അച്ഛന്റെ പേര് കളയരുത് എന്ന ചിന്ത എനിക്കില്ല: ധ്യാൻ ശ്രീനിവാസൻ
Mail This Article
മുകേഷ്, ഉർവശി, ധ്യാൻ ശ്രീനിവാസൻ, ഷൈൻ ടോം ചാക്കോ, ദുർഗ കൃഷ്ണ എന്നിവർ ഒന്നിക്കുന്ന ഏറ്റവും പുതിയ സിനിമ ‘അയ്യർ ഇൻ അറേബ്യ’ തിയറ്ററുകളിലേക്ക് എത്തുകയാണ്. മനസ്സുതുറന്ന് ചിരിക്കാൻ പറ്റുന്ന ആക്ഷേപഹാസ്യ രൂപത്തിലുള്ള സിനിമയാണ് ‘അയ്യർ ഇൻ അറേബ്യ’. സിനിമയുടെ വിശേഷങ്ങളുമായി ധ്യാന്‍, ഷൈൻ, ദുർഗ എന്നിവർ മനോരമ ഓൺലൈനിൽ:–
സീനിയർ താരങ്ങളോടൊപ്പം ഒരു സിനിമ
ദുർഗ: ഉർവശി ചേച്ചിയെ ലേഡി സൂപ്പർസ്റ്റാർ എന്നു തന്നെ പറയാം. ഞങ്ങൾക്ക് ഒരു ടെന്റ് ഉണ്ട്, ഷൂട്ട് കഴിയുന്ന സമയത്ത് ഞങ്ങൾ അവിടെ ഇരിക്കും. ഓരോ കഥാപാത്രങ്ങളെക്കുറിച്ചും പണ്ടത്തെ അനുഭവങ്ങളെക്കുറിച്ചും ഒക്കെ ഞാൻ ചോദിച്ചു മനസ്സിലാക്കുമായിരുന്നു. ഒരേ ദിവസം രണ്ട് സിനിമകളൊക്കെ ചെയ്തിരുന്ന ആർടിസ്റ്റ് അല്ലേ. അതൊക്കെ എങ്ങനെയായിരുന്നു എന്ന് ചോദിക്കുമായിരുന്നു. മുകേഷേട്ടനും ചേച്ചിയും പണ്ടത്തെ കുറേ കഥകൾ പറയും അതൊക്കെ നമ്മൾ കേട്ടിരിക്കും. സെറ്റ് നല്ല രസമായിരുന്നു.
ഷൈൻ: ഉർവശി ചേച്ചി ഒരു ആർടിസ്റ്റായോ സ്റ്റാറായോ ഒമന്നുമല്ല നമ്മളോട് ഇടപഴകിയിരുന്നത്. അമ്മയെ പോലെ, അല്ലെങ്കിൽ നമ്മുടെ അമ്മയുടെ ചേച്ചിയെ പോലെ ഒക്കെയായിരുന്നു. ഞാൻ ഭക്ഷണമൊന്നും സമയത്ത് കഴിക്കാറില്ല.
ഇപ്പോഴത്തെ ചെറുപ്പക്കാർക്ക് പൊതുവെ ഭക്ഷണം കഴിക്കേണ്ട ആവശ്യമില്ലല്ലോ. ചേച്ചി ഇത് കണ്ടിട്ട് എവിടെ നിന്നോ ചട്ടിച്ചോറും പൊതിച്ചോറും ഒക്കെ ആയി വരും. ദുബായില്‍ ഷൂട്ട് ചെയ്യുന്ന സമയത്താണിതൊക്കെ. മുകേഷേട്ടൻ എന്നിട്ട് ഉർവശി ചേച്ചിയോട് പറയും, ‘എന്നാൽ ഒരു കാര്യം ചെയ്യ്, ഷൈനിനെ അങ്ങ് ദത്തെടുത്തോ കൂടെ ഈ അലൻസിയറിനെയും’ എന്ന്...
അച്ഛന്റെ പേര് കളയരുത് എന്ന ചിന്ത
സിനിമയിൽ സജീവമായിട്ടുള്ള പല താരപുത്രന്മാരും പറയുന്ന ഒരു കാര്യമാണ് അച്ഛന്റെ പേര് കളയാതെ സിനിമകൾ ചെയ്യണം എന്ന്. എന്നാൽ ധ്യാൻ അങ്ങനെ പറഞ്ഞിട്ടേയില്ല...
‘ഞാനങ്ങനെ പറഞ്ഞിട്ടുമില്ല, ചെയ്യാനും പോകുന്നില്ല. അങ്ങനെ ചിന്തയുള്ളവരുണ്ട്. എനിക്കാ ചിന്തയേ ഇല്ല. നമ്മൾ നമ്മുടെ രീതിയിൽ അങ്ങ് പോവുക എന്നതേ എനിക്കുള്ളൂ. നമ്മൾ ജോലി ചെയ്യുക, അതിന്റെ ശമ്പളം വാങ്ങുക, വീട്ടിൽ പോവുക. നമ്മുടെ പ്രവർത്തിയിൽ ആണല്ലോ കാര്യം. അതിനിടയിൽ അവരെ പറ്റി ചിന്തിക്കേണ്ട കാര്യമില്ല. അല്ലെങ്കിൽ പിന്നെ നമ്മൾ അവരുടെ കെയറോഫിൽ വന്നവരാകണം. അവർ കൊണ്ടു തന്ന സിനിമകളല്ല ഞാൻ ചെയ്യുന്നത്.
ഞാന്‍ എന്റെ പരിചയത്തിലുള്ളവരെ വച്ചും സുഹൃത്‌വലയത്തിൽ നിന്നുമൊക്കെയാണ് സിനിമ ചെയ്യുന്നത്. അദ്ദേഹം ചെയ്തു വച്ചതിനെ മാച്ച് ചെയ്യാൻ ഞാൻ നോക്കുന്നില്ല. ഞാനെന്റേതായ യാത്രയിലാണ്. നേരേ വാ നേരേ പോ – ആളാണ് ഞാൻ.’ ധ്യാൻ പറയുന്നു. ‘ഈ പറഞ്ഞ ഒരു ചിന്തയും ഇല്ലാത്ത ഒരു മനുഷ്യനാണ് പ്രണവ്. അദ്ദേഹം മോഹൻലാലിന്റെ മകനാണെന്ന് ചിന്തിച്ചാ റോഡിലിറങ്ങി നടക്കാൻ പറ്റോ? രാവിലെ പോയി മീൻ മേടിക്കാൻ പറ്റോ? പാറപ്പുറത്ത് കയറി നിൽക്കാൻ പറ്റോ? ആ ചിന്ത വരരുതെന്നാണ് എന്റെ അഭിപ്രായം.