ADVERTISEMENT

പ്രതിഭയും പ്രതിഭാസവും ഒരുമിക്കുന്നു എന്നാണു നിർമാതാവ് ഷിബു ബേബി ജോൺ മലൈക്കോട്ട വാലിബനെക്കുറിച്ച് ഒറ്റ വാചകത്തിൽ പറയുന്നത്. ഒരു പക്കാ ലിജോ സിനിമയായിരിക്കും ഇതെന്നു മോഹൻലാലും അടിവരയിടുന്നു. പാട്ടും ഫൈറ്റുമൊക്കെയുള്ള, തിയറ്ററിൽ കാണേണ്ട സിനിമയാണിതെന്നു ലിജോ ജോസ് പെല്ലിശേരി കൂട്ടിച്ചേർക്കുന്നു. മലൈക്കോട്ട വാലിബന്റെ വിശേഷവുമായി മോഹൻലാൽ, ലിജോ ജോസ് പെല്ലിശേരി, ഷിബു ബേബി ജോൺ, ഹരീഷ് പേരടി എന്നിവർ മനോരമ ഓൺലൈനിൽ.

ലിജോ: ഇതിൽ എന്താണോ നമ്മൾ ഉൾക്കൊണ്ടിരിക്കുന്നത് അതാണ് ഈ സിനിമ. കാലദേശങ്ങളില്ലാത്ത ഒട്ടും റിയലിസ്റ്റിക്കല്ലാത്ത ഒരു ഭൂമികയും അത്തരം കഥാപാത്രങ്ങളും അത്തരം ഒരു കഥയും തന്നെയാണ് വാലിബൻ.   

മോഹൻലാൽ എന്ന മലൈക്കോട്ടൈ വലിബൻ

മോഹൻലാൽ: എനിക്ക് അദ്ദേഹത്തെ ഒരുപാട് വർഷമായിട്ട് അറിയാവുന്ന ഒരാളാണ്. അദ്ദേഹത്തിന്റെ സിനിമകളോട് ഇഷ്ടമുള്ള ആളാണ്. ഒരുപാട് സിനിമകളെക്കുറിച്ച് സംസാരിച്ചിട്ടുണ്ട്. ഇങ്ങനെ ഒരു കഥ വന്നപ്പോൾ അതിൽ ഒരു പോസിബിലിറ്റി കണ്ടു. ഈ സിനിമയിൽ എല്ലാം ഉണ്ട്. പ്രേമം, പ്രണയം, ദേഷ്യം, അസൂയ, തെറ്റിദ്ധാരണ, പ്രതികാരം, പാട്ടുകൾ, ഫൈറ്റുകൾ. അതിനെ എങ്ങനെ പ്ലേസ് ചെയ്തിരിക്കുന്നു എന്നതാണു കാര്യം. ഒരു കഥയ്ക്ക് ഒരു അവസാനം ഉണ്ടല്ലോ ആ അവസാനത്തിൽ നിന്ന് വീണ്ടും ഒരു തുടക്കത്തിന്റെ കഥയായിരിക്കും, ഈ ജോണറിലുള്ള ഒരു സിനിമ ഒരു പക്ഷേ ഇന്ത്യൻ സിനിമയിൽ ഉണ്ടായിട്ടുണ്ടാവില്ല. ഇദ്ദേഹത്തിന്റെ സിനിമ എന്നു പറയുമ്പോൾ തന്നെ ഒരു പ്രത്യേകത ഉണ്ടല്ലോ. ആ പ്രത്യേകതകൾ ഇഷ്ടപ്പെട്ടു പോകുന്ന പ്രേക്ഷകരെ നിരാശപ്പെടുത്തില്ല. ശേഷം എന്തു സംഭവിക്കും എന്നു നമുക്കു കാത്തിരുന്ന് കാണാം.  

