തമിഴകത്തിനു നഷ്ടമാകുക കോടികൾ; വിജയ്‌യുടെ സിംഹാസനം ഇനി ആര്‍ക്ക് ?
Mail This Article
വിജയ് രാഷ്ട്രീയത്തിലേക്കു ചുവടു മാറ്റുമ്പോള്‍ ഒഴിയുന്ന ഇടം ആരു കയ്യടക്കും? തെന്നിന്ത്യന്‍ ചലച്ചിത്രവേദി ആകാംക്ഷാപൂര്‍വം ഉറ്റുനോക്കുന്ന സംഗതിയാണിത്. അതു വിലയിരുത്തും മുന്‍പ് തമിഴ് സിനിമയുടെ ബിസിനസ് ഘടകങ്ങള്‍ എന്തെന്ന് പരിശോധിക്കേണ്ടതുണ്ട്. മുന്‍കാലങ്ങളില്‍ തമിഴ് സിനിമയുടെ മാര്‍ക്കറ്റ് എന്നത് ഏരിയ തിരിച്ചുളള വിതരണാവകാശമായിരുന്നു. കേരളത്തിന്റെ നിരവധി ഇരട്ടി വിസ്തീർണമുളള സംസ്ഥാനം എന്ന നിലയില്‍, തിയറ്ററുകളില്‍ പ്രദര്‍ശിപ്പിച്ച് ഒരു മലയാള സിനിമയുടെ പതിന്‍മടങ്ങ് തുക വരുമാനമുണ്ടാക്കാന്‍ തമിഴ് സിനിമകള്‍ക്ക് സാധിച്ചിരുന്നു. അതുകൊണ്ടുതന്നെ തെലുങ്ക്-ഹിന്ദി സിനിമകള്‍ക്ക് സമാനമായ ബജറ്റും ബിസിനസും തമിഴ് പടങ്ങള്‍ക്ക് സാധ്യമായിരുന്നു. വന്‍തുക മുടക്കി ലോകോത്തര സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് വലിയ കാഴ്ചാനുഭവം പങ്കിടുന്ന സിനിമകള്‍ എന്ന കോണ്‍സപ്റ്റിലേക്ക് തമിഴ് ഫിലിം ഇന്‍ഡസ്ട്രി ചുവട് വയ്ക്കുന്നത് ഈ പശ്ചാത്തലത്തിലാണ്.
മുന്‍കാലങ്ങളിലും തമിഴ്‌സിനിമകള്‍ കേരളം അടക്കമുളള മറ്റ് തെന്നിന്ത്യന്‍ സംസ്ഥാനങ്ങളിലും ഉത്തരേന്ത്യയിലും റിലീസ് ചെയ്തിരുന്നെങ്കിലും ഭീമമായ കലക്‌ഷന്‍ ലഭിച്ചിരുന്നില്ല. മലയാളത്തിലും സുപരിചിതനായ കമലഹാസന്റെ കാക്കിച്ചട്ടെയും മൂന്നാംപിറയും പോലുളള സിനിമകള്‍ ഭേദപ്പെട്ട കലക്‌ഷന്‍ നേടിയ പൂര്‍വകാലചരിത്രവുമുണ്ട്.
എന്നാല്‍ പില്‍ക്കാലത്ത് കഥ മാറി. മണിരത്‌നത്തിന്റെ റോജ, ബോംബെ പോലുളള സിനിമകളും ശങ്കറിന്റെ ജന്റില്‍മാന്‍, യന്തിരന്‍, കാതലന്‍, അന്ന്യന്‍ പോലുളള ബിഗ്ബജറ്റ് സിനിമകളും പാന്‍ഇന്ത്യന്‍ എന്ന വിശേഷണം ഉപയോഗിക്കാതെ തന്നെ ആ തലത്തില്‍ ഇന്ത്യ എമ്പാടും വലിയ വിപണി കണ്ടെത്തി. തമിഴ് ഇതര സംസ്ഥാനങ്ങളില്‍ നിന്നും കോടികളുടെ ബിസിനസ് കണ്ടെത്തിയ ഈ സിനിമകളുടെ വിജയരഹസ്യം നേറ്റിവിറ്റി ഇടങ്കോലിടാത്ത യൂണിവേഴ്‌സല്‍ സബ്ജക്ടുകളായിരുന്നു. ഏത് ദേശത്തുമുള്ള പ്രേക്ഷകര്‍ക്ക് ആസ്വദിക്കാന്‍ പാകത്തില്‍ തികഞ്ഞ എന്റര്‍ടെയ്നറുകള്‍ ഒരുക്കിക്കൊണ്ട് തമിഴ് സിനിമ പാണ്ടിപ്പടങ്ങള്‍ എന്ന പഴയ ഇമേജ് പൊളിച്ചടുക്കി.
