എന്തുകൊണ്ട് ഓസ്ലറിൽ അതിഥിയായി?; മറുപടിയുമായി മമ്മൂട്ടി
Mail This Article
‘എബ്രഹാം ഓസ്‌ലറില്‍’ അതിഥിയായെത്തിയത് ജയറാമിനു വേണ്ടി മാത്രമല്ല ആ കഥാപാത്രത്തെ കൂടി ഇഷ്ടപ്പെട്ടതുകൊണ്ടാണെന്ന് മമ്മൂട്ടി. സിനിമ ഒരു ഭാരമാണെങ്കിൽ താൻ എന്നേ ആ ഭാരം ഇറക്കി വയ്ക്കുമായിരുന്നെന്നും ഇപ്പോഴും കഥാപാത്രങ്ങളോടുള്ള ആർത്തി തനിക്ക് അവസാനിച്ചിട്ടില്ല എന്നും മമ്മൂട്ടി പറഞ്ഞു. അബ്രഹാം ഓസ്‌ലറിന്റെ പ്രസ്മീറ്റില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം
‘‘എന്നെ വിളിക്കാതെ ജയറാം ഒരുപാട് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. കഥാപാത്രത്തിനാണ് ആത്യന്തികമായി മുൻഗണന. കൂടെ അഭിനയിക്കുന്ന മറ്റുള്ളവർ എല്ലാം നമ്മുടെ സുഹൃത്തുക്കളാണ്. ജയറാം കുറച്ചു കൂടുതൽ സൗഹൃദം ഉള്ള ആളാണ്. ജയറാമിനു വേണ്ടി വന്ന് അഭിനയിച്ചു എന്ന് പറയുന്നുവെങ്കിൽ അതിൽ സന്തോഷമേ ഉള്ളൂ. ചെയ്യണം എന്ന് ആഗ്രഹിച്ചു ചെയ്യുന്ന സിനിമകളാണ് ഓരോന്നും. ചില സമയത്തൊക്കെ നമ്മുടെ തീരുമാനങ്ങൾ ശരിയാകാറില്ല എന്നേ ഉള്ളൂ. ഈ സിനിമയുടെ കഥാപാത്രം തന്നെയാണ് എന്നെ ആകർഷിച്ചത്. ആദ്യം ഒരു ഔട്ട്‌ലൈൻ പറഞ്ഞപ്പോൾ ഞാൻ ചോദിച്ചു, ‘‘ഈ കഥാപാത്രം ഞാൻ ചെയ്താൽ ശരിയാകുമോ?’’. മിഥുൻ പറഞ്ഞു, ‘‘ഹെവി ആയിരിക്കും’’. പിന്നെ കുറെ കഴിഞ്ഞപ്പോഴാണ് തീരുമാനമായത്.
സൂപ്പർ സ്റ്റാറുകൾക്ക് ഇന്നത് ചെയ്യാം, ഇന്നത് ചെയ്യാൻ പാടില്ല എന്നൊന്നും ഇല്ലലോ?. ഓരോരുത്തർക്കും അവരവരുടെ താല്പര്യം ഇല്ലേ. ഞാൻ ഈ മെഗാസ്റ്റാർ എന്നുപറഞ്ഞ് നടക്കുന്ന ആളുമല്ല. എനിക്ക് ഇപ്പോഴും കഥാപാത്രങ്ങളോടുള്ള ആർത്തി അവസാനിച്ചിട്ടില്ല. ‘കാതൽ’ എന്ന സിനിമ ചെയ്യുന്നതിന് മുൻപ് ഞാൻ ചെയ്ത ‘പേരൻപ്’ എന്ന സിനിമയിൽ എന്റെ കഥാപാത്രം വിവാഹം കഴിക്കുന്നത് ആരെയാണെന്ന് ഓർത്തുനോക്കൂ. ഞാൻ നടൻ ആകാൻ ആഗ്രഹിച്ച ആളാണ്. ഇപ്പോഴും ആ ആഗ്രഹം കൊണ്ടുനടക്കുന്ന ആളാണ്. ആ ആഗ്രഹം ഇതുവരെയും പൂർത്തിയായിട്ടില്ല എന്നേ ഉള്ളൂ.
ജയറാുമായുള്ള വ്യക്തി ബന്ധം എന്നുപറഞ്ഞാൽ, ജയറാം പണ്ട് സിനിമയിൽ അഭിനയിക്കുന്നതിന് മുൻപേ എന്റെ വീടിന്റെ അടുത്തുള്ള സുഹൃത്തിന്റെ വീട്ടിൽ വന്നു താമസിച്ച്, വെളുപ്പാൻ കാലത്ത് എന്റെ വീട്ടിൽ വന്ന് എന്നോടൊപ്പം ഫോട്ടോ എടുത്തിട്ടുള്ള ആളാണ്. അന്ന് മുതലേ ജയറാമിനെ അറിയാം.
ഈ പ്രായത്തിലും ഓടി നടന്ന് സിനിമയിൽ അഭിനയിക്കാനും പരിപാടികളിൽ പങ്കെടുക്കാനും എനിക്ക് എനർജി കിട്ടുന്നത് എന്നെ കാണാൻ എത്തുന്ന പ്രേക്ഷകരിൽ നിന്നാണ്. നിങ്ങളാണ് എന്റെ എനർജി. നാൽപത്തിരണ്ടു വർഷമായി സിനിമയിൽ. ഇതൊരു ഭാരമാണെങ്കിൽ ഇത് ഞാൻ എവിടെയെങ്കിലും ഇറക്കി വയ്ക്കില്ലേ, ഈ ഭാരം ചുമക്കുന്ന സുഖമാണ് എന്റെ സുഖം.’’– മമ്മൂട്ടി പറയുന്നു.