ഒരുകാലത്ത് മലയാള സിനിമയിലെ സ്ഥിരം ഗുണ്ട; ‘വാലിബനി’ലൂടെ റീ എൻട്രി
Mail This Article
റിലീസ് ചെയ്ത് ഒരാഴ്ച പിന്നിടുമ്പോഴും മലൈക്കോട്ടൈ വാലിബൻ എന്ന ചിത്രത്തെ സംബന്ധിച്ചുള്ള ചർച്ചകൾ ഒടുങ്ങിയിട്ടില്ല. മോഹന്‍ലാല്‍– ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുകെട്ടില്‍ പിറന്ന വാലിബന്റെ ഓരോ വിശേഷവും വലിയ പ്രതികരണങ്ങളാണ് സൃഷ്ടിക്കുന്നത്. വാലിബൻ പോരിനെത്തുന്ന മാങ്ങോട്ട് കളരിക്കു മുന്നിലെ മരച്ചുവട്ടില്‍ തളര്‍ന്നുകിടക്കുന്ന ആ പഴയ യോദ്ധാവിനെ പ്രേക്ഷകർ പെട്ടെന്നങ്ങനെ മറക്കാൻ ഇടയില്ല.
മാങ്ങോട്ട് മല്ലന്റെ അമ്മയുടെ കടുത്ത ചതിയിലൂടെ തോറ്റുപോയ ആ യോദ്ധാവിന്റെ ദൈന്യം അതിഗംഭീരമായി പകര്‍ന്നാടിയ ആ താരമേതാണെന്ന അന്വേഷണം ഒടുവിൽ ചെന്നെത്തിയത് മലയാള സിനിമയില്‍ ഒരു കാലത്ത് വില്ലന്‍ വേഷങ്ങളിലൂടെ പ്രേക്ഷകരെ വിറപ്പിച്ച വിനോദ് കോഴിക്കോട് എന്ന നടനിലായിരുന്നു. വാലിബനിലെ വിനോദിന്‍റെ കഥാപാത്രത്തിന് ഇപ്പോള്‍ ആരാധകര്‍ ഏറെയാണ്. ലിജോ ജോസ് ചിത്രങ്ങളിൽ വിനോദിന്റെ സാന്നിധ്യം ഇതാദ്യമല്ല. ആമേൻ തൊട്ടിങ്ങോട്ട് മൂന്നാമത്തെ ലിജോ ചിത്രത്തിലാണ് താൻ അഭിനയിക്കുന്നതെന്ന് വിനോദ് കോഴിക്കോട് പറയുന്നു.
1982 ൽ തുടങ്ങിയ സിനിമാ യാത്ര, വർഷത്തിൽ അഞ്ചു ചിത്രങ്ങളെങ്കിലും ചെയ്ത് ഇന്നും തുടരാൻ കഴിയുന്നതിലും വിനോദിനു സന്തോഷമുണ്ട്. തന്റെ സിനിമാ വിശേഷങ്ങൾ പങ്കുവച്ച് വിനോദ് കോഴിക്കോട് മനോരമ ഓൺലൈനിൽ.
‘‘1982 ൽ ആണ് ഞാൻ ആദ്യമായി സിനിമയിൽ അഭിനയിക്കുന്നത്. അങ്ങാടിക്കപ്പുറത്ത് എന്ന ഐ.വി. ശശി സിനിമയായിരുന്നു അത്. അതിൽ മോഹൻലാലും മമ്മൂട്ടിയും റഹ്മാനും ടി.ജി.രവിയുമൊക്കെ ഉണ്ട്. അവരുമായിട്ടുള്ള ബന്ധം അന്നുമുതലേ ഉള്ളതാണ്. അന്നുതൊട്ട് ഇന്നോളം സിനിമയുടെ ഒപ്പം തന്നെയായിരുന്നു. ഞാൻ മലയാള സിനിമയിൽനിന്നു വിട്ടു നിന്നിട്ടില്ല. എല്ലാ വർഷവും തുടർച്ചയായി പടങ്ങൾ ചെയ്തുകൊണ്ടിരിക്കുന്നുണ്ട്. ഒരു വർഷം അഞ്ചു പടങ്ങൾ എങ്കിലും ചെയ്യാറുണ്ട്. വാലിബൻ പോലെയൊരു ബിഗ് ബജറ്റ് ചിത്രത്തിൽ ഞാൻ എത്തുന്നത് കുറെ നാളത്തെ ഇടവേളയ്ക്കു ശേഷമാണെന്നു മാത്രം.
