ബജറ്റ് 550 കോടി; ‘ശക്തിമാൻ’ നിർത്തിവച്ചു?: വിശദീകരണവുമായി സോണി
Mail This Article
രൺവീർ സിങ്ങിനെ നായകനാക്കി ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന ‘ശക്തിമാൻ’ എന്ന ചിത്രം താൽക്കാലികമായി നിർത്തിവച്ചെന്ന വാർത്തയിൽ പ്രതികരണവുമായി സോണി പിക്ചേഴ്സിന്റെ ജനറൽ മാനേജറും ഹെഡുമായ ലാഡ സിങ്. വാർത്ത തെറ്റാണെന്നും ശക്തിമാൻ പ്രോജക്ട് ഓൺ ആണെന്നും ലാഡ സിങ് ഇൻസ്റ്റഗ്രാമിൽ അറിയിച്ചു.
കഥ രൺവീർ സിങ്ങിന് ഇഷ്ടപ്പെട്ടെന്നും എന്നാല്‍ ചെലവായി കണക്കാക്കുന്ന 550 കോടിയോളം രൂപ മുടക്കുന്നത് ഇന്നത്തെ സാഹചര്യത്തിൽ നഷ്ടമാകുമെന്നും സോണി വിലയിരുത്തിയെന്നായിരുന്നു വാർത്തയിൽ പറഞ്ഞിരുന്നത്. ബേസിൽ ജോസഫിന്റെ ബോളിവുഡ് അരങ്ങേറ്റം കൂടിയാകും ഈ ചിത്രം. രവി വർമനാണ് സിനിമയുടെ ഛായാഗ്രാഹകൻ.
ദൂരദര്‍ശനില്‍ സംപ്രേഷണം ചെയ്‍തിരുന്ന ജനപ്രിയ പരമ്പര ‘ശക്തിമാന്റെ’ ചലച്ചിത്രരൂപമാണ് രൺവീറിനെ നായനാക്കി ഒരുങ്ങുന്നത്. പരമ്പരയിൽ ശക്തിമാനായി വേഷമിട്ടത് മുകേഷ് ഖന്നയാണ്. 1997 മുതല്‍ 2000 ന്റെ പകുതി വരെയായിരുന്നു 450 എപ്പിസോഡുള്ള 'ശക്തിമാൻ' സംപ്രേഷണം ചെയ്‍തത്.
തൊണ്ണൂറുകളില്‍ ആരാധകര്‍ ഏറ്റെടുത്ത അമാനുഷിക നായകൻ വെള്ളിത്തിരയിലേക്ക് എത്തുമ്പോള്‍ എന്തൊക്കെ മാറ്റങ്ങളുണ്ടാകുമെന്നാണ് കണ്ടറിയേണ്ടത്.