ADVERTISEMENT

മോഹൻലാലിനെ നായകനാക്കി ലിജോജോസ് പെല്ലിശ്ശേരി ഒരുക്കുന്ന ‘മലൈക്കോട്ടൈ വാലിബനി’ൽ അഭിനയിക്കാനുള്ള ഭാഗ്യം എനിക്കും ലഭിച്ചു. സിനിമ ഈയാഴ്ച തിയറ്ററുകളിലെത്തുകയാണ്. വാലിബന്റെ ചിത്രീകരണം രാജസ്ഥാനിൽ നടക്കുകയാണ്. രാജസ്ഥാനിൽ ഗംഭീര സെറ്റുകളാണ് ചിത്രത്തിനായി ഒരുക്കിയത്. 

ലിജോജോസ് പെല്ലിശ്ശേരി ഓരോ ചെറിയ വേഷത്തിനുള്ള അഭിനേതാവിനെപ്പോലും വളരെ കണിശതയോടെയാണു തിരഞ്ഞെടുക്കുക. കാസ്റ്റിങ് കൃത്യമാവണം എന്നു നിർബന്ധമുള്ളയാളാണ്. പല വേഷങ്ങളിൽ അഭിനയിക്കാൻ തമിഴിൽനിന്നും തെലുങ്കിൽനിന്നും ഹിന്ദിയിൽനിന്നുമൊക്കെയുള്ള അഭിനേതാക്കൾ രാജസ്ഥാനിൽ എത്തിയിട്ടുണ്ട്. ലൊക്കേഷൻ ശരിക്കും ഇന്ത്യയുടെ പരിച്ഛേദമാണെന്നു തോന്നും. അത്രയേറെ ഭാഷകളാണ് അവിടെ സംസാരിക്കുന്നത്. വാലിബനിലെ വേഷവിധാനങ്ങൾക്ക് ഏറെ പ്രത്യേകതയുണ്ട്. നാടോടി ടച്ചുള്ള വേഷമാണ് എല്ലാവർക്കും. ലൊക്കേഷനിൽ ഒട്ടേറെ കുടിലുകൾ സെറ്റിട്ടിട്ടുണ്ട്. 

നിർത്താതെയുള്ള ഷൂട്ടിന് ബ്രേക്ക് സമയമായി. ആ സമയത്താണ് പ്രൊഡക്‌ഷൻ യൂണിറ്റിലെ ഒരാൾ അതു ശ്രദ്ധിക്കുന്നത്!. ഷൂട്ടിങ്ങിനുള്ള സെറ്റിൽ ഒരു നാടോടി ഗ്രാമീണൻ കയറിക്കിടന്നു സുഖമായി ഉറങ്ങുന്നു.

പ്രൊഡക്‌ഷൻ യൂണിറ്റ് അംഗത്തിനു സംശയമായി. തട്ടിവിളിച്ച് എഴുന്നേൽപ്പിച്ചു. അറിയുന്ന മുറിഹിന്ദിയിൽ കക്ഷി ചോദിച്ചു: ‘‘തൂ കോൻഹേ ?’ ​ഞെട്ടിയെണീറ്റയാൾ മേൽപ്പോട്ടു നോക്കി കണ്ണുംമിഴിച്ച് ഇരിപ്പാണ്. ഒന്നും മിണ്ടിയില്ല. 

അടുത്തചോദ്യം ഇംഗ്ലിഷിലാണ്: ‘‘ഹൂ ആർയൂ?’’

അപ്പോഴും ഉത്തരമില്ല. ചോദ്യം തമിഴിലേക്കു മാറി. ‘‘നീങ്ക യാര്?’’

മൂന്നു ചോദ്യത്തിനും കാര്യമായി ഉത്തരമില്ല. അടുത്തതായി എന്തെങ്കിലും ചോദിക്കും മുൻപ് ‘നാടോടി’ ചോദിച്ചു :‘‘ യെന്തിരണ്ണാ? അണ്ണനെന്തിര് ചോദിക്കണത്? കൊറേ നേരമായല്ല് !!’’ 

manoj-moses
മലൈക്കോട്ടൈ വാലിബനില്‍ മനോജ് മോസസ്

ചിത്രത്തിലെ ഒരു വേഷത്തിൽ അഭിനയിക്കാൻ തിരുവനന്തപുരത്തുനിന്നെത്തിയ മനോജ് മോസസായിരുന്നു ഷൂട്ടിനിടെ വിശ്രമിക്കാൻ കുടിലിൽ കയറിക്കിടന്നത്. നല്ല അസ്സൽ തിരുവനന്തപുരം ശൈലിയുടെ മറുചോദ്യം സെറ്റിൽ കൂട്ടച്ചിരിയായി മാറിയെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ...

English Summary:

Hareesh Peradi about Manoj Moses

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com