക്കാരിനെ പ്രതിനിധീകരിച്ച്, കാലിവളര്‍ത്തുമായി ബന്ധപ്പെട്ട ധാരാളം ക്ലാസുകളൊക്കെ എടുത്തിട്ടുണ്ട്. മന്ത്രി ചിഞ്ചുറാണിയെല്ലാം നല്ല പിന്തുണയാണ് നല്‍കുന്നത്.’’ ജയറാം പറഞ്ഞു.