‘ആട്ടം’ അണിയറക്കാരെ വീട്ടിലേക്കു വിളിച്ച് അഭിനന്ദിച്ച് മമ്മൂട്ടി
Mail This Article
വിനയ് ഫോർട്ട്–കലാഭവൻ ഷാജോൺ തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തിയ ‘ആട്ടം’ സിനിമ കണ്ട് മെഗാ സ്റ്റാർ മമ്മൂട്ടി. സിനിമ കണ്ടിഷ്ടപ്പെട്ട മമ്മൂട്ടി അതില്‍ പ്രധാന വേഷങ്ങളിൽ അഭിനയിച്ചവരെ നേരിട്ട് അഭിനന്ദിക്കാന്‍ വീട്ടിലേക്ക് ക്ഷണിച്ചു. ഓരോരുത്തരെയും പേരെടുത്തു പറഞ്ഞ് അഭിനന്ദിക്കുകയും ചെയ്തു. വിനയ് ഫോർട്ട് ആണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്.
‘‘മമ്മൂക്ക...ഈ കരുതലിനും സ്നേഹത്തിനും ഞങ്ങൾക്കു തീർത്താൽ തീരാത്ത നന്ദിയാണ്. ആട്ടം മമ്മൂക്ക കണ്ടു. ഒരുപാട് ഇഷ്ടപ്പെട്ടു. എല്ലാവരോടും വീട്ടിലേക്കു വരാൻ പറഞ്ഞു. ഓരോരുത്തരെയും നിറഞ്ഞ സന്തോഷത്തോടെ അഭിനന്ദിച്ചു. ഞങ്ങൾക്കൊപ്പം നിറഞ്ഞ ചിരിയോടെ വേണ്ടുവോളം ഫോട്ടോകൾ എടുത്തു. ഇതെല്ലാം ഞങ്ങൾക്ക് സ്വപ്നം കാണാവുന്നതിലും അപ്പുറമാണ്. കൈ തന്ന് 'നല്ല സിനിമയാണ് ' എന്ന് സാക്ഷാൽ മമ്മൂക്ക പറഞ്ഞപ്പോൾ ഞങ്ങൾ വീണ്ടും ഓർത്തു - സുകൃതം.
ആട്ടം കാണാത്തവർ നിങ്ങളുടെ തൊട്ടടുത്ത തിയറ്ററുകളിൽ പോയി കാണണമെന്ന് ഞങ്ങൾ എല്ലാവരും അതിയായി ആഗ്രഹിക്കുന്നു. മമ്മൂക്കയ്ക്ക് സിനിമ കാണാൻ എല്ലാ കാര്യങ്ങളും ഒരുക്കിയ ഷാജോൺ ചേട്ടന് ആയിരം ഉമ്മകൾ.’’–വിനയ് ഫോർട്ട് കുറിച്ചു.
തിരുവനന്തരപുരത്ത് സമാപിച്ച രാജ്യാന്തര ചലച്ചിത്രമേളയിൽ ഏറ്റവും കൂടുതൽ പ്രേക്ഷകർ കണ്ട ചിത്രങ്ങളിലൊന്നാണ് ‘ആട്ടം’. മൂന്നു ഷോകളായിരുന്നു ചിത്രത്തിനുണ്ടായിരുന്നത്. അത് മൂന്നും ഹൗസ് ഫുള്‍. 2022-ൽ മമ്മൂട്ടി ചിത്രം ‘നൻപകൽ നേരത്ത് മയക്കത്തിനു’ ലഭിച്ച സമാനമായ സ്വീകരണമാണ് മേളയിൽ ആട്ടത്തിനു ലഭിച്ചത്. മേളയിൽ മികച്ച മലയാള ചിത്രത്തിനുള്ള നെറ്റ്പാക്ക് പുരസ്കാരവും ചിത്രത്തിനു ലഭിച്ചിരുന്നു. സമകാലിക മലയാള സിനിമ വിഭാഗത്തിലായിരുന്നു ചിത്രം മേളയിൽ പ്രദർശിപ്പിച്ചിരുന്നത്.
