ADVERTISEMENT

‘ആകാശഗംഗ’ സിനിമ റിലീസ് ചെയ്തിട്ട് 25 വർഷം പിന്നിടുന്ന സാഹചര്യത്തിൽ അനുഭവക്കുറിപ്പുമായി സംവിധായകൻ വിനയൻ. സിനിമ സംവിധാനം ചെയ്യാന്‍ ഒരുങ്ങിയപ്പോള്‍ നേരിട്ട പ്രതിസന്ധികളും പിന്നീട് നിര്‍മാതാവിന്‍റെ വേഷമണിയേണ്ടിവന്ന സാഹചര്യവുമെല്ലാം കുറിപ്പിലൂടെ വെളിപ്പെടുത്തുന്നു. നായകനായി തീരുമാനിച്ചിരുന്ന യുവനടൻ അവസാന നിമിഷം പിന്മാറിയിരുന്നുവെന്നും യക്ഷിക്കഥ ചെയ്യാൻ നിർമാതാക്കളാരും മുന്നോട്ടു വരാതിരുന്ന സാഹചര്യത്തിലാണ് താൻ നിർമാണം ഏറ്റെടുത്തതെന്നും വിനയൻ പറയുന്നു. 

‘‘ആകാശഗംഗ റിലീസായിട്ട് ഇരുപത്തഞ്ചു വർഷം തികയുന്നു. വെള്ള സാരി ഉടുത്ത ഏഴിലം പാലയിലെ യക്ഷിക്കഥയുടെ കാലം കഴിഞ്ഞു എന്നെന്നോട് നിരവധി നിർമാതാക്കൾ അന്നു പറഞ്ഞിരുന്നു. പക്ഷേ എനിക്കെന്തോ ആ കഥ ജനം സ്വീകരിക്കും എന്ന  വിശ്വാസം തോന്നിയിരുന്നു. കഥ കേട്ട പലരും എന്നോട് മുഖം തിരിച്ചപ്പോൾ ഒടുവിൽ സ്വയം നിർമാതാവിന്റെ കൂടി മേലങ്കി അണിയുവാൻ ഞാൻ തീരുമാനിച്ചു. 

പ്രതികാര ദുർഗയായ യക്ഷിക്കും അവളെ തളക്കുന്ന മേപ്പാടൻ എന്ന രാജൻ പി. ദേവ് ചെയ്ത കഥാപാത്രത്തിനുമായിരുന്നു സിനിമയിൽ പ്രാധാന്യം എന്നതു കൊണ്ടു തന്നെ അന്നു പ്രശസ്തനായിരുന്ന യുവനടനും ആകാശഗംഗയിൽ നിന്നു പിൻമാറി. അപ്പോഴും ഈ യക്ഷിയമ്മ എന്നെ രക്ഷിക്കും എന്നെന്റെ മനസ്സെന്നോടു പറഞ്ഞു കൊണ്ടേയിരുന്നു. അതിനൊരു കാരണവും ഉണ്ടായിരുന്നു കുട്ടനാട്ടിലെ ഞങ്ങടെ കുടുംബമായ കോയിപ്പുറത്ത് കാവിലെ കന്യക്കോണിൽ നിന്നിരുന്ന ഏഴിലം പാലയിലെ പ്രണയാദ്രയും പ്രതികാര ദാഹിയുമായ യക്ഷിയുടെ കഥ അമ്മ പലപ്പോഴും പറയുമായിരുന്നു. 

ആ കഥ തന്നെ ആയിരുന്നു ആകാശഗംഗയുടെ ത്രെഡ്. ചില കാര്യങ്ങൾ നടപ്പാക്കാൻ പലപ്പോഴും വലിയ റിസ്ക് എടുക്കേണ്ടി വരും. ആകാശഗംഗയുടെ കാര്യത്തിൽ ഞാനതെടുത്തു. വീടു വയ്ക്കാനനുവദിച്ച ലോൺ പോലും എടുത്ത് ആ സിനിമയ്ക്കു വേണ്ടി ഉപയോഗിച്ച കാര്യം ഞാൻ പല അഭിമുഖങ്ങളിലും മുൻപ് പറഞ്ഞിട്ടുണ്ട്.നായകനായി പുതുമുഖം റിയാസിനെ ആ യുവ നടനു പകരം കാസ്റ്റു ചെയ്തുകൊണ്ട് മുന്നോട്ടു പോയ എന്നെ അന്നു ഞാൻ കണ്ടിരുന്ന സ്വപ്നം പോലെ തന്നെ യക്ഷി സഹായിച്ചു.

