അവിശ്വസനീയമായ പ്രഭാവലയം: നരേന്ദ്ര മോദിയെക്കുറിച്ച് മാധവ് സുരേഷ്
Mail This Article
പ്രധാനമന്ത്രി മോദിയുടെ അവിശ്വസനീയമായ പ്രഭാവലയത്തിനു മുന്നിൽ നിൽക്കാൻ കഴിഞ്ഞത് ആവേശകരമായ അനുഭവമായിരുന്നുവെന്ന് സുരേഷ് ഗോപിയുടെ മകൻ മാധവ്. നരേന്ദ്ര മോദിയോടൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് മാധവ് ഇങ്ങനെ കുറിച്ചത്. കഴിഞ്ഞ ദിവസം സുരേഷ് ഗോപിക്കും സഹോദരി ഭാവ്നിക്കുമൊപ്പം മാധവ് നരേന്ദ്ര മോദിയെ സന്ദർശിക്കാനെത്തിയിരുന്നു.
മക്കളോടൊപ്പം മോദിയെ സന്ദർശിച്ച ചിത്രങ്ങൾ സുരേഷ് ഗോപിയും സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. അടിക്കുറിപ്പുകളൊന്നുമില്ലാതെയാണ് താരം ചിത്രങ്ങൾ പങ്കുവച്ചത്.
‘‘ഇത്തരമൊരു അവിശ്വസനീയമായ പ്രഭാവലയത്തിന്റെ സാന്നിധ്യത്തിൽ നിൽക്കാൻ കഴിഞ്ഞതുതന്നെ ആവേശകരമാണ്.’’–മാധവ് സുരേഷ് കുറിച്ചു.
തൃശൂരിൽ മഹിളാമോർച്ച സംഘടിപ്പിച്ച സ്ത്രീസംഗമത്തിൽ പങ്കെടുക്കാനാണ് പ്രധാനമന്ത്രി കേരളത്തിൽ എത്തിയത്. റോഡ് ഷോയിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനൊപ്പം പങ്കെടുത്ത സുരേഷ്‌ഗോപി പിന്നീട് മക്കൾക്കൊപ്പം പ്രധാനമന്ത്രിയെ സന്ദർശിച്ചു.
നേരത്തേ മൂത്ത മകൾ ഭാഗ്യ സുരേഷിന്റെ വിവാഹം ക്ഷണിക്കാൻ സുരേഷ് ഗോപി പ്രധാനമന്ത്രിയെ സന്ദർശിച്ചിരുന്നു. ഭാര്യ രാധികയ്ക്കും മകൾ ഭാഗ്യയ്ക്കുമൊപ്പം ഡൽഹിയിലെത്തിയാണ് അന്ന് ക്ഷണക്കത്ത് നൽകിയത്. താമര രൂപത്തിലുള്ള ഒരു ആറന്മുളക്കണ്ണാടിയും സുരേഷ് ഗോപിയുടെ കുടുംബം പ്രധാനമന്ത്രിക്കു സമ്മാനിച്ചിരുന്നു.
സുരേഷ് ഗോപിയുടെ നാല് മക്കളിൽ ഇളയ ആളാണ് മാധവ്. ‘വരനെ ആവശ്യമുണ്ട്’ എന്ന സിനിമയിൽ അതിഥി വേഷത്തിലാണ് മാധവ് അഭിനയത്തിൽ അരങ്ങേറിയത്. വിന്‍സന്റ് സെൽവ സംവിധാനം ചെയ്യുന്ന ‘കുമ്മാട്ടിക്കളി’ എന്ന ചിത്രത്തിലൂടെ നായകനാകുന്നു. സിനിമ അടുത്ത വർഷം തിയറ്ററുകളിലെത്തും. കൂടാതെ അച്ഛൻ സുരേഷ് ഗോപിക്കൊപ്പം ‘ജെഎസ്കെ’ എന്ന ചിത്രത്തിലും മാധവ് പ്രധാന വേഷത്തിലെത്തുന്നുണ്ട്.