ലിജോ തന്നെയാണ് ഈ സിനിമയിലേക്ക് വിളിച്ചത്. ‘‘ചേട്ടാ, ചെറിയൊരു കഥാപാത്രമാണ് ചെയ്യാൻ പറ്റുമോ?’’ എന്ന് ചോദിച്ചു. പിന്നെന്താ ചെയ്യാമെന്ന് ഞാൻ പറഞ്ഞു. എന്നെ സംബന്ധിച്ച് ലിജോയുടെ പടം ചെയ്യുന്നത് വലിയ സന്തോഷമുള്ള കാര്യമാണ്. ഞാൻ അഭിനയിക്കുന്ന മൂന്നാമത്തെ ലിജോ ചിത്രം ആണിത്. രാജസ്ഥാനിൽ ആയിരുന്നു ചിത്രീകരണം. മോഹൻലാലിനൊപ്പം അഭിനയിക്കുന്നത് എനിക്ക് പുതിയ കാര്യമല്ല. ‘അമ്മ’ അസോസിയേഷനിലെ ഒരു ആജീവനാന്ത അംഗമാണ് ഞാൻ. എല്ലാ വർഷവും ഒരു ദിവസം ഞങ്ങൾ എല്ലാവരും തമ്മിൽ കാണാറുണ്ട്.
ഇപ്പോൾ മൂന്നു നാലു പടങ്ങൾ ചെയ്തുകഴിഞ്ഞു. അതൊക്കെ റിലീസ് ആകാനുണ്ട്. അലകടൽ എന്നൊരു ചിത്രം റിലീസ് ആകാനുണ്ട്. അത് ഒരു പുതിയ സംവിധായകന്റെ പടമാണ്.’’– വിനോദ് കോഴിക്കോട് പറയുന്നു.
കരിയറിലെ ഏറ്റവും മികച്ചൊരു വേഷം കിട്ടിയ സന്തോഷത്തിലും മറക്കാനാകാത്ത ഒരു വേദനയും വിനോദിന്റെ മനസ്സിലുറയുന്നു, അദ്ദേഹത്തിന്റെ ഭാര്യയും പ്രശസ്ത കായിക താരവുമായിരുന്ന കെ.വി.ആനന്ദവല്ലിയുടെ മരണം അടുത്തിടെയായിരുന്നു. നാലു മാസം മുമ്പാണ് വിനോദിനെയും മക്കളെയും തനിച്ചാക്കി ആനന്ദവല്ലി വിടപറഞ്ഞത്.
അർജുൻ വി.കുമാർ, അലീന വി.കുമാർ എന്നിവരാണ് മക്കൾ. അർജുൻ ബെംഗളൂരുവിൽ ഐടി മേഖലയിൽ ജോലി ചെയ്യുന്നു. അലീന ഫിസിക്കൽ എജ്യുക്കേഷൻ അധ്യാപികയാണ്.
കോഴിക്കോട് കോവൂർ സ്വദേശിയാണ് വിനോദ്. മലയാളത്തില്‍ ഗുണ്ട വേഷങ്ങളിൽ സ്ഥിരം എത്തിയ വിനോദ് കോഴിക്കോടിന്റെ ഏറെ ശ്രദ്ധിക്കപ്പെട്ട വേഷമായിരുന്നു ആമേനിലെ വിക്രമൻ. ഗോഡ്ഫാദർ, മഹായാനം, നമ്പർ 20 മദ്രാസ് മെയിൽ, അടിവേരുകൾ തുടങ്ങി മുപ്പതോളം സിനിമകളിൽ അഭിനയിച്ചു.