‘ആശാന്റെ മൂക്കിടിച്ചു പരത്തി’; പരുക്ക് പറ്റിയ വിഡിയോയുമായി സിജു വിൽസണ്‍
Mail This Article
പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെ മൂക്കിനു പരുക്കേറ്റ് നടൻ സിജു വിൽസൺ. മൂക്കിന് പറ്റിയ പരുക്കിന് പ്രഥമ ശുശ്രൂഷ നേടുന്ന വിഡിയോ പങ്കുവച്ചുകൊണ്ട് സിജു വിൽസൺ തന്നെയാണ് ഇക്കാര്യം പ്രേക്ഷകരെ അറിയിച്ചത്. ഫൈറ്റ് സീക്വൻസ് ചിത്രീകരിക്കുന്നതിനിടെയാണ് പരുക്കേറ്റതെന്നും സിനിമകളിലെ സംഘട്ടനങ്ങൾ താൻ എപ്പോഴും ആസ്വദിക്കാറുണ്ട്ന്ന് സിജു വിത്സൺ പറയുന്നു. ‘‘ആശാന്റെ മൂക്കിടിച്ചു പരത്തി’’–എന്നായിരുന്നു താരം വിഡിയോയ്ക്കു നൽകിയ അടിക്കുറിപ്പ്.
‘‘എന്റെ സിനിമകളിൽ ഫൈറ്റിങ്ങ് സീക്വൻസുകൾ ചെയ്യാൻ ഞാൻ ഏറെ ഇഷ്ടപ്പെടുന്നു, കാരണം ഇത് സിനിമകളുടെ ഏറ്റവും മികച്ച ഭാഗങ്ങളിലൊന്നായി എനിക്ക് തോന്നുന്നു, ഞാൻ അത് ശരിക്കും ആസ്വദിക്കുന്നു. ചില സമയങ്ങളിൽ എനിക്ക് പരുക്കേൽക്കാറുണ്ട്, പക്ഷേ വേദനയും ഇതിന്റെ ഭാഗമാണ് എന്ന് പറഞ്ഞ് ഞാൻ എന്നെത്തന്നെ മോട്ടിവേറ്റ് ചെയ്യാറുണ്ട്. റിസ്ക് എടുക്കുന്നത് ഒരിക്കലും നിർത്തരുത്.പുതിയ ഉയരങ്ങളിലേക്ക് എത്തിക്കൊണ്ടിരിക്കുക. ഒരു മികച്ച ഫൈറ്റ് കൊറിയോഗ്രാഫി സൃഷ്ടിച്ചതിനു സിൽവ മാസ്റ്ററിന് നന്ദി’’.– സിജു വിൽസൺ കുറിച്ചു.
നവാഗതനായ ഉല്ലാസ് കൃഷ്ണയാണ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് സിജു ഇപ്പോൾ അഭിനയിക്കുന്നത്. സിനിമയുടെ ചിത്രീകരണം കണ്ണൂരില്‍ പുരോഗമിക്കുന്നു. ടൊവിനോ തോമസ് പ്രൊഡക്‌ഷൻസ് അവതരിപ്പിക്കുന്ന ഈ ചിത്രം റിയോണ റോണ പ്രൊഡക്‌ഷൻസിന്റെ ബാനറിൽ ജോൺ കുടിയാൻമല, സജ്മനിസാം, ബാബുപ്രസാദ്, ബിബിൻ ജോഷ്വാ എന്നിവരാണ് നിർമിക്കുന്നത്.
വേല എന്ന ചിത്രത്തിലൂടെ കടന്നുവന്ന നമൃതയാണ് നായിക. സിദ്ദീഖ്, ബാലു വർഗീസ്, ധീരജ് ഡെന്നി, മനോജ് കെ.യു., ലെന എന്നിവരും ഈ ചിത്രത്തിൽ പ്രധാന വേഷമണിയുന്നു. സന്ദീപ് സദാനന്ദനും ദീപു എസ്. നായരുമാണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. സംഗീതം രാഹുൽ രാജ്, ഛായാഗ്രഹണം രവിചന്ദ്രൻ, എഡിറ്റിങ് അഖിലേഷ് മോഹൻ, കോസ്റ്റ്യൂം ഡിസൈൻ അരുൺ മനോഹർ, മേക്കപ്പ് ജിത്തു പയ്യന്നൂർ, പ്രൊഡക്‌ഷൻ മാനേജർ നജീർ, പ്രൊഡക്‌ഷൻ എക്സിക്യൂട്ടീവ് പ്രസാദ് നമ്പ്യാങ്കാവ്, പ്രൊഡക്‌ഷൻ കൺട്രോളര്‍ പ്രശാന്ത് നാരായണൻ. കണ്ണൂരും പരിസരങ്ങളിലുമായി ഈ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയാക്കും. പിആര്‍ഒ വാഴൂര്‍ ജോസ്.