എന്നാല്‍ മുത്തുവും ബാഷയും പോലുളള പക്കാ തട്ടുപൊളിപ്പന്‍ തമിഴ്പടങ്ങള്‍ പോലും ഇന്ത്യയിലെമ്പാടും തരംഗമുണ്ടാക്കി. അതിലെ എന്റര്‍ടെയ്ൻമെന്റ് ഫാക്ടര്‍ തന്നെയായിരുന്നു ഈ സിനിമകളെയും തുണച്ചത്. എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ജപ്പാനിലും ചൈനയിലും പോലും ഈ സിനിമകള്‍ക്ക് തിയറ്റര്‍ റവന്യൂ ലഭിക്കുന്ന സാഹചര്യമുണ്ടായി. രജനി ഫാന്‍സായ ഇന്ത്യന്‍ പ്രേക്ഷകര്‍ മാത്രമല്ല അതാത് രാജ്യത്തെ പൗരന്‍മാരും രജനി സിനിമകള്‍ കാണാന്‍ കയറി. ഈ ട്രെന്‍ഡ് ശ്രീലങ്ക അടക്കമുളള ചെറിയ രാജ്യങ്ങള്‍ പോലും ഏറ്റെടുത്തു. ക്രമേണ തമിഴ് സിനിമയുടെ ബിസിനസ് ഏരിയ ആഗോളതലത്തിലേക്ക് വികസിച്ചു.
എന്നാല്‍ ഈ ബിസിനസ് രജനികാന്ത് എന്ന ഒരേയൊരു പേരിനെ ചുറ്റിപ്പറ്റി നിന്നു. ഇതിനിടയില്‍ തെലുങ്കിലെ രാജമൗലി തന്റെ ഈച്ച മുതല്‍ ബാഹുബലി ദ്വയങ്ങള്‍ വരെയുളള സിനിമകള്‍ കൊണ്ട് ആഗോള വിപണി എങ്ങനെ പിടിച്ചടക്കാമെന്ന് കാണിച്ചു തന്നു. ‘പികെ’ പോലുളള ബോളിവുഡ് സിനിമകളിലൂടെ ആമിര്‍ഖാനും ഒരു പരിധി വരെ ഗ്ലോബല്‍ മാര്‍ക്കറ്റില്‍ അദ്ഭുതങ്ങള്‍ സൃഷ്ടിച്ചു.
ആമിര്‍ഖാനും സല്‍മാന്‍ ഖാനും ഷാറുഖും അമിതാഭും അക്ഷയ് കുമാറുമൊക്കെ ഗ്ലോബല്‍ അപ്പീലും അപ്പിയറന്‍സുമുളള താരങ്ങളായിരുന്നു. രജനികാന്തിന്റെ സ്ഥിതി അതായിരുന്നില്ലെങ്കിലും ആക്ടിങ് സ്‌റ്റൈല്‍ കൊണ്ട് അദ്ദേഹം ലോകത്തെ കയ്യിലെടുത്തു. എന്നാല്‍ ഈ മഹാവിജയവും ലോകോത്തര ബിസനസും വലിയ അളവില്‍ ആര്‍ജ്ജിക്കാന്‍ രജനിയേക്കാള്‍ ലുക്കും പ്രതിഭയുമുളള കമലഹാസനു പോലും ഒരു കാലത്ത് കഴിഞ്ഞില്ല.
