ഭാഗ്യ സുരേഷ് ഗോപിയുടെ വിവാഹത്തിന് താരത്തിളക്കം; മമ്മൂട്ടി, മോഹൻലാൽ, ദിലീപ് എന്നിവർ ഗുരുവായൂരിൽ
Mail This Article
ഭാഗ്യ സുരേഷ് ഗോപിയുടെ വിവാഹത്തിന് താരത്തിളക്കമേറുന്നു. മലയാള സിനിമ അടുത്തിടെ കണ്ടതിൽ വച്ച് ഏറ്റവും വലിയ താരവിവാഹമാണ് സുരേഷ് ഗോപിയുടെ മകളുടേത്. വിവാഹത്തലേന്ന് തന്നെ മലയാള സിനിമയുടെ സൂപ്പർതാരങ്ങളായ മമ്മൂട്ടിയും മോഹൻലാലും ഗുരുവായൂരിൽ എത്തിച്ചേർന്നിരുന്നു.
രാവിലെ ഗുരുവായൂർ വച്ച് നടക്കുന്ന ചടങ്ങിലും രാവിലെ ഏഴ് മണിയോടെ തന്നെ മമ്മൂട്ടിയും മോഹൻലാലും എത്തുകയുണ്ടായി. മോഹൻലാലും നടി ഖുശ്‌ബുവും ഒരേ കാറിൽ വന്നിറങ്ങി. വളരെ വർഷങ്ങൾക്ക് മുൻപ് കണ്ടു പരിചയിച്ച സൗഹാർദം നിറഞ്ഞ വിവാഹവേളകളെ അനുസ്മരിപ്പിക്കും വിധമാണ് ഭാഗ്യാ സുരേഷ് ഗോപിയുടെ വിവാഹവേദി.
ജയറാം, ദിലീപ്, ബിജു മേനോൻ, സംവിധായകന്മാരായ ഹരിഹരൻ, ഷാജി കൈലാസ്, നിർമാതാവ് സുരേഷ് കുമാർ എന്നിവരും കൺവെൻഷൻ സെന്ററിന്റെ പരിസരത്തെത്തി. നടി രചന നാരായണൻകുട്ടിയും ഇവിടേക്ക് വന്നുചേർന്നു.
സഹപ്രവർത്തകരെയും സുഹൃത്തുക്കളെയും സ്വീകരിക്കാൻ സുരേഷ് ഗോപി തയാറായി നിന്നിരുന്നു. വന്നുചേർന്നവർ പരസ്പരം കുശലാന്വേഷണം നടത്തി. നേരം പുലരും മുൻപേ മമ്മൂട്ടിയും മോഹൻലാലും ജയറാമും ഗുരുവായൂർ ക്ഷേത്ര പരിസരത്തെ ഓഡിയോറിയത്തിൽ എത്തിയിരുന്നു.
സൂപ്പർതാരങ്ങൾക്ക് പുറമേ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് വിവാഹച്ചടങ്ങിലെ മുഖ്യ ആകർഷണം. കഴിഞ്ഞ ദിവസം തന്നെ അദ്ദേഹം കൊച്ചിയിൽ എത്തിയിരുന്നു.