ആകാശഗംഗ സൂപ്പർഹിറ്റായെന്നു മാത്രമല്ല സംവിധായകനപ്പുറം നിർമാതാവെന്ന നിലയിൽ എനിക്ക് വലിയ ലാഭവും നേടിത്തന്നു. ആകാശഗംഗ റിലീസായ 1999ൽ തന്നെ  വാസന്തിയും ലഷ്മിയും ലഷ്മിയും പിന്നെ ഞാനും, പ്രണയ നിലാവും, ഇൻഡിപ്പെൻഡൻസും റിലീസു ചെയ്തിരുന്നു. എല്ലാം വിജയചിത്രങ്ങളായിരുന്നു. അതിനടുത്ത വർഷങ്ങളിലായിരുന്നു കരുമാടിക്കുട്ടനും ദാദാ സാഹിബും രാക്ഷസ രാജാവുമൊക്കെ. പിന്നീടിങ്ങോട്ടു മലയാളത്തിലും തമിഴിലുമായി നാൽപ്പത്തിനാലു ചിത്രങ്ങൾ.

ഒടുവിൽ റിലീസായ ‘പത്തൊമ്പതാം നൂറ്റാണ്ടു’ വരെയുള്ള എന്റെ സിനിമാ ജീവിതത്തിലേക്കു തിരിഞ്ഞു നോക്കുമ്പോൾ ഞാൻ സംതൃപ്തനാണ്. ഫിലിം ഇൻഡസ്ട്രിയിൽ ഞാനെടുത്ത ചില ശക്തമായ നിലപാടുകളുടെ പേരിൽ എനിക്കു കുറേ വർഷങ്ങൾ നഷ്ടമായെങ്കിലും പറയാനുള്ളത് ഏതു ദിവ്യന്റെ മുഖത്തു നോക്കി പറയാൻ കഴിഞ്ഞു. അതിന്റെ പേരിൽ സുപ്രീം കോടതി വരെ പോയി കേസു പറഞ്ഞ് ഞാൻ പറഞ്ഞതായിരുന്നു സത്യം എന്നു തെളിയിക്കാൻ കഴിഞ്ഞു എന്നതൊക്കെ ഒരു സ്പോർട്സ്മാൻ സ്പിരിറ്റോടെയാണ് ഞാൻ കാണുന്നത്..

ഞാൻ ഏറ്റുമുട്ടിയത് മഹാ മേരുക്കളോടായിരുന്നല്ലോ? എന്റെ മനസാക്ഷിക്കു നേരെന്നു തോന്നുന്നതിനു വേണ്ടി ഫൈറ്റു ചെയ്യുന്നതിന്റെ ലഹരി എനിക്കേറെ ഇഷ്ടമാണ്. അതിനിയും തുടരും. ഇതു വരെ എന്നെ സഹിച്ച സപ്പോർട്ടു ചെയ്ത, കൂടെ സഹകരിച്ച, എല്ലാവർക്കും നന്ദി പറയാൻ കൂടി ഈ അവസരം ഉപയോഗിക്കട്ടെ. വ്യത്യസ്തങ്ങളായ പ്രമേയങ്ങളുമായിട്ടാണ് ഞാൻ മിക്കപ്പോഴും പ്രേക്ഷകരുടെ മുന്നിൽ എത്തിയിട്ടുള്ളത്. ഇനിയും അത്തരം സിനിമകളുമായി വരാനാണ് ശ്രമിക്കുന്നതും. അതിന്റെ പണിപ്പുരയിലാണ്.. നന്ദി.’’–വിനയൻ പറഞ്ഞു.

1999 ജനുവരി 26നാണ് ആകാശഗംഗ തിയറ്ററുകളിലെത്തിയത്. ദിവ്യ ഉണ്ണി, മയൂരി, റിയാസ്, രാജന്‍ പി ദേവ്, മുകേഷ്, ജഗദീഷ്, ഇന്നസെന്‍റ്, കലാഭവന്‍ മണി, സുകുമാരി, കല്‍പ്പന, ജഗതി എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തില്‍ അണിനിരന്നിരുന്നു. ചിത്രത്തിലെ ഗാനങ്ങളും ശ്രദ്ധ നേടിയവയാണ്.

English Summary:

Vinayan about Akashaganga movie

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com