ADVERTISEMENT

ജനുവരി 26ന് നെറ്റ്ഫ്ലിക്സിലൂടെ റിലീസ് ചെയ്ത രൺബീർ കപൂർ ചിത്രം ‘അനിമലി’നെതിരെ സമൂഹ മാധ്യമങ്ങളിൽ വ്യാപക പ്രതിഷേധം. ചിത്രത്തിന്റെ റിലീസ് സമയത്ത് ഉയർന്നു വന്ന വിമർശനങ്ങൾ തന്നെയാണ് ഇവിടെയും ചര്‍ച്ചാ വിഷയം. സിനിമ ലിംഗവിവേചനം, സ്ത്രീവിരുദ്ധത എന്നിവയെ മഹത്വവൽക്കരിക്കുന്നുവെന്നും ഒടിടി പ്ലാറ്റ്ഫോമിൽ നിന്ന് സിനിമ പിൻവലിക്കണമെന്നുമാണ് ആവശ്യം.

‘‘ഞാനൊരു ഇന്ത്യക്കാരിയായ സ്ത്രീയാണ്. അനിമൽ എന്ന സിനിമ എന്നെ വല്ലാതെ അലോസരപ്പെടുത്തുന്നു. ഇതിൽ ഒരു ഇന്ത്യക്കാരനായ പുരുഷന് വിവാഹത്തിന് പുറത്ത് ബന്ധങ്ങളുള്ളതായി കാണിക്കുന്നു. ഇന്ത്യയുടെ സാംസ്കാരിക പൈതൃകമാണ് ഈ സിനിമയിലൂടെ മാറ്റിമറിക്കുന്നത്. ഈ രാജ്യത്തിന്റെ ഒരു ഭർത്താവിന് ഒരു ഭാര്യ എന്ന് ആശയത്തെയാണ് കളങ്കപ്പെടുത്തുന്നത്. ഇതിനെതിരെ ദയവായി നടപടിയെടുക്കുക.’’–സിനിമ കണ്ട ഒരു പ്രേക്ഷക എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചത് ഇങ്ങനെ.

രാധിക ശരത്കുമാർ, ആർജെ ബാലാജി, ജാവേക് അക്തർ തുടങ്ങി നിരവധിപ്പേർ സിനിമയെ വിമർശിച്ച് എത്തുകയുണ്ടായി. അതേസമയം ചിത്രത്തെ പുകഴ്ത്തി സംസാരിച്ച തൃഷയ്ക്കെതിരെ സമൂഹ മാധ്യമങ്ങളിൽ വലിയ പ്രതിഷേധവും ഉയർന്നു.

അര്‍ജുന്‍ റെഡ്ഡിയിലൂടെ ശ്രദ്ധേയനായ സന്ദീപ് റെഡ്ഡി വങ്ക സംവിധാനം ചെയ്ത ‘അനിമൽ’ സിനിമയിൽ വയലൻസ് മാത്രമല്ല, ലൈംഗികതയും സ്ത്രീവിരുദ്ധതയുമൊക്കെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് ചിലർ അഭിപ്രായപ്പെടുന്നു. മൂന്ന് മണിക്കൂറിനു മുകളിൽ ദൈർഘ്യമുള്ള ഈ രൺബീർ കപൂർ ചിത്രം ബോക്സ് ഓഫിസിൽ വമ്പൻ വിജയമായിരുന്നു. ഷാറുഖ് ഖാന്റെ ജവാൻ സിനിമയ്ക്കു ശേഷം ഏറ്റവും വേഗത്തിൽ 300 കോടി ക്ലബ്ബിൽ ഇടം നേടുന്ന ചിത്രമായും അനിമല്‍ മാറി.

രണ്ട് മാസത്തോളം നീണ്ട ഇടവേളയ്ക്കു ശേഷമായിരുന്നു ചിത്രത്തിന്‍റെ ഒടിടി റിലീസ്. ബോളിവുഡിൽ ഈ അടുത്തു കണ്ട ഏറ്റവും വയലൻസ് നിറഞ്ഞ സിനിമകളിലൊന്നായ അനിമലിലൂടെ സൂപ്പർസ്റ്റാർ പട്ടവും രണ്‍ബീർ സ്വന്തമാക്കി. അര്‍ജുന്‍ റെഡ്ഡി, കബീർ സിങ് എന്നീ  സിനിമകൾ ഒരുക്കിയ സന്ദീപ് റെഡ്ഡി വാങ്കയുടെ മൂന്നാമത്തെ ചിത്രമാണ് ‘അനിമൽ’.

രശ്മിക മന്ദാനയുടെ നായികാവേഷവും ഏറെ ചർച്ചയായി. അനില്‍ കപൂര്‍, ബോബി ഡിയോള്‍, തൃപ്തി ദിംരി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

English Summary:

Netizens demand removal of Ranbir Kapoor's 'Animal' from Netflix just like 'Annapoorani'

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com