ADVERTISEMENT

മലയാളത്തിന്റെ ഹാസ്യസാമ്രാട്ട് ജഗതി ശ്രീകുമാറിന് ഇന്നു പിറന്നാൾ. ജഗതി മലയാളസിനിമയിൽനിന്നു വിട്ടു നിന്നിട്ട് 11 വർഷങ്ങൾ പിന്നിടുന്നു. ആരോഗ്യം വീണ്ടെടുത്ത് അദ്ദേഹം വെള്ളിത്തിരയിൽ നിറഞ്ഞാടട്ടെ എന്നാണ് അദ്ദേഹത്തെ സ്നേഹിക്കുന്നവർ ആശംസിക്കുന്നത്. സ്വാഭാവിക അഭിനയം കൊണ്ട് അഭ്രപാളിയെ വിസ്മയിപ്പിച്ച ജഗതിയുടെ കഥാപാത്രങ്ങളെ ഒരിക്കലും മലയാളി മറക്കാനിടയില്ല. 

1951 ജനുവരി അഞ്ചിന് തിരുവനന്തപുരത്തെ ജഗതിയിലാണു ശ്രീകുമാർ ജനിച്ചത്. നാടകാചാര്യനും എഴുത്തുകാരനുമായിരുന്ന ജഗതി എൻ.കെ.ആചാരിയുടെ മകനാണ്. സ്കൂൾ കാലം മുതൽ നാടകങ്ങളിൽ‌ അഭിനയിച്ചിരുന്നു. പഠനശേഷം കുറച്ചു നാള്‍ മെഡിക്കല്‍ റെപ്രസന്റേറ്റിവായി ജോലി ചെയ്തു. കെ.എസ്.സേതുമാധവന്റെ കന്യാകുമാരി (1974) ആണ് ആദ്യ ചിത്രം. 1975 ല്‍ റിലീസായ ചട്ടമ്പിക്കല്യാണിയിലെ വേഷം ശ്രദ്ധിക്കപ്പെട്ടു. 1500 ലേറെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. 

2012 മാർച്ച് 10 ന് മലപ്പുറത്തുവച്ചുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റതിനു ശേഷം സിനിമയിൽനിന്നു വിട്ടുനിൽക്കുകയാണ്. സിനിമയിൽ സജീമല്ലെങ്കിലും ഇന്നും അദ്ദേഹത്തിന്റെ കഥാപാത്രങ്ങളിലൂടെ മലയാളി നസ്സുകളിൽ ജഗതി നിറഞ്ഞു നില്‍ക്കുന്നു. മൂന്നു വർഷം മുമ്പ് രണ്ടു പരസ്യ ചിത്രങ്ങളിൽ അഭിനയിച്ച അദ്ദേഹം കഴിഞ്ഞ വർഷം മമ്മൂട്ടി നായകനായെത്തിയ സിബിഐ അഞ്ചാം ഭാഗത്തിൽ പ്രത്യക്ഷപ്പെട്ടിരുന്നു.

അമ്പിളിക്കല മാഞ്ഞ ആകാശം കണക്കെ, അമ്പിളിച്ചേട്ടനില്ലാതെ മലയാള സിനിമ മുന്നോട്ട് നീങ്ങുന്നു. ചെറു നക്ഷത്രങ്ങൾ പലതും ഇടയ്ക്ക് മിന്നിത്തെളിയുന്നുണ്ട്. എന്നാലും അമ്പിളി കണക്കെ പുഞ്ചിരി തൂകി ആരെയും മയക്കാൻ അവർക്കായില്ലെന്നതാണ് സത്യം. സിനിമയിൽ മാറ്റങ്ങളുടെ കാലമായിരുന്നു. ഏറെയും ചെറുപ്പക്കാരുടെ പരീക്ഷണ ചിത്രങ്ങൾ. ജഗതി ആരോഗ്യത്തോടെ ഉണ്ടായിരുന്നുവെങ്കിൽ ഇത്തരം ചിത്രങ്ങളുടെ ഭാഗമായി പ്രേക്ഷകരെ വിസ്മയിപ്പിക്കും എന്നത് ഉറപ്പ്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ അസാന്നിധ്യം മലയാളസിനിമയ്ക്ക് തീരാത്ത നഷ്ടം തന്നെ.

ജഗതിക്കു പകരം വെയ്ക്കാൻ ജഗതി മാത്രമേയുള്ളൂ. അദ്ദേഹത്തിനൊരു പകരക്കാരനെ സ്വപ്നം കാണാൻ പോലും പറ്റില്ല. ചിലപ്പോഴൊക്കെ ജഗതിയുടെ കാലം കഴിഞ്ഞെന്ന മട്ടിൽ വാർത്തകൾ വന്നു. പക്ഷേ, അങ്ങനെ കരുതിയവരെപ്പോലും വിസ്മയിപ്പിച്ച് സ്വന്തമൊരിടം മലയാള സിനിമയിൽ സൃഷ്ടിക്കുകയും ഇപ്പോഴും അതേപടി കാത്തുസൂക്ഷിക്കുകയും ചെയ്യുന്നുണ്ട് അദ്ദേഹം.

അടൂർ ഭാസിയും ബഹദൂറുമൊക്കെ അരങ്ങുവാണിരുന്ന കാലത്താണ് ജഗതി സിനിമയിൽ വരുന്നത്. പപ്പു, മാള അരവിന്ദൻ, മാമുക്കോയ, ജഗദീഷ്, കലാഭവൻ മണി, സലിംകുമാർ, സുരാജ് വെഞ്ഞാറമൂട് തുടങ്ങി നിരവധി ആളുകൾ ഹാസ്യത്തിന്റെ വഴിയേ വന്നു. ഇവരെല്ലാം പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയവർ തന്നെയാണ്. എന്നാൽ ജഗതിയെപ്പോലെ ജഗതി മാത്രം. 

മോഹൻലാൽ, ശ്രീനിവാസൻ, ജയറാം, ദിലീപ് എന്നിവർ നായകവേഷത്തോടൊപ്പം തന്നെ കോമഡിയും ചെയ്യുന്നവരായിരുന്നു. പക്ഷേ, ഇവരുടെ ശ്രദ്ധേയമായ കോമഡി വേഷങ്ങൾ പരിശോധിച്ചാൽ മറ്റൊരു സത്യം വെളിപ്പെടും. ആ സിനിമകളിലെല്ലാം കൂടെ അഭിനയിക്കാൻ ജഗതിയുമുണ്ടായിരുന്നു! പ്രതിഭകൾ ഒന്നിക്കുമ്പോൾ ഒരാൾ മറ്റൊരാൾക്ക് പ്രചോദനമാകുന്നു എന്നർഥം. നമ്മളെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ജഗതി വീണ്ടും സിനിമയില്‍ തിരിച്ചെത്തണമെന്നാണ് മലയാളികളുടെ മുഴുവൻ പ്രാർഥന.

English Summary:

Jagathy Sreekumar celebrates 73rd birthday

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com