‘വർഷങ്ങൾക്കു ശേഷം’ ഡബ്ബിങ്ങ് പൂർത്തിയായി; വിഷുവിന് വേൾഡ് വൈഡ് റിലീസ്
Mail This Article
പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ‘വർഷങ്ങൾക്കു ശേഷം’ എന്ന ചിത്രം അതിന്റെ അവസാന ഘട്ടത്തിലാണ്. സിനിമയുടെ ഡബ്ബിങ്ങ് പ്രവർത്തനങ്ങൾ പൂർത്തിയായി കഴിഞ്ഞു. രസകരമായ വിഡിയോയിലൂടെയാണ് ഈ വിവരം അണിയറ പ്രവർത്തകർ പ്രേക്ഷകരുമായി പങ്കുവച്ചത്. മെറിലാൻഡ് സിനിമാസ് നിർമിക്കുന്ന ചിത്രം വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്നു.
ചിത്രത്തിൽ നായകന്മാരായി എത്തുന്നത് ധ്യാൻ ശ്രീനിവാസനും പ്രണവ് മോഹൻലാലുമാണ്. പ്രണവ് മോഹൻലാൽ നായകനായ ഹൃദയം നിർമിച്ച മെറിലാൻഡ് സിനിമാസിന്റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യം തന്നെയാണ് ഈ ചിത്രത്തിന്റെയും നിർമാണം നിർവഹിക്കുന്നത്. വലിയ കാൻവാസിൽ ഒരുക്കിയിരിക്കുന്ന ചിത്രം റംസാൻ - വിഷു റിലീസായി ഏപ്രിൽ മാസം തിയറ്ററുകളിൽ പ്രദർശനത്തിന് എത്തും.
വിനീത് ശ്രീനിവാസൻ തന്നെ തിരക്കഥ ഒരുക്കുന്ന ചിത്രത്തിൽ പ്രണവിനും ധ്യാനിനുമൊപ്പം നിവിൻ പോളിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അജു വർഗീസ്, കല്യാണി പ്രിയദർശൻ, ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ, നീരജ് മാധവ്, നീത പിള്ളൈ, അർജുൻ ലാൽ, അശ്വത് ലാൽ, കലേഷ് രാംനാഥ്, ഷാൻ റഹ്മാൻ എന്നിങ്ങനെ ഒരു വലിയ താരനിര തന്നെയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ധ്യാൻ ശ്രീനിവാസൻ സംവിധാനം നിർവഹിച്ച ലൗ ആക്ഷൻ ഡ്രാമക്ക് ശേഷം നിവിൻ പോളി, വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ്, ബേസിൽ ജോസഫ്, വിശാഖ് സുബ്രഹ്മണ്യം എന്നിവർ വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. മെറിലാൻഡ് സിനിമാസ് തന്നെയാണ് ചിത്രം തീയറ്ററുകളിൽ എത്തിക്കുന്നത്.
ഛായാഗ്രഹണം വിശ്വജിത്ത്, സംഗീതസംവിധാനം അമൃത് രാംനാഥ്, എഡിറ്റിങ്ങ് രഞ്ജൻ എബ്രഹാം, ആർട് ഡയറക്ടർ നിമേഷ് താനൂർ, കോസ്റ്റ്യൂം ദിവ്യ ജോർജ്, മേക്കപ്പ് റോണക്സ് സേവ്യർ, പ്രൊഡക്‌ഷൻ കൺട്രോളർ സജീവ് ചന്തിരൂർ, ചീഫ് അസോഷ്യേറ്റ് അഭയ് വാര്യർ, ഫിനാൻസ് കൺട്രോളർ വിജേഷ് രവി, ടിൻസൺ തോമസ്, സ്റ്റിൽസ് - ബിജിത്ത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലായി വമ്പൻ സെറ്റുകളിട്ടാണ് ചിത്രം ഷൂട്ട് ചെയ്തത്. രണ്ടും മൂന്നും മാസങ്ങളാണ് സെറ്റ് വർക്കുകൾക്ക് മാത്രമായി ചിലവഴിച്ചത്. പിആർഒ ആതിര ദിൽജിത്.