ADVERTISEMENT

ചേട്ടന്റെ സിനിമയുടെ ഡബ്ബിങ്ങിന് ഓട്ടോ വിളിച്ചെത്തിയ ധ്യാൻ ശ്രീനിവാസന്റെ വിഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറൽ. ബിഎംഡബ്ല്യു അടക്കമുള്ള ആഡംബര വാഹനങ്ങൾ സ്വന്തമായുള്ള ധ്യാനിന്റെ വരവ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത് വിനീത് ശ്രീനിവാസൻ തന്നെയാണ്. പ്രിന്‍റഡ് ഷര്‍ട്ടും ഷോര്‍ട്സും ധരിച്ച് സിംപിള്‍ ലുക്കിലായിരുന്നു ധ്യാനിന്‍റെ വരവ്. ഓട്ടോക്കൂലി നല്‍കാന്‍ ധ്യാന്‍ ഡ്രൈവറോട് ഫോണ്‍ നമ്പര്‍ ചോദിക്കുന്നതും വിഡിയോയില്‍ കാണാം. ചിത്രത്തിന്‍റെ നിർമാതാവ് വിശാഖ് സുബ്രഹ്മണ്യത്തെ ടാഗ് ചെയ്തു വിനീത് ശ്രീനിവാസനാണ് ഇന്‍സ്റ്റഗ്രാമില്‍ വിഡിയോ പങ്കുവച്ചത്.

വർഷങ്ങൾക്കു േശഷം’ എന്ന സിനിമയുടെ ചിത്രീകരണം അടുത്തിടെ പൂര്‍ത്തിയായിരുന്നു. ഇതിനു പിന്നാലെ അഭിനേതാക്കളുടെ ഡബ്ബിങ് ജോലികള്‍ ചെന്നൈയില്‍ ആരംഭിച്ചു. ധ്യാനിന്റെ വിഡിയോ വൈറലായതോടെ രസകരമായ കമന്‍റുകളുമായി ആരാധകരുമെത്തി. ‘മീൻ മേടിക്കാൻ വരണ പോലെയാണ് ചെക്കൻ ഡബ്ബിങ്ങിന് വരുന്നത്’, ‘ധ്യാൻ ചേട്ടൻ മാസ്സ്’, ‘ധ്യാൻ സിംപിൾ ആണ്, ബട്ട് പവർഫുൾ’ തുടങ്ങിയ കമന്റുകളാണ് വിഡിയോയ്ക്കു ലഭിക്കുന്നത്.

തടി കുറച്ച് പുതിയ മേക്കോവറിലാണ് ധ്യാൻ ഈ ചിത്രത്തിലെത്തുന്നത്. ‘തടി കുറച്ചു വന്നില്ലെങ്കിൽ വേറെ ആളെ വച്ച് ഈ വേഷം തീര്‍ക്കു’മെന്ന ചേട്ടന്റെ ‘ഭീഷണി’ക്കു വഴങ്ങിയാണ് ധ്യാൻ ദിവസങ്ങൾക്കുള്ളിൽ ഈ മേക്കോവറിലേക്കെത്തിയത്.

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ‘തിര’ എന്ന ചിത്രത്തിലൂടെയാണ് ധ്യാൻ അഭിനയരംഗത്തെത്തുന്നത്. ചിത്രത്തിലെ ധ്യാനിന്റെ അഭിനയവും ഏറെ ശ്രദ്ധിക്കപ്പെട്ടു. പിന്നീട് വിനീത് നാല് സിനിമകൾ സംവിധാനം ചെയ്തെങ്കിലും അതിലൊന്നും ധ്യാൻ അഭിനയിച്ചിട്ടില്ല. ‘തിര’ പുറത്തിറങ്ങി പത്തു വർഷങ്ങൾക്കുേശഷം വിനീതും ധ്യാനും വീണ്ടും ഒന്നിക്കുകയാണ്.

വിനീത് ശ്രീനിവാസൻ തന്നെ തിരക്കഥ ഒരുക്കുന്ന ‘വർഷങ്ങൾക്കു േശഷം’ എന്ന സിനിമയിൽ പ്രണവിനും ധ്യാനിനുമൊപ്പം നിവിൻ പോളിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അജു വർഗീസ്, കല്യാണി പ്രിയദർശൻ, ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ, നീരജ് മാധവ്, നീത പിള്ള, അർജുൻ ലാൽ, അശ്വത് ലാൽ, കലേഷ് രാംനാഥ്, ഷാൻ റഹ്മാൻ എന്നിങ്ങനെ വലിയ താരനിര തന്നെയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.

English Summary:

Dhyan Sreenivasan arrives in an auto-rickshaw for the dubbing of Varshangalkku Shesham

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com