അടുത്ത ജന്മത്തിൽ ഷംന കാസിമിന്റെ മകനായി ജനിക്കണമെന്ന് മിഷ്കിൻ; പൊട്ടിക്കരഞ്ഞ് നടി
Mail This Article
അടുത്ത ജന്മത്തില്‍ നടി ഷംന കാസിമിന്റെ മകനായി ജനിക്കണമെന്നാണ് തന്റെ ആഗ്രഹമെന്ന് സംവിധായകന്‍ മിഷ്‌കിന്‍. മിഷ്‌കിന്റെ സഹോദരന്‍ ജി.ആര്‍. ആദിത്യ സംവിധാനം ചെയ്യുന്ന ‘ഡെവിള്‍’ എന്ന ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടിക്കിടെയായിരുന്നു ഷംനയെ പ്രശംസിച്ച് മിഷ്കിൻ എത്തിയത്. അഭിനയിക്കുമ്പോള്‍ സ്വയം മറക്കുന്നവരെയാണ് അഭിനേതാക്കള്‍ എന്ന് വിളിക്കാറുള്ളതെന്നും പൂര്‍ണ (ഷംന കാസിം) അത്തരത്തില്‍ ഒരു അഭിനേത്രിയാണെന്നും മിഷ്കിൻ പറയുകയുണ്ടായി.
‘‘എന്റെ ജീവിതത്തില്‍ ഏറെ പ്രാധാന്യമുള്ള വ്യക്തിയാണവര്‍. അടുത്ത ജന്മത്തില്‍ എനിക്ക് അവരുടെ മകനായി ജനിക്കണം. മരണം വരെ അവര്‍ അഭിനയിക്കണം എന്നാണ് എന്റെ ആഗ്രഹം. പൂര്‍ണ മറ്റു ചിത്രങ്ങളില്‍ അഭിനയിക്കുമോ എന്നറിയില്ല. എന്റെ ചിത്രങ്ങളില്‍ പൂര്‍ണ ഉണ്ടാകും.
അവർ അത്രയ്ക്ക് സ്നേഹമുള്ള നടിയാണ്. കല്യാണം നടന്നപ്പോളും എനിക്കൊരുപാട് സന്തോഷമായി. അഞ്ച് വർഷമെങ്കിലും അഭിനയിച്ചു കഴിഞ്ഞുപോരെ വിവാഹമെന്നും ഞാൻ ചോദിച്ചിരുന്നു. ഇപ്പോൾ ഇവരെ കാണുമ്പോൾ സന്തോഷം. വിവാഹത്തിനുശേഷം ഇപ്പോൾ ദുബായിലാണ് പൂർണ താമസിക്കുന്നത്.’’–മിഷ്കിൻ പറഞ്ഞു.
മിഷ്‌കിന്റെ വാക്കുകള്‍ കേട്ട് സന്തോഷം കൊണ്ട് കരയുന്ന ഷംനയുടെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. ഫെബ്രുവരി 2ന് റിലീസ് ചെയ്യുന്ന ഡെവിള്‍, മിഷ്‌കിന്‍ സംഗീതസംവിധായകനായി അരങ്ങേറുന്ന ചിത്രം കൂടിയാണ്.