വിജയ് യുഗം പിറക്കുന്നു
ഈ ഘട്ടത്തിലാണ്, ‘എലിമൂഞ്ചി’ എന്ന് തമിഴ് സിനിമയിലെ ഒരു പ്രമുഖന്‍ ഒരിക്കല്‍ ആക്ഷേപിച്ച സാക്ഷാല്‍ ദളപതി വിജയ് വെന്നിക്കൊടി പാറിച്ചത്. തമിഴ് ഇന്‍ഡസ്ട്രിയിലെ ടിപ്പിക്കല്‍ നായകസങ്കല്‍പ്പവുമായി ഒരു തരത്തിലും ചേര്‍ന്നു പോകാത്ത ശരീരഘടനയായിരുന്നു വിജയ്‌യുടേത്. എന്നാല്‍ സ്‌റ്റൈലിഷ് ആക്ടിങ്ങിലൂടെ അദ്ദേഹം മാസിനെ സമർഥമായി കയ്യിലെടുത്തു.
പ്രായോഗിക ബുദ്ധിയുളള നടനായിരുന്നു വിജയ്. പരീക്ഷണവ്യഗ്രതയുളള കമലിന്റെ വഴി പിന്‍തുടരാതെ തന്റെ കഴിവും പരിമിതികളും മനസിലാക്കി അദ്ദേഹം ‘രജനി അണ്ണന്‍സ് ട്രാക്ക്’ പിടിച്ചു. അസാധാരണ അഭിനയമികവ് കാഴ്ചവയ്ക്കാന്‍ പാകത്തില്‍ പ്രതിഭയുളള ഒരു നടനല്ല താന്‍ എന്ന ഉത്തമബോധ്യം വിജയ്ക്കുണ്ടായിരുന്നു. കമലഹാസനും സൂര്യയും പരീക്ഷിക്കുന്ന തരം പാരലല്‍ സിനിമകളും കഥാപാത്രങ്ങളുമല്ല സാധാരണ തമിഴ് പ്രേക്ഷകന്‍ തന്നില്‍നിന്ന് പ്രതീക്ഷിക്കുന്നതെന്ന ഉത്തമബോധ്യം ഉളള രീതിയിലാണ് വിജയ് പ്രൊജക്ടുകള്‍ പ്ലാന്‍ ചെയ്തത്. ബോക്‌സ്ഓഫിസ് മാത്രം ഉന്നം വയ്ക്കുന്ന തട്ടുപൊളിപ്പന്‍ പടങ്ങളായിരുന്നു ഇളയദളപതിയുടെ ടാര്‍ഗറ്റ്.
പഞ്ച് ഡയലോഗുകളും ജഗപൊക ആക്‌ഷന്‍ സീക്വന്‍സുകളും മാസ് മസാലകളും കുത്തിനിറച്ച അടിച്ചുപൊളി സിനിമകളിലുടെ വിജയ് സാധാരണ തമിഴ് പ്രേക്ഷകന്റെ കയ്യടി നേടി. സ്വാഭാവികമായും വിജയ് സിനിമകള്‍ക്ക് തമിഴിന് അപ്പുറം വന്‍ വ്യാവസായിക സാധ്യതകള്‍ ഉടലെടുത്തു. കേരളത്തിലും മറ്റും അന്യഭാഷാ സിനിമകള്‍ക്ക് മുന്‍കാലങ്ങളില്‍ ലഭിച്ചിരുന്നതിന്റെ നിരവധി മടങ്ങ് കലക്‌ഷന്‍ വിജയ് ചിത്രങ്ങള്‍ കൊണ്ടുപോയി. പലപ്പോഴും മമ്മൂട്ടി-മോഹന്‍ലാല്‍ സിനിമകളെ കവച്ചു വയ്ക്കുന്ന ഇനീഷ്യലും ടോട്ടല്‍ കലക്‌ഷനും സ്വന്തമാക്കിയ വിജയ് സിനിമകള്‍ മലയാളസിനിമകള്‍ക്ക് പോലും ഭീഷണിയായി.