അജന്ത തിയറ്ററിലെ അവസാന ഷോയ്ക്കു രണ്ടു കിലോമീറ്റോറോളം ക്യൂ നിന്ന് സ്ക്രീനിൽ നിന്ന് മീറ്ററുകൾ മാത്രം അകലെ തറയിലിരുന്ന് സിനിമ പൂർത്തിയാക്കിയ പ്രേക്ഷകൻ എന്ന നിലയിൽ സാക്ഷ്യപ്പെടുത്തുന്നു, ആനന്ദ് ഏകർഷി എന്ന നവാഗത സംവിധായകൻ വരവറിയിച്ചു കഴിഞ്ഞിരിക്കുന്നു. വൈകാരികവും ഉദ്വേഗഭരിതവുമായ ഒട്ടേറെ മുഹൂർത്തങ്ങളിലൂടെ കടന്നുപോകുന്ന ചിത്രം തീർച്ചയായും ഒരു തിയറ്റർ വാച്ചും ബോക്സ്ഓഫിസ് ഹിറ്റും അർഹിക്കുന്നുണ്ട്. ഒരേ സമയം കലാമൂല്യവും കച്ചവടമൂല്യവുംമുള്ള ചിത്രം 90-ലധികം സ്ക്രീനുകളിലായി തെന്നിന്ത്യൻ പ്രേക്ഷക സമക്ഷം എത്തുകയാണ്. തീർച്ചയായും തിയറ്റിൽ തന്നെ കണ്ടിരിക്കേണ്ടാ ചിത്രമാണ് ആട്ടം.
കെ.ജി. ജോർജിന്റെ യവനികയ്ക്കു ശേഷം നാടകത്തിനുള്ള അന്തർനാടകങ്ങളെ ഇത്ര മനോഹരമായി അവതരിപ്പിച്ച മറ്റൊരു സിനിമ മലയാളത്തിൽ ഉണ്ടായിട്ടില്ല എന്ന് നിസംശയം പറയാം. തിരക്കഥയിലും കഥാപാത്ര പരിചരണത്തിലും കയ്യടക്കവും മികവ് പുലർത്തുന്നുണ്ട് സംവിധായകൻ. കോവിഡാനന്തര കാലത്ത് താരങ്ങളില്ലാത്ത സിനിമകൾക്കു പൊതുവെ തിയറ്ററുകളിൽ അത്ര മികച്ച സ്വീകരണമല്ല ലഭിക്കുന്നത്. പുതുവർഷത്തിൽ ‘ആട്ട’ത്തിലൂടെ അതിനൊരു മാറ്റം വന്നാൽ നവാഗതരായ കലാകാരൻമാർക്ക് അത് വലിയൊരു പ്രചോദനമായി മാറും. കലാഭവൻ ഷാജോൺ, വിനയ് ഫോർട്ട് തുടങ്ങി ചിത്രത്തിൽ ചെറുതും വലുതുമായ വേഷങ്ങൾ ചെയ്ത എല്ലാവരും തകർത്താടിയിരിക്കുകയാണ്. സ്ത്രീ കഥാപാത്രങ്ങൾ നന്നേ കുറവുള്ള ചിത്രത്തിലെ നായിക സെറിൻ ഷിഹാബ് അഞ്ജലിയെന്ന കേന്ദ്രകഥാപാത്രത്തിലേക്കുള്ള പകർന്നാട്ടം മനോഹരമാക്കുന്നു.
ആൺനോട്ടങ്ങളെയും ആൺകാമനകളെയും വിമർശന വിധേയമാക്കുന്ന ചിത്രം സമീപകാലത്ത് ഇറങ്ങിയ മികച്ച സ്ത്രീപക്ഷ സിനിമകളിലൊന്നു കൂടിയാണ്. ‘തിയറ്റർ’ എന്ന സാങ്കേതത്തെ ഫലപ്രദമായി ഉപയോഗിചിട്ടുള്ള സംവിധായകന്റെ ക്രാഫ്റ്റ് തന്നെയാണ് ചിത്രത്തെ വ്യത്യസ്ത ചലച്ചിത്ര അനുഭവമാക്കി മാറ്റുന്നത്. എല്ലാ കഥാപാത്രങ്ങൾക്കും കൃത്യമായ സ്ക്രീൻ സ്പേസ് നൽകിയാണ് സിനിമയുടെ തിരക്കഥ രൂപപ്പെടുത്തിയിരിക്കുന്നത്. ഒരേ സമയം പൊളിറ്റിക്കലും ത്രില്ലറുമാണ് ചിത്രം. പൂണൈ രാജ്യന്തര ചലച്ചിത്ര മേളയിൽ ഇന്ത്യൻ പനോരമയിലെ ഉദ്ഘാടന ചിത്രവും ആട്ടമായിരുന്നു. മുംബൈ ജിയോ മാമി മേളയിലും ലൊസാഞ്ചലസ് മേളയിലും ചിത്രം പ്രദർശിപ്പിച്ചിരുന്നു.