ലിജോ: നമ്മളുടെ 70 –80 കാലഘട്ടങ്ങളിലെ സിനിമയുടെ ഒരു സ്വഭാവം ഉണ്ട്. തിയറ്ററിൽ കാണാൻ ആഗ്രഹിക്കുന്നവയാണ് അവ. വലിയ ലാൻ‍ഡ്സ്കേപ്, വലിയ ഇൻസിഡന്റ്സ്, ഗാനങ്ങൾ ഒക്കെയുള്ള ഒരു സിനിമയായി തിയറ്ററിൽ കാണാൻ പറ്റുന്ന ഒരു സിനിമ. അങ്ങനെയൊരു സിനിമ ക്രിയേറ്റ് ചെയ്യാനുള്ള ഉദ്ദേശം ഇതിനു പിന്നിലുണ്ട്. 

രാഷ്ട്രീയക്കാരൻ മാത്രമല്ല ഷിബു ബേബി ജോൺ 

ഷിബു ബേബി ജോൺ: ലാലുമായിട്ടുള്ള ദീർഘകാലത്തെ ബന്ധത്തിൽ നിന്നാണ് ഇങ്ങനെ ഒരു ആശയം ഉടലെടുത്തത്. ഇതിന്റെ പ്രത്യേകത ഒരു പ്രതിഭയും പ്രതിഭാസവും കൂടി ഒരുമിച്ചു ചേരുന്നു എന്നതാണ്. രണ്ടു പേരിലും ഉള്ള കോൺഫിഡന്റ്സ് ആണ്. സബ്ജക്റ്റിന്റെ മെറിറ്റും ഉണ്ട്. ഇതൊരു പെർഫോമൻസ് ഓറിയന്റഡ് പടമാണ്.  ഒരു കാര്യം പറയാം. ഇതൊരു ലിജോ പടമാണ്. മോഹൻലാൽ എന്ന പ്രതിഭാസത്തിന്റെ എല്ലാ കഴിവുകളും പ്രയോജനപ്പെടുത്തുന്ന ഒരു സംരംഭം ആണ്. ലിജോ പറഞ്ഞതു പോലെ ഇതൊരു തിയറ്ററിക്കൽ വാച്ചാണ്. സംശയമില്ല. അത് മിസ്സാക്കുന്നവർ അവരുടെ ദൗർഭാഗ്യമാണെന്ന് മാത്രമേ പറയാൻ പറ്റൂ. 

പഴയ കാലത്തു നിന്നും വിളിച്ചപോലെ 

ഹരീഷ് പേരടി: പൊഖ്റാനിലെ കോട്ടയിൽ ഷൂട്ട് ചെയ്യുമ്പോൾ അതിനു മുകളിലായിരുന്നു റൂം. പഴയ കാലത്തെ ഇടുങ്ങിയ സ്റ്റെപ്പുകളാണ്. ശബ്ദത്തിൽ തുറക്കുന്ന വാതിലുകൾ. അതേ ഫ്ളോറിൽ തന്നെ ഒരു ചെറിയ കുട്ടി അമ്പലം. പൂജ ചെയ്യുന്നത് ഒരു സ്ത്രീ. രാവിലെ എണീക്കുമ്പോൾ മണിയടി ശബ്ദങ്ങൾ. ഷൂട്ടിങ് കഴിഞ്ഞു വന്നു കഴിഞ്ഞാലും ഈ കാലത്തു നിന്നു മുക്തരാകുന്നില്ല. ഒരു പകുതി വരെ നമ്മളെ അതിൽ തളച്ചിടുന്ന അവസ്ഥ. അതൊക്കെ ഇതിനെ ഒരുപാട് സഹായിച്ചിട്ടുണ്ട്. അതിനിടയ്ക്ക് വീട്ടിൽ നിന്നg ഫോൺ വരുമ്പോൾ മറ്റൊരു കാലത്തിൽ പോയി സംസാരിക്കുന്നതു പോലെ തോന്നും. 

മോഹൻലാൽ: ഇതിന്റെ ഒരു പ്രത്യേകത പറയുകയാണെങ്കിൽ ഈ സിനിമ തുടങ്ങിയിട്ട് ഇന്ന് ഒരു വർഷം ആകാൻ പോകുന്നു. അത്രയും സമയമെടുത്താണ് ഈ സിനിമ ചെയ്തിരിക്കുന്നത്. 