വിജയ് ചിത്രങ്ങള്‍ക്കൊപ്പം തങ്ങളുടെ പടങ്ങള്‍ റിലീസ് ചെയ്യാന്‍ പല സൂപ്പര്‍താരങ്ങളും മടിച്ചു. മാസ് ചിത്രങ്ങളില്‍ കലക്‌ഷന്‍ റെക്കോര്‍ഡുകള്‍ ഭേദിക്കാറുളള രജനിയും കമലും പോലും സെമിക്ലാസ് പടങ്ങളില്‍ പ്രത്യക്ഷപ്പെട്ടാല്‍ സ്ഥിതി പരുങ്ങലിലാകുമായിരുന്നു. അവിടെയും വിജയ് പുതിയ പാഠഭേദം സൃഷ്ടിച്ചു.
‘കാതലുക്ക് മര്യാദ’ എന്ന ഫാസില്‍ ചിത്രം മലയാളത്തിലെ അനിയത്തിപ്രാവിന്റെ റീമേക്കായിരുന്നു. സിദ്ദിഖിന്റെ കാവലന്‍ ആകട്ടെ ബോഡിഗാര്‍ഡിന്റെ റീമേക്കും. രണ്ട് സിനിമകളും ബോക്‌സ്ഓഫിസില്‍ തരംഗമായി. വിജയ് സിനിമകളുടെ പതിവ് ആക്‌ഷന്‍ മസാലകള്‍ ഇല്ലാത്ത സിനിമകളിലും വിജയം കൊയ്‌തെങ്കിലും ബുദ്ധിമാനായ വിജയ് ആ ജോണറില്‍ തുടര്‍ന്നില്ല. കാവലന്‍ 2011ല്‍ ആഗോളവിപണിയില്‍ നിന്നും 102 കോടി കലക്ട് ചെയ്തു എന്ന് പറയുന്നതിന്റെ വ്യാപ്തി ഒന്നാലോചിക്കണം.13 വര്‍ഷം മുന്‍പുളള 102 കോടി ഇന്നത്തെ എത്ര കോടിയാണെന്ന് മനക്കണക്ക് കൂട്ടിയാല്‍ മതി.
സാറ്റലൈറ്റ് ബിസിനസ് ഇന്നത്തേതിന്റെ അഞ്ചിലൊന്ന് പോലും ഇല്ലാത്ത കാലത്താണിത്. ഇന്ന് ടെലിവിഷന്‍ സംപ്രേഷണാവകാശത്തിന് പുറമെ ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ നിന്നും മറ്റുമായി തിയറ്റര്‍ ഷെയറിന് പുറമെ നിരവധി കോടികള്‍ ലഭിക്കാനുളള സാധ്യതയുണ്ട്. അങ്ങനെ കണക്കാക്കുമ്പോള്‍ ഇന്ന് ഒരു വിജയ് ചിത്രത്തിന്റെ ബിസിനസ് പലപ്പോഴും സങ്കല്‍പിക്കാവുന്നതിനും അപ്പുറത്താണ്.
ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ‘ലിയോ’ എന്ന വിജയ് ചിത്രം പതിവിന് വിപരീതമായി ഫാന്‍സിന്റെ ഭാഗത്തു നിന്നും ചില വിയോജിപ്പുകള്‍ ഉയര്‍ത്തി. മറ്റ് വിജയ് ചിത്രങ്ങളെപ്പോലെ വ്യാപകസ്വീകാര്യത ലഭിച്ചില്ലെന്നും പറയപ്പെടുന്നു. വിജയ്‌യുടെ പിതാവ് അടക്കം ചില കാര്യങ്ങളില്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. എന്നിട്ടും ലിയോ നേടിയ ഗ്രോസ് കലക്‌ഷന്‍ 623 കോടിയിലേറെയാണെന്ന് പറയപ്പെടുന്നു. ഒടിടിയും സാറ്റലെറ്റും അടക്കം മറ്റ് സ്രോതസ്സുകളില്‍ നിന്നുളള വരുമാനം 100 കോടിയോളം വരും. വിജയ് എന്ന വലിയ താരത്തിന്റെ ബിസിനസ് മൂല്യമാണിത് കാണിക്കുന്നത്.
