കുടുംബിനിയായി ഭാഗ്യ സുരേഷ്; ഭർത്താവിന്റെ വീട്ടിൽ നിന്നുള്ള ചിത്രവുമായി താരപുത്രി
Mail This Article
വിവാഹശേഷം ഭർത്താവ് ശ്രേയസ് മോഹനൊപ്പമുള്ള മനോഹര ചിത്രം പങ്കുവച്ച് സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷ്. ഭർത്താവിനും കുടുംബത്തിനുമൊപ്പമുള്ള ചിത്രങ്ങളാണ് ഭാഗ്യ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. കുടുംബിനിയായി മാറിയെ ഭാഗ്യയെ ചിത്രങ്ങളിൽ കാണാൻ കഴിയും.
മാവേലിക്കര സ്വദേശികളായ മോഹന്റെയും ശ്രീദേവിയുടെയും മകനായ ശ്രേയസ് ബിസിനസ്സുകാരനാണ്. വർഷങ്ങളായി അടുത്ത സുഹൃത്തുക്കളായിരുന്നു ഭാഗ്യയും ശ്രേയസും. ആ അടുപ്പവും സൗഹൃദവുമാണ് ഇപ്പോൾ വിവാഹത്തിൽവരെ എത്തിനിൽക്കുന്നത്.
‘‘ഏറെക്കാലത്തിനു ശേഷം കുടുംബത്തിൽ ഒരു കല്യാണം വരുന്നതാണ്. അത് ഭംഗിയായി പൂർത്തിയാക്കണം എന്നതാണ് മൂത്ത മകനും ജ്യേഷ്ഠനും ആയ എന്റെ കടമ. അനുജത്തി വേറൊരു വീട്ടിൽ പോകുന്നു എന്നൊരു വിഷമം ഒന്നും ഇല്ല. ശ്രേയസിനെ വളരെക്കാലമായി അറിയാം അദ്ദേഹത്തിന്റെ കുടുംബത്തെയും അറിയാം അതുകൊണ്ട് അവൾ പോകുന്നത് അപരിചിതമായ ഒരു വീട്ടിലേക്കല്ല. അത്തരത്തിൽ ഒരു ടെൻഷൻ ഇല്ല. കുടുംബത്തിൽ ഒരു മകൻ കൂടി വരുന്നു എന്നാണ് ഞങ്ങൾ കരുതുന്നത്. ഒരു നല്ല കാര്യം നടക്കുന്നതിന്റെ സന്തോഷമാണ് എല്ലാവർക്കും.’’–ഗോകുൽ സുരേഷ് മനോരമ ഓൺലൈനിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.
അടുത്തകാലത്തു നടന്ന ഏറ്റവും വലിയ താര വിവാഹങ്ങളിലൊന്നായിരുന്നു ഭാഗ്യയുടേത്. ഗുരുവായൂർ ക്ഷേത്രത്തിൽ നടന്ന വിവാഹച്ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വധൂവരന്മാരെ ആശിർവദിച്ചിരുന്നു. സൂപ്പർ താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും കുടുംബസമേതമാണ് ഗുരുവായൂർ ക്ഷേത്രത്തിലെ വിവാഹത്തിലും എറണാകുളത്തെ വിവാഹസത്കാരത്തിലും പങ്കെടുത്തത്. ഗുരുവായൂർ ക്ഷേത്രത്തിലെ ചടങ്ങിനു ശേഷം ഗോകുലം കൺവൻഷൻ സെന്ററിൽ അന്നു തന്നെ റിസപ്‌ഷൻ സംഘടിപ്പിച്ചിരുന്നു.
പിന്നീട് ജനുവരി 19ന് കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ വച്ച് സിനിമാ സുഹൃത്തുക്കള്‍ക്കായി പ്രത്യേക വിരുന്നും സുരേഷ് ഗോപി നടത്തി. മമ്മൂട്ടിയുടെ ഭാര്യ സുൽഫത്ത് മക്കളായ ദുൽഖർ, സുറുമി, ദുൽഖറിന്റെ ഭാര്യ അമാൽ എന്നിവർ വിവാഹ സൽക്കാരത്തിന് എത്തിയിരുന്നു. ശ്രീനിവാസനും ഭാര്യയും, കുഞ്ചാക്കോ ബോബനും കുടുംബവും, ജയറാമും പാർവതിയും, ടൊവിനോയും കുടുംബവും, ജയസൂര്യയും കുടുംബവും, ലാൽ, സുരേഷ് കൃഷ്ണ, ഹണി റോസ് ഉള്‍പ്പെടെയുള്ള വലിയ താരനിര അതിഥികളായെത്തിയിരുന്നു.
തുടർന്ന് അടുത്ത ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമായി 20ന് തിരുവനന്തപുരത്തും റിസപ്‌ഷൻ നടത്തുകയുണ്ടായി.