പ്രേക്ഷകരെ വിറപ്പിക്കാൻ മമ്മൂട്ടി; ‘ഭ്രമയുഗ’ത്തിനു യു/എ സർട്ടിഫിക്കറ്റ്
Mail This Article
പ്രേക്ഷകരെ തിയറ്ററിൽ ഭീതിയുടെ മുൾമുനയിൽ നിർത്താൻ മമ്മൂട്ടി ചിത്രം ‘ഭ്രമയുഗം’ വരുന്നു. സിനിമയ്ക്കു യു/എ സർട്ടിഫിക്കറ്റ് ആണ് സെൻസർ ബോർഡ് നൽകിയിരിക്കുന്നത്. ചിത്രം ഫെബ്രുവരി 15ന് തിയറ്ററുകളിലെത്തും.
മമ്മൂട്ടിയുടെ ഞെട്ടിക്കുന്ന മേക്കോവര്‍ തന്നെയാണ് സിനിമയുടെ പ്രധാന ആകർഷണം. അർജുൻ അശോകൻ, സിദ്ധാർഥ് ഭരതൻ, അമാൽഡ ലിസ് എന്നിവരും ടീസറിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. മനയ്ക്കുള്ളില്‍ സംഭവിക്കുന്ന കാര്യങ്ങളാണ് സിനിമ പറയുക എന്നാണ് ടീസറില്‍ നിന്നുള്ള മറ്റൊരു സൂചന.
‘ഭൂതകാലം’ എന്ന ഹൊറർ ചിത്രത്തിലൂടെ ശ്രദ്ധേയനായ രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഭ്രമയുഗം’. വൈ നോട്ട് സ്റ്റുഡിയോസും നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസും ആദ്യമായി നിര്‍മിക്കുന്ന മലയാള ചിത്രം കൂടിയാണിത്. ഹൊറർ ത്രില്ലർ സിനിമകൾക്കു മാത്രമായി ആരംഭിച്ചിരിക്കുന്ന പ്രൊഡക്‌ഷൻ ഹൗസ് ആണ് നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്.
കൊച്ചിയും ഒറ്റപ്പാലവുമാണ് ‘ഭ്രമയുഗ’ത്തിന്റെ പ്രധാന ലൊക്കേഷനുകൾ. അർജുൻ അശോകൻ, സിദ്ധാർഥ് ഭരതൻ, അമൽദ ലിസ് എന്നിവരും ചിത്രത്തിൽ വേഷമിടുന്നു. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ ഒരേസമയമായിരിക്കും ‘ഭ്രമയുഗ’ത്തിന്റെ റിലീസ്.
ഛായാഗ്രഹണം: ഷെഹ്‌നാദ് ജലാൽ, ചിത്രസംയോജനം: ഷഫീഖ് മുഹമ്മദ് അലി, സംഗീതം: ക്രിസ്റ്റോ സേവ്യർ, സംഭാഷണങ്ങൾ: ടി.ഡി. രാമകൃഷ്ണൻ, പ്രൊഡക്‌ഷൻ ഡിസൈനർ: ജോതിഷ് ശങ്കർ, കലാസംവിധാനം: ജ്യോതിഷ് ശങ്കർ, സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കടത്ത്, സൗണ്ട് മിക്സ്: എം.ആർ. രാജകൃഷ്ണൻ, മേക്കപ്പ്: റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം: മെൽവി ജെ., പിആർഒ: ശബരി.