ഷെയ്ന്‍ ഇനി വേണ്ട എന്നായിരുന്നു അവരുടെ തീരുമാനം, പ്രശ്നത്തിനു കാരണം: ഇടവേള ബാബു പറയുന്നു
Mail This Article
വളരെയധികം തെറ്റിദ്ധരിക്കപ്പെട്ടിട്ടുള്ള യുവ നടനാണ് ഷെയ്ന്‍ നിഗമെന്ന് ഇടവേള ബാബു. ഷെയ്ന്‍ നിഗമിന് സിനിമാ സംഘടനകള്‍ വിലക്ക് ഏര്‍പ്പെടുത്തിയപ്പോഴും എല്ലാവരും എതിരുനിന്നപ്പോഴും നടനൊപ്പം നിന്ന് വിലക്ക് പിന്‍വലിക്കാന്‍ മുന്‍കൈ എടുത്ത ആളാണ് ഇടവേള ബാബു. ജീവിതാനുഭവങ്ങള്‍ ഇല്ലാത്തതാണ് ഷെയ്‌നിന്റെ പ്രശ്‌നമെന്നും അതാണ് അയാളെ കുഴപ്പങ്ങളില്‍ കൊണ്ട് ചെന്നെത്തിക്കുന്നതെന്നാണ് ഇടവേള ബാബുവിന്റെ അഭിപ്രായം. കാൻ ചാനൽ മീഡിയയോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘‘ഷെയ്നോടുള്ള അടുപ്പം അബിയോടുള്ള അടുപ്പമാണ്, ആ കുടുംബത്തോടുള്ള അടുപ്പമാണ്. വളരെ തെറ്റിദ്ധരിക്കപ്പെട്ടൊരു പയ്യനാണ് ഷെയ്ന്‍ നിഗം. പുതിയ തലമുറയ്ക്ക് ഇല്ലാത്ത ഒരു കാര്യമാണ് ഷെയ്നിന്റെ പ്രശ്‌നങ്ങള്‍ക്ക് കാരണം, അനുഭവങ്ങള്‍. ജീവാതാനുഭവങ്ങള്‍ ഇല്ലാത്തതാണ് പ്രശ്‌നം.
നമുക്ക് ജീവിതത്തില്‍ ഒരുപാട് അനുഭവങ്ങളും മറ്റുള്ളവരുടെ വേദനകള്‍ അറിയാനുള്ള അവസരങ്ങളും ഉണ്ടായാല്‍ നമ്മള്‍ എന്ത് കാര്യത്തിലാണെങ്കിലും ഒരു മിനിറ്റ് ചിന്തിക്കും. സെറ്റില്‍ നമുക്ക് ഒരുപാട് പ്രശ്നങ്ങളുണ്ടാകും, അതില്‍ നമ്മള്‍ പ്രതികരിക്കുമ്പോള്‍ അത് എത്രമാത്രം ആളുകളെ വേദനിപ്പിക്കും എന്നൊന്ന് ചിന്തച്ചാല്‍ നമുക്ക് അത് ഒഴിവാക്കാന്‍ കഴിയും.
ഷെയ്ന്റെ കാര്യത്തില്‍, അവന്‍ മനസില്‍ ചിന്തിക്കുന്നത് ആയിരിക്കില്ല പുറത്തേക്ക് വരുന്നത്. ഷെയ്ന്‍ പല പ്രശ്‌നങ്ങളുടെയും ഇടയിലാണ് ‘അമ്മ’യിലേക്ക് വരുന്നതും. അത് സോള്‍വ് ചെയ്ത് വന്നപ്പോഴാണ് അടുത്ത പ്രശ്‌നം. എല്ലാവരും ഒന്നടങ്കം ഷെയ്നിനെ എതിര്‍ത്തു. ഷെയ്ന്‍ ഇനി വേണ്ട എന്നായിരുന്നു നിർമാതാക്കളുടെ സംഘടനയുടെ തീരുമാനം.
അപ്പോള്‍ ബാബുരാജ് ആണ് എന്നോട് പറഞ്ഞത്, ‘എന്തിനാണ് ഒരു പയ്യന്റെ ഭാവി കളയുന്നതെന്ന്’. അങ്ങനെ ലോകത്ത് ഒരാളും ചെയ്യാത്ത രീതിയില്‍ ഒരു സംഘടന നടനെ ഏറ്റെടുക്കുകയായിരുന്നു. ആറ് മാസത്തേക്ക് ഷെയ്നിന്റെ എല്ലാ കാര്യങ്ങളും നോക്കിക്കോളാം എന്നാണ് ഞാന്‍ പറഞ്ഞത്. എന്നാല്‍ ഒരു വര്‍ഷം വേണമെന്ന് നിർമാതാക്കൾ പറഞ്ഞു.
പക്ഷേ നമ്മള്‍ കൃത്യമായി ഒരു ഗൈഡ്‌ലൈന്‍ കൊടുത്തപ്പോള്‍ ശരിയായി. അങ്ങനെയൊരു ഗൈഡ്‌ലൈന്‍ ഇല്ലാത്തത് ആയിരുന്നു ഷെയ്നിന്റെ പ്രശ്‌നം. അല്ലാതെ നല്ല പയ്യനാണ്, നല്ല നടനാണ്, എനിക്ക് ഒരുപാട് പ്രതീക്ഷകളുള്ള നടനാണ്. മറ്റു ഭാഷകളില്‍ നിന്ന് വരെ ഷെയ്നിന്റെ ഡേറ്റ് ചോദിച്ച് എന്നെ വിളിക്കുന്നുണ്ട്.’’ ഇടവേള ബാബു പറയുന്നു.