പലേരി മാണിക്യം ഫോര്‍ കെ പതിപ്പ് തിയറ്ററുകളിലേക്ക്
Mail This Article
മമ്മൂട്ടി ഇരട്ടവേഷത്തിലെത്തി ഗംഭീരമാക്കിയ രഞ്ജിത്ത് ചിത്രം ‘പലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ’ റി റിലീസിനൊരുങ്ങുന്നു. സിനിമയുടെ ഏറ്റവും പുതിയ ഫോര്‍ കെ പതിപ്പാണ് നിര്‍മാതാക്കൾ വീണ്ടും തിയറ്ററുകളിലേക്കെത്തിക്കുന്നത്. ഇതു മൂന്നാം തവണയാണ് ചിത്രം തിയറ്ററുകളിൽ റിലീസ് ചെയ്യുന്നത്. നിർമാതാവ് മഹാ സുബൈറാണ് ഇതിനു ചുക്കാൻ പിടിക്കുന്നത്.
2009ൽ സിനിമ സംസ്ഥാന പുരസ്കാരങ്ങൾ വാരിക്കൂട്ടിയ സമയത്തും ചിത്രം തിയറ്ററുകളിൽ വീണ്ടും പ്രദർശിപ്പിച്ച് വിജയം കൈവരിച്ചിരുന്നു. മമ്മൂട്ടിയുടെ അതുല്യ പ്രകടനം കാണാൻ ആരാധകർ ഇത്തവണയും തിയറ്ററുകളിലേക്കെത്തുമെന്നാണ് അണിയറ പ്രവർത്തകരുടെ പ്രതീക്ഷ.
സിനിമയിൽ രണ്ട് ധ്രുവങ്ങളിലുള്ള കഥാപാത്രങ്ങളെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. സംഭാഷണ ശൈലിയിലും ശരീര ചലനങ്ങളിൽ പോലും അടിമുടി വ്യത്യസ്ത നിറഞ്ഞ കഥാപാത്രങ്ങളായി അദ്ദേഹം നിറഞ്ഞാടി. ആ വർഷത്തെ മികച്ച നടനുള്ള സംസ്ഥാന പുരസ്കാരവും മമ്മൂട്ടിയെ തേടിയെത്തി. ഈ ചിത്രത്തിലെ അഭിനയത്തിലൂടെ ശ്വേത മേനോൻ മികച്ച നടിക്കുള്ള തന്റെ ആദ്യ കേരള സംസ്ഥാന ചലച്ചിത്ര അവാർഡും സ്വന്തമാക്കി.
എന്നും വേട്ടയാടപ്പെടുന്ന സ്ത്രീ സമൂഹത്തിന്റെ പ്രതിനിധിയാണ് പാലേരിയിലെ മാണിക്യം. സ്ഥലകാലങ്ങള്‍ മാറിമറിഞ്ഞെങ്കിലും ഇന്നും മാണിക്യത്തിന്റെ ചരിത്രം നമുക്കിടയില്‍ അഭംഗുരം ആവര്‍ത്തിക്കപ്പെടുന്നു. ഇങ്ങനെയൊരു പശ്ചാത്തലത്തിലായിരിക്കും പാലേരി മാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ എന്ന കാലത്തിൽ അടയാളപ്പെടുത്തിയിരിക്കുന്നത്.