മോഹൻലാൽ
മോഹൻലാൽ

ഞാൻ നാണം ഇല്ലാത്തവനല്ല 

മോഹൻലാൽ: ഇപ്പോഴും അതേ നാണം കൊണ്ടു നടക്കുന്ന ആളാണ് ഞാൻ. നാണമില്ലാത്തവനല്ല. നാണമുള്ളവനാണ്. ബേസിക് ആയിട്ട് ഷൈ ഉള്ള ഒരാളാണ് ഞാൻ.  അറിഞ്ഞു കൂടാത്ത നൃത്തം ഈസിയായിട്ട് ചെയ്യാൻ പറ്റില്ലല്ലോ. കുറച്ചു ധാരണയുള്ള ആൾക്കാരുടെ മുന്നിലേക്കാണ് നമ്മൾ ഈ പ്രകടനം കാഴ്ചവയ്ക്കുന്നത്. അപ്പോൾ അത് ശരിയാകാനുള്ള പ്രാർഥനയിലൂടെ അത് ചെയ്യുമ്പോഴാണ് അത് ശരിയാകുന്നത്. 

മലൈക്കോട്ടെ വലിബൻ ഫ്രം എൽജെപി 

ലിജോ: ഗ്ലോബലി ഉള്ള ഒരു ഫോക്കിന്റെ സ്വഭാവം അതായത് ഒരു ജാപ്പനീസ്, ചൈനീസ് പോലെയുള്ള നമ്മുടെ തന്നെ  തമിഴും തെലുങ്കും നാടോടി കഥകളിൽ നിന്നുള്ള ഒക്കെ ഒരിന്ത്യൻ ടെറെയ്നിൽ കൊണ്ടു പ്ലേസ് ചെയ്യാനാണ് ശ്രമിച്ചിട്ടുളളത്. ലാലേട്ടനായാലും മമ്മൂക്കയായാലും ഈ സിനിമയുടെ ക്യാമറമാൻ മധു നീലകണ്ഠനായാലും ഒരുപാട് എക്സ്പീരിയൻസുമായാണ് വരുന്നത്. അത് നമ്മുടെ ജോലി വളരെ എളുപ്പമാക്കും. അവരു കഥാപാത്രത്തിലേക്ക് കേറുന്നതൊക്കെ നമുക്കു കാണാൻ സാധിക്കും. 

ഇത് ഞാനാണോ ചെയ്തത്?

മോഹൻലാൽ-  ആർട്ടിസ്റ്റ് നമ്പൂതിരി സാർ സൗന്ദര്യ ലഹരിയിലെ ദേവീസ്‌ഥാനം  വരച്ചു തന്നു. അ‍ഞ്ചു വർഷം കൊണ്ടാണ് അത് അദ്ദേഹം വരച്ചത്. അതിമനോഹരമായ ചിത്രമാണ്. അദ്ദേഹം മരിക്കുന്നതിനു മാസങ്ങൾക്കു മുൻപ് എന്റെ വീട്ടിൽ വന്നിരുന്നു. എന്നിട്ടദ്ദേഹം ചോദിച്ചു. എനിക്ക് ആ ചിത്രം ഒന്നു കാണാൻ പറ്റുമോ ലാലേ എന്ന്. ഞാൻ അദ്ദേഹത്തെ കൊണ്ടു പോയി ചിത്രം കാണിച്ചു. അദ്ദേഹം അതിൽ കുറെ സമയം നോക്കി നിന്നിട്ട് എന്നോടു ചോദിച്ചു. ഇത് ഞാനാണോ വരച്ചതെന്ന്. കാരണം അതൊരു അനുഗ്രഹമാണ്. ചിലപ്പോൾ നമുക്കു തോന്നിയിട്ടുണ്ടാകാം. വാനപ്രസ്ഥം ആണെങ്കിലും സംസ്കൃത നാടകം ആണെങ്കിലും കഥയാട്ടം, കിരീടം അല്ലെങ്കിൽ എത്രയോ സിനിമകൾ വാലിബൻ കണ്ടാലും നമുക്ക് തോന്നാം. അതുപോലെ ഒരുപാട് സിനിമകൾ. മരയ്ക്കാറോ കാലാപാനിയായാലോ, തന്മാത്ര, പ്രണയം പോലുള്ള ഒരുപാട് സിനിമകൾ കാണുന്ന സമയത്ത് നമുക്കു തോന്നാം മൈ ഗോഡ്! ഇത് ഞാനാണോ ചെയ്തതെന്ന്. അതിനർഥം ഞാനല്ല വേറെ ആരോ ആണെന്നാണ്. നമുക്ക് അറിഞ്ഞുകൂടാത്ത ഒരു എനർജി ആയിരിക്കും. സർജറി ആയാലും ഫുട്ബോൾ പ്ലെയറായാലും എവിടെ ആയാലും നമ്മളോർക്കും നമ്മളായിരിക്കും ചെയ്യുന്നതെന്ന്.  നമ്മളെക്കൊണ്ട് ആരോ ചെയ്യിക്കുന്നതാണെന്നുള്ള വിശ്വാസത്തിൽ ജീവിക്കുന്ന ആളാണ് ഞാൻ.

