ADVERTISEMENT

സിനിമാ കരിയർ ഉപേക്ഷിച്ച് രാഷ്ട്രീയത്തിലേക്കു പൂർണമായും ചുവടുറപ്പിക്കുന്ന ദളപതി വിജയ്‌യ്ക്ക് പിന്തുണയുമായി തമിഴ് സിനിമാ ലോകം. അറ്റ്‌ലി, അപർണ ദാസ്, ലോറൻസ്, ചേരൻ, സിബി ഭാഗ്യരാജ്, ശാന്തനു, അനിരുദ്ധ്, കാർത്തിക് സുബ്ബരാജ്, വരലക്ഷ്മി ശരത്കുമാർ, സതീഷ് തുടങ്ങി നിരവധിപ്പേരാണ് വിജയ്‌യ്ക്ക് അഭിനന്ദനങ്ങളുമായി എത്തുന്നത്.

‘‘വാക്കു പാലിച്ചതിലും രാഷ്ട്രീയത്തിൽ ഇറങ്ങാമെന്ന തീരുമാനമെടുത്തതിലും ദളപതിയെ എല്ലാ സന്തോഷത്തോടും കൂടി സല്യൂട്ട് ചെയ്യുന്നു. ആരാധകനെന്ന നിലയിൽ അദ്ദേഹത്തിന്റെ സിനിമകൾ ബിഗ് സ്‌ക്രീനിൽ മിസ് ചെയ്യുമെങ്കിലും, അദ്ദേഹത്തെപ്പോലുള്ള നേതാക്കൾ ലോകത്തിന് ആവശ്യമുള്ളതിനാൽ ഈ തീരുമാനത്തെ ഞാൻ പിന്തുണയ്ക്കുന്നു.’’–നടൻ സത്യരാജിന്റെ മകനും നടനുമായ സിബി സത്യരാജ് കുറിച്ചു.

‘‘എല്ലാ ആശംസകളും അണ്ണന് നേരുന്നു. ഇവിടെയും ഉയരങ്ങളിലെത്തട്ടെ. തമിഴ്നാടിന് ഒരു നല്ല നേതാവെന്ന നിലയിൽ നിങ്ങൾ ആഗ്രഹിക്കുന്നതെല്ലാം മികച്ച രീതിയിൽ ചെയ്യാൻ കഴിയട്ടെ.’’–ശാന്തനുവിന്റെ വാക്കുകൾ.

ഇതുവരെ കരാറായിരിക്കുന്ന സിനിമകൾ പൂർത്തിയാക്കിയ ശേഷം അഭിനയത്തിനു താൽക്കാലിക വിരാമമിട്ട് രാഷ്ട്രീയത്തിൽ തന്നെ തന്റെ പൂർണ ശ്രദ്ധകേന്ദ്രീകരിക്കുമെന്നും നടൻ ഔദ്യോഗികമായി പുറത്തുവിട്ട കത്തിൽ പറയുന്നുണ്ട്.

തന്റെ അറുപത്തിയൊൻപതാം സിനിമയിലൂടെ സിനിമാ കരിയറിന് ഇടവേള ഇടാനാണ് നടന്റെ തീരുമാനം. ഇതോടെ ഇപ്പോൾ ചിത്രീകരിച്ചുകൊണ്ടിരിക്കുന്ന വെങ്കട് പ്രഭുവിന്റെ ദ് ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം എന്ന ചിത്രത്തിനു ശേഷം വരുന്ന വിജയ് ചിത്രമാകും ദളപതി 69. എന്നാൽ ഈ സിനിമ ആരു ചെയ്യുമെന്നതിൽ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.ആർആർആർ സിനിമയുടെ നിർമാതാക്കളായ ഡിവിവി ദനയ്യ നിര്‍മിക്കുന്ന പുതിയ ചിത്രത്തിൽ വിജയ് നായകനായെത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാൽ സംവിധായകൻ ആരെന്നത് വ്യക്തമല്ല.

കരിയറിന്റ ഏറ്റവും ഉന്നതയിൽ നിൽക്കുന്ന സമയത്ത് വിജയ് പൂർണമായും രാഷ്ട്രീയത്തിലേക്കിറങ്ങുന്നതിന്റെ ചെറിയ നിരാശ അദ്ദേഹത്തിന്റെ ആരാധകരിലും പ്രകടമാണ്. എന്നിരുന്നാലും വിജയ് തന്റെ ജീവിതത്തിലെ അടുത്ത ഘട്ടത്തിലേക്ക് കാലെടുത്തുവയ്ക്കുമ്പോൾ എല്ലാ പിന്തുണയോടും കൂടി ഇവർ ഒപ്പമുണ്ടാകുമെന്നതും തീർച്ച.

English Summary:

Thalapathy Vijay's political entry: Celebrities Reaction

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com