വേറിട്ട കഥയും കഥാപാത്രങ്ങളും കൊണ്ട് മാത്രമേ മഹാവിജയം എത്തിപ്പിടിക്കാന്‍ സാധിക്കൂ എന്ന് മണിരത്‌നവും രാജമൗലിയും തെളിയിച്ചപ്പോള്‍ മഹാകാര്യങ്ങള്‍ ചെയ്യാതെ തന്നെ ഫിലിം ബിസിനസില്‍ അദ്ഭുതങ്ങള്‍ സൃഷ്ടിക്കാമെന്ന് വിജയ് തെളിയിച്ചു. വിജയ് സിനിമകളില്‍നിന്നു പ്രേക്ഷകര്‍ ആഗ്രഹിച്ചത് മറ്റൊന്നുമായിരുന്നില്ല. രണ്ട് മണിക്കൂര്‍ സമയം സ്‌ക്രീനില്‍ സ്‌റ്റൈലിഷായി പൂണ്ട് വിളയാടുന്ന തങ്ങളുടെ ഹീറോയെ കാണുക, കയ്യടിക്കുക, പുഷ്പാഭിഷേകം നടത്തുക, പാലഭിഷേകം നടത്തുക.
ബുദ്ധിജീവികള്‍ (?) പരിഹസിക്കാറുണ്ടെങ്കിലും വാസ്തവത്തില്‍ ഇത് ഒരു ചെറിയ കാര്യമല്ല. 49 ാം വയസ്സിലും, ഒരു വലിയ ഹീറോയിക് ലുക്ക് ഇല്ലാത്ത, ദ് ബോയ് നെക്‌സ്റ്റ് ഡോര്‍ എന്നു തോന്നിക്കുന്ന വിജയ് പലപ്പോഴും രജനികാന്ത് സിനിമകളെ മറികടക്കുന്ന വിജയം സ്വന്തമാക്കി. കോളിവുഡില്‍ എക്കാലവും നമ്പര്‍ വണ്‍ രജനി ആയിരുന്നെങ്കിലും അജിത്ത് ഇടയ്ക്കിടെ വലിയ തരംഗങ്ങള്‍ തന്നെ സൃഷ്ടിക്കാറുണ്ടെങ്കിലും ബിസിനസ് ഗ്രാഫ് കണക്കിലെടുക്കുമ്പോള്‍ കഴിഞ്ഞ രണ്ട് ദശകങ്ങളായി പലപ്പോഴും വിജയ് തന്നെയാണ് മുന്നില്‍.
ക്രമാനുസൃതമായ വളര്‍ച്ചയായിരുന്നു അദ്ദേഹത്തിന്റേത്. 102 കോടി ക്ലബ്ബില്‍ നിന്നും 150ലേക്കും അവിടെ നിന്നും 180ലേക്കും വന്ന വിജയ് പടിപടിയായി 700 കോടി ക്ലബ്ബില്‍ നിന്നും 1000 കോടിയിലേക്ക് ചിറകടിച്ചുകൊണ്ടിരിക്കുന്നു.
വിജയ് അഭിനയരംഗത്ത് തുടരുന്ന പക്ഷം ഷാറുഖ് ഖാന്റെ പഠാന്റെ റെക്കോര്‍ഡിനെ പോലും (1050 കോടി) മറികടന്നേക്കാമെന്ന് വാദിക്കുന്നവരുണ്ട്. ഇത് അത്ര എളുപ്പമാണോയെന്ന് ശങ്കിക്കുന്നവരുമില്ലാതില്ല. ബോളിവുഡ് സിനിമകളുടെ പ്രധാന വരുമാന സ്രോതസ്സ് വിശാലമായ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളാണ്. എത്ര ശ്രമിച്ചാലും ആ മേഖലകളില്‍ തെന്നിന്ത്യന്‍ താരങ്ങള്‍ക്ക് ബോളിവുഡ് താരങ്ങളുടെ പോപ്പുലാരിറ്റി കൈവരിക്കുക എളുപ്പമല്ല. വംശീയമായ ഘടകങ്ങള്‍ പോലും നോക്കി സിനിമ കാണുന്നവരാണ് പല പ്രേക്ഷകരും. എന്നാല്‍ വിജയ് ഈ ഘടകങ്ങളെയെല്ലാം അതിജീവിക്കുമെന്നാണ് അദ്ദേഹത്തിന്റെ ആരാധകര്‍ക്കൊപ്പം മൂവി ബിസിനസ് സ്ട്രാറ്റജിസ്റ്റുകളും അഭിപ്രായപ്പെടുന്നത്.
യൂണിവേഴ്‌സല്‍ അപ്പീലുളള സിനിമകള്‍ക്ക് എന്ത് അദ്ഭുതവും സൃഷ്ടിക്കാന്‍ കഴിയുമെന്ന് വാദിക്കുന്നവര്‍ പോലും വിജയ് സിനിമകളില്‍ എന്ത് മാജിക്കാണ് സംഭവിക്കുന്നത് എന്ന് അറിയാതെ അന്തം വിട്ടു നില്‍ക്കുന്നു. അസാധാരണമായ കഥയോ ആഖ്യാനരീതിയോ ഒന്നുമല്ല, വിജയ് മാത്രമാണ് വിജയ് ചിത്രങ്ങളിലെ ആകര്‍ഷണഘടകം എന്ന് കാണാന്‍ സാധിക്കും.
തലൈവര്‍ വിജയ്
കയ്യടി സിനിമകളിലൂടെ ജനകോടികളുടെ ഹൃദയത്തില്‍ ലഭിച്ച സ്ഥാനം തന്റെ രാഷ്ട്രീയ പ്രവേശനത്തിനായി പ്രയോജനപ്പെടുത്തണമെന്ന് വളരെക്കാലം മുന്‍പേ അദ്ദേഹം ആഗ്രഹിച്ചെങ്കിലും ജയലളിത അടക്കമുളളവര്‍ വിലങ്ങു തടിയായി. എന്നാല്‍ വിജയ് കാത്തിരുന്നു. സിനിമയിലെന്ന പോലെ പൊതുപ്രവര്‍ത്തനത്തിലും പടിപടിയായി മുന്നേറുന്ന വിജയ്‌യെയാണ് പിന്നീട് നാം കണ്ടത്.
2009ല്‍ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി വിജയ് മക്കള്‍ ഇയക്കം എന്ന പേരില്‍ ഫാന്‍സ് ക്ലബ്ബ് ആരംഭിച്ചു. 2021 ഒക്‌ടോബറില്‍ നടന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ സംഘടന 169 സീറ്റുകളില്‍ മത്സരിക്കുകയും 115 ലും വിജയിക്കുകയും ചെയ്തു. 2024 ഫെബ്രുവരി 2 ന് തമിഴകം വെട്രി കഴകം എന്ന പാര്‍ട്ടിക്ക് തുടക്കം കുറിച്ചുകൊണ്ട് അദ്ദേഹം തന്റെ രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചു.
അനൗദ്യോഗിക കണക്ക്പ്രകാരം ഇന്ന് ഒരു സിനിമയ്ക്ക് 200 കോടിയോളം രൂപ പ്രതിഫലം വാങ്ങുന്ന താരം എന്ന അപൂര്‍വ ബഹുമതിക്കിടയിലാണ് സിനിമ എന്ന സേഫ് സോണ്‍ ഉപേക്ഷിച്ച് അനിശ്ചിതത്വം നിറഞ്ഞ പൊതുപ്രവര്‍ത്തനത്തിലേക്ക് ഇറങ്ങുന്നത്. സ്വന്തം ജനസമ്മതിയിലുളള അളവറ്റ വിശ്വാസമാണ് അദ്ദേഹത്തെ അതിന് പ്രേരിപ്പിച്ചതെന്ന് വിജയ്‌യുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന മലയാളചലച്ചിത്രപ്രവര്‍ത്തകര്‍ പറയുന്നു.
കരിയറില്‍ മെഗാവിജയങ്ങള്‍ക്കൊപ്പം അപൂര്‍വം ചില സാമാന്യവിജയങ്ങളും അത്യപൂര്‍വമായി ചില ഫ്‌ളോപ്പുകളും സംഭവിച്ചിട്ടുണ്ടെങ്കിലും കലക്‌ഷന്‍ വിലയിരുത്തുമ്പോള്‍ ഒരു വിജയ് ചിത്രം കോടികളുടെ അമ്പരപ്പിക്കുന്ന കണക്കുകളാണ് കാണിക്കുന്നത്. ഇതില്‍ നിന്നും ഒരു കാര്യം അനുമാനിക്കാം. താരതമ്യേന മോശമെന്ന് വിലയിരുത്തപ്പെടുന്ന പടങ്ങള്‍ പോലും വിജയ് ആരാധകരെ തൃപ്തിപ്പെടുത്തുന്നു. താരത്തിന്റെ കേവലസാന്നിധ്യം മാത്രം മതി അവര്‍ക്ക് തൃപ്തിപ്പെടാന്‍. വിജയ് സ്‌ക്രീനിലുണ്ടെങ്കില്‍ ആനന്ദലബ്ധിക്കിനിയെന്ത് വേണം? എന്നതാണ് വിജയ് ഫാന്‍സിന്റെ മാനസികാവസ്ഥ. അതുകൊണ്ട് തന്നെ തമിഴ് ഫിലിം ഇന്‍ഡസ്ട്രിയെ സംബന്ധിച്ച് മിനിമം ഗ്യാരന്റിയുളള താരം തന്നെയാണ് വിജയ്.
വിജയ് പ്രഭാവം മറികടക്കാന്‍ നിലവില്‍ ഒരു താരത്തിനും കഴിഞ്ഞിട്ടില്ല എന്നതാണ് സത്യം. കാലത്തിനും പ്രായത്തിനും മറികടക്കാനാവാത്ത യുവത്വം തന്നെയാണ് വിജയ്‌യുടെ മറ്റൊരു പ്രത്യേകത. 50 ാം വയസിലെത്തിയ വിജയ് ഇന്നും ലുക്കിൽ ചുളളന്‍ പയ്യന്‍ തന്നെ. അതുകൊണ്ടു തന്നെ യുവാക്കള്‍ക്കൊപ്പം പെണ്‍കുട്ടികളുടെയും വലിയ ഒരു ആരാധകവൃന്ദം അദ്ദേഹത്തിനുണ്ട്. മുതിര്‍ന്ന പ്രേക്ഷകര്‍ ഒരു മകനോടെന്ന പോലെയുളള വാത്സല്യം പുലര്‍ത്തുന്നു. ഇങ്ങനെ പല ഏജ്ഗ്രൂപ്പിലുളളവരെ ഒരേ സമയം തന്റെ ആകര്‍ഷണ വലയത്തില്‍ നിലനിര്‍ത്താന്‍ ഈ നടന് കഴിയുന്നു. കാവലന്‍ റിലീസ് ചെയ്ത കാലം മുതല്‍ ജപ്പാന്‍ പോലുളള രാജ്യങ്ങളില്‍ വിജയ് ചിത്രങ്ങള്‍ക്ക് അമ്പരപ്പിക്കുന്ന ബിസിനസ് ലഭിച്ചിരുന്നു.
ഇനി ആര്?
വിജയ്‌യുടെ അഭാവം ആരാധകരെ നിരാശയിലാഴ്ത്തും എന്നതൊഴിച്ചാല്