ലിജോ: എന്റെ പേഴ്സണൽ ഫേവറൈറ്റ്സ് ആയിട്ടുള്ള ലാലേട്ടന്റെ രണ്ട് ചിത്രങ്ങളാണ് ഉത്സവപിറ്റേന്നും പാദമുദ്രയും.

മലൈക്കോട്ടൈ വാലിബൻ സ്റ്റിൽ
മലൈക്കോട്ടൈ വാലിബൻ സ്റ്റിൽ

രാഷ്ട്രീയവും സിനിമയും

ഷിബു ബേബി ജോൺ- രാഷ്ട്രീയക്കാരൻ വേറെ ഒന്നും ചെയ്യരുത് എന്ന കൺസെപ്റ്റ് നമ്മുടെ കേരളത്തിൽ മാത്രമേയുള്ളൂ. ബാക്കി എല്ലായിടത്തും ഇത് മൾട്ടി ടാസ്കിങ്ങാണ്. ഒരു വരുമാന മാർഗമാണ്. ഒരു കാര്യത്തിൽ അഭിമാനമുണ്ട് എന്റെ ഫാദർ 1963 ൽ ബിസിനസ് തുടങ്ങിയതാണ്. പക്ഷേ അന്നു പുള്ളി പറഞ്ഞ ഒരു കാര്യമുണ്ട്. ചുവരുണ്ടെങ്കിലേ ചിത്രം വരയ്ക്കൻ പറ്റൂ എന്ന്. അത് ഞാൻ ഫോളോ ചെയ്യുന്നു. രാഷ്ട്രീയത്തിൽ നിൽക്കുമ്പോഴും എന്നെ സംബന്ധിച്ചിടത്തോളം ഒരു വ്യവസായം എന്ന നിലയിൽ ഇതിലേക്കു വന്നു.  ഒരുപക്ഷേ 2021 ൽ ഞാൻ പരാജയപ്പെട്ടില്ല എങ്കിൽ ഇത് നടക്കത്തേ ഇല്ലായിരുന്നു. ഒരു പരാജയം കാരണം ഞാൻ എന്തെങ്കിലും ചെയ്യണമല്ലോ. അപ്രതീക്ഷിതമായി ലിജോയുമായി സംസാരിക്കാൻ പറ്റി. ഒരു കഥ വന്നു. പത്തു മിനിറ്റുകൊണ്ടാണ് ഈ ആശയം പറയുന്നത്. ആ പത്തു മിനിറ്റു കൊണ്ടത് സിങ്കായി. അതൊരു സിനിമയായി മാറി. 

