പുത്രനും വിനീതിനുമൊപ്പം ‘വർഷങ്ങൾക്കു ശേഷം’ ഒരു നിവിൻ പോളി സെൽഫി
Mail This Article
‘പുത്രനും വിനീതിനുമൊപ്പം’.... അൽഫോൻസ് പുത്രനും വിനീത് ശ്രീനിവാസനുമൊപ്പമുള്ള ചിത്രത്തിന് നിവിൻ പോളി പേരിട്ടത് അങ്ങനെയാണ്. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ‘വർഷങ്ങൾക്കു ശേഷം’ എന്ന ചിത്രത്തിന്റെ ഡബ്ബിങ് ചെന്നൈയിൽ പുരോഗമിക്കുന്നതിനിടെയായിരുന്നു ഈ അപൂർവ കൂടിക്കാഴ്ച. പുതിയ സിനിമയുമായി ബന്ധപ്പെട്ട് അൽഫോൻസ് പുത്രനും ചെന്നൈയിലുണ്ട്.
നിവിൻ പോളിയുടെ കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ടു ചിത്രങ്ങളുടെ സംവിധായകരാണ് അൽഫോൻസ് പുത്രനും വിനീതും. ഇരുവരെയും ഒരുമിച്ചു കിട്ടിയ സന്തോഷം നിവിൻ പോളി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു.
മലര്‍വാടി ആര്‍ട്സ് ക്ലബ്ബിലൂടെ സിനിമയിലെത്തിയ താരമാണ് നിവിന്‍ പോളി. വിനീത് ശ്രീനിവാസൻ സംവിധാന ജീവിതത്തിനു തുടക്കം കുറിച്ച ആ ചിത്രം നിവിൻ പോളി, അജു വർഗീസ് എന്നിവരുൾപ്പടെ നിരവധി താരങ്ങളെ സമ്മാനിച്ചു.
അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത ‘പ്രേമം’ നിവിൻ പോളിയുടെ കരിയറിലെ മറ്റൊരു നാഴികക്കല്ലാണ്. പ്രേമത്തിലൂടെ നിവിൻ മലയാളത്തിൽ മുൻനിര നായകന്മാരുടെ നിരയിൽ സ്ഥാനം പിടിച്ചു. നിവിന്‍ പോളിയുടെ കരിയറിൽ നിര്‍ണായക പങ്കുവഹിച്ച സിനിമകള്‍ എല്ലാം ഒരുക്കിയത് വീനിതോ അല്‍ഫോണ്‍സോ ആയിരുന്നു. തട്ടത്തിന്‍ മറയത്ത്, ജേക്കബിന്‍റെ സ്വര്‍ഗരാജ്യം, നേരം, പ്രേമം തുടങ്ങിയ സിനിമകൾ ഈ സൗഹൃദകൂട്ടായ്മയിൽ ഒരുങ്ങിയവയാണ്.
വിനീത് ശ്രീനിവാസന്റെ ഏറ്റവും പുതിയ ചിത്രമായ 'വർഷങ്ങൾക്ക് ശേഷ'ത്തിലൂടെ മലയാളത്തിലേക്ക് ഗംഭീര തിരിച്ചുവരവിന് ഒരുങ്ങുകയാണ് നിവിൻ പോളി. കഴിഞ്ഞ ദിവസം പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ,വിനീത് എന്നിവർക്കൊപ്പമുള്ള ചിത്രം നിവിൻ പോളി പങ്കുവച്ചിരുന്നു.
വിനീത് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘വർഷങ്ങൾക്കു േശഷം’ എന്ന സിനിമയിൽ പ്രണവിനും ധ്യാനിനുമൊപ്പം നിവിൻ പോളിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അജു വർഗീസ്, കല്യാണി പ്രിയദർശൻ, ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ, നീരജ് മാധവ്, നീത പിള്ള, അർജുൻ ലാൽ, അശ്വത് ലാൽ, കലേഷ് രാംനാഥ്, ഷാൻ റഹ്മാൻ എന്നിങ്ങനെ വലിയ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. വൈശാഖ് സുബ്രഹ്മണ്യം ആണ് നിർമാണം.