പോസ്റ്റർ
പോസ്റ്റർ

ഇത് ഞാൻ വിശ്വസിക്കുന്നില്ല 

ഹരീഷ്: ഇതിലാണ് നിൽക്കുന്നതെന്ന് വിശ്വസിക്കുന്നില്ല. ഞാൻ വലിയൊരു പടം ചെയ്തു. തമിഴിലെത്തി എന്നൊന്നും എനിക്കു തോന്നുന്നില്ല. ഞാൻ ഇപ്പോഴും അഭിനയിച്ചു  കൊണ്ടിരിക്കുന്നു. പഠിക്കുന്നു എന്നൊക്കെയുള്ള തോന്നലുകളാണ് എനിക്ക് അതുകൊണ്ടായിരിക്കാം. എനിക്ക് കൃത്യമായിട്ടറിയില്ല. ഒരുപക്ഷേ അല്ലാത്തൊരു തോന്നലുണ്ടാകുമ്പോൾ മാറുകയും ചെയ്തേക്കാം. 

കാറിന്റെ ഗ്ലാസ് എങ്ങനെ താഴ്ത്തും?

മോഹൻലാൽ: അതിന് നമുക്കൊന്നും ചെയ്യാൻ പറ്റില്ല. 43 വർഷമായിട്ട് അഭിനയിക്കുന്ന ഒരാളാണ്. അന്നു മുതൽ എത്രയോ ജനറേഷനിൽക്കൂടി ഞാൻ സഞ്ചരിച്ചു. അന്ന് പത്താംക്ലാസിൽ എന്റെ കൂടെ പഠിച്ച ഒരു കുട്ടിയും അവരുടെ മകൾ ഇപ്പോൾ പത്താംക്ലാസിൽ പഠിക്കുന്ന കുട്ടി എന്റെ കൂടെ വന്ന് ഫോട്ടോ എടുക്കുന്നതൊക്കെ ഭാഗ്യമാണ്. ആ സമയം മാറി അന്നത്തെപ്പോലെയല്ല. ജേണലിസം, സിനിമ എല്ലാം മാറ്റം വന്നു കൊണ്ടിരിക്കുകയാണ്. ഒരുപക്ഷേ ഒരു സ്ഥലത്തേക്ക് പോകുന്ന സമയത്ത്. അവിടെ നിൽക്കുന്ന എല്ലാവരെയും നമുക്ക് സംതൃപ്തിപ്പെടുത്താനാവില്ല. അതിനിടയിലേക്ക് ഇറങ്ങിപ്പോകാൻ പറ്റില്ല. രാഷ്ട്രീയം പോലെയല്ല സിനിമ. അവർക്ക് പോയേ പറ്റൂ. നമുക്ക് പോകാൻ പറ്റില്ല. ഭയങ്കരമായ ഉപദ്രവം ഉണ്ടാകും. ഇന്നലെ ഞാൻ ഗുരുവായൂരു കല്യാണത്തിനു പോയി. ആ ഹോട്ടലിൽ നിന്നിറങ്ങാൻ ഭയങ്കര പ്രയാസമാണ്. ഒരിക്കലും നമ്മുെട കാറ് നിർത്തി ഗ്ലാസ് താക്കാൻ പറ്റില്ല. പേടിയാണ്. ഞാനങ്ങനെ പ്രതികരിക്കുന്ന ഒരാളല്ല.  ചില കാര്യങ്ങൾക്ക് പ്രതികരിക്കാം. എല്ലാ കാര്യങ്ങൾക്കും പ്രതികരിക്കണമെന്ന് നിയമമൊന്നുമില്ല. നമ്മളും ഒരു മനുഷ്യനാണ് നമുക്കും ഒരു പാട് മൂഡുകളും അസൗകര്യങ്ങളുമുണ്ടാകാം. അതിനനുസരിച്ചുള്ള റിഫ്ലെക്സാണ്. അല്ലാതെ മനഃപൂർവം ഒരാൾക്ക് ഷേക്ഹാൻഡ് കൊടുക്കാതിരുന്നതല്ല. അവരുടെ കയ്യിൽ എന്തെങ്കിലും ഉണ്ടെങ്കിലോ. എന്തും ആകാമല്ലോ. നമ്മളെക്കാൾ കൂടുതൽ നമ്മുടെ കൂടെയുള്ളവർക്കാണ് ടെൻഷൻ. 

ലാലേട്ടന്റെ പാട്ട് 

മോഹൻലാൽ: ഞാൻ എങ്ങനെയാണ് ഒരു പാട്ട് പാടുന്നതെന്നുള്ളത് ആ പാട്ട് കേട്ടിട്ട് എനിക്ക് അറിയാവുന്നതു പോലെയാണ് ഞാൻ ചെയ്യുന്നത്. പ്രിയദർശനുമായിട്ട് ഒരുപാട് സിനിമകൾ ചെയ്തതു കൊണ്ട് എന്റെ താളബോധത്തെക്കുറിച്ച് അദ്ദേഹം ബോധ്യവാനായിരിക്കും. ഞാൻ എന്റെ ഡയറക്ടറെ വിശ്വസിക്കുന്നു.

വലിയ താരങ്ങൾക്കു കൊടുക്കുന്ന നിർദ്ദേശം 

ലിജോ– ആവശ്യമുണ്ടെങ്കിൽ മാത്രമേ ഞാൻ സജസ്റ്റ് ചെയ്യാറുള്ളൂ. അല്ലെങ്കിൽ ഞാൻ ഒരു നിർദേശങ്ങളും കൊടുക്കാറില്ല. അതൊരാൾക്കും കൊടുക്കാറില്ല എന്നതാണു സത്യം. ലാലേട്ടനോടു വളരെ കുറച്ചു സ്ഥലങ്ങളിൽ മാത്രമാണ് ഇങ്ങനെ ചെയ്താലോ എന്നു ചോദിച്ചിട്ടുള്ളത്. 

 മോഹൻലാൽ മാറിയോ?

മോഹൻലാൽ- പ്രായമായപ്പോൾ കുറച്ചു വിവരം വന്നു എന്നോ അല്ലെങ്കിൽ വിവരമില്ലായ്മയാണെന്നോ കരുതാം. പണ്ടത്തെ ഇന്റർവ്യൂ എന്നത് കഴിഞ്ഞു പോയി. എനിക്കോർമയില്ല. ഇതേ ചോദ്യം നാളെ ചോദിച്ചാൽ വേറൊരു രീതിയിലായിരിക്കും ഞാൻ ഉത്തരം പറയുന്നത്. നിങ്ങൾ ചോദിക്കുന്ന ചോദ്യത്തിന് പെട്ടെന്ന് ഒരുത്തരം പറയുകയാണ്. കുറച്ചു കഴിഞ്ഞ് ഇതിങ്ങനെ അല്ലല്ലോ എന്നു ചോദിച്ചാൽ അല്ല. എനിക്കപ്പോൾ തോന്നിയത് അതാണ്. നാളെ ഈ സിനിമയെ കുറിച്ച് മോശം പറയുകയല്ല. ഇപ്പോൾ പറയുന്നതാണ് സത്യം. 

ഇപ്പോഴത്തെ ബുദ്ധി ഒരു 5 വർഷം മുൻപ് തോന്നിയിരുന്നെങ്കിലെന്ന് ചിന്തിക്കാൻ പറ്റില്ലല്ലോ. ഞാൻ ഒരു സ്കീംഡ് ആയിട്ടോ പ്ലാൻഡ് ആയിട്ടോ ജീവിക്കുന്ന ഒരാളല്ല. അപ്പോൾ അതിന്റേതായിട്ടുള്ള കാര്യങ്ങളുണ്ടാവും. 

എപ്പോഴും ആൻസറബിൾ ആകേണ്ട ഒരു ജോലി

മോഹൻലാൽ- എന്റെ ഇഷ്ടമല്ലേ മറുപടി പറയണോ എന്നുള്ളത്. എനിക്ക് മിണ്ടാതെയിരിക്കാം. നിങ്ങളുടെ ഒരു നല്ല ചോദ്യമാണെങ്കിൽ അതിനു മറുപടി പറയാൻ ഞാൻ തയാറാണ്. പണ്ട് സിനിമയ്ക്ക് ഇങ്ങനെ ഒരു പ്രമോഷനോ കാര്യങ്ങളോ ഒന്നുമില്ല. നമ്മൾ ആ ഒരു സ്കൂളിലും സഞ്ചരിച്ച ആൾക്കാരാണ്. അന്നത്തെ ഒരു ജേണലിസം തികച്ചും വ്യത്യാസമുള്ളതായിരുന്നു. ഇപ്പോൾ ഈ സിനിമയെക്കുറിച്ച് നമ്മൾ പറയുന്നത് സത്യമാണ്. അന്ന് അങ്ങനെ പറയാനുള്ള സ്വാതന്ത്ര്യവും സൗകര്യങ്ങളുണ്ടായിരുന്നില്ല. ഈ  സിനിമയെക്കുറിച്ച് പറയുന്നത് സത്യമാണ്. ഇത് കള്ളത്തരത്തിലും പറയാം. ഇത് ഭയങ്കര സിനിമയാണ് ലോകത്തിലേറ്റവും നല്ല സിനിമയാണെന്നൊന്നും പറയുന്നില്ലല്ലോ. പക്ഷേ  വളരെ ഡിഫറന്റായിട്ടുള്ള ഒരു സിനിമയാണ്. അത് സത്യമാണ്. എനിക്കു തോന്നിയ കാര്യം. ഇനി എനിക്കു തോന്നിയ കാര്യം നിങ്ങൾക്കു തോന്നണമെന്നില്ല. 

സിനിമയിലൂടെ മോറൽ സ്റ്റോറി പറയണോ?

ലിജോ - ഒരു സിനിമയോ കഥയോ കഴിഞ്ഞിട്ട് എഴുതി വയ്ക്കേണ്ടതല്ല മോറൽ എന്ന് വിശ്വസിക്കുന്നു ഇപ്പോഴും കാണുന്ന ആള് അതിനകത്തു നിന്നു ഉൾക്കൊള്ളേണ്ട കാര്യമാണ്. ഞാനത് ഇതാണ് എന്നു പറഞ്ഞു കൊടുത്തു കഴിഞ്ഞാൽ പിന്നെ അതിൽ അർഥമില്ലല്ലോ. 

ഓരോ കാലത്തും ആ കാലത്തിന്റെ ഒരു ശരി ഉണ്ട്. ആ കാലത്തിന്റെ ഒരു ശരി ഉൾക്കൊണ്ടു കൊണ്ടാണ് നമ്മൾ അടുത്ത കാലത്തിലേക്ക് പോകുന്നത്. പതിയെ ആണ് അത് സ്പ്രെഡ് ആകുന്നത്. സ്ത്രീ വിരുദ്ധതയെപ്പറ്റി പണ്ട് സംസാരിച്ചതു പോലെയല്ലല്ലോ ഇപ്പോൾ സംസാരിക്കുന്നത്. ഇനി പത്തു വർഷം കഴിഞ്ഞിട്ട് എങ്ങനെയാണെന്ന് നമുക്ക് അറിയാൻ പാടില്ല. ഓരോ പീരിയഡിലും അത് മാറിക്കൊണ്ടിരിക്കും. നമ്മുടെ ചിന്തകളും മാറിക്കൊണ്ടിരിക്കും. 

മോഹൻലാൽ- ഈ സിനിമയെക്കുറിച്ച് ഇങ്ങനെ ചിന്തിക്കേണ്ട കാര്യമില്ല. കാലവും ദേശവും ഇല്ലാത്ത ഒരു സിനിമയാണിത് എങ്ങനെ വേണമെങ്കിലും പാടാം എങ്ങനെവേണമെങ്കിലും ആടാം.

English Summary:

Chat with Mohanlal and Lijo Jose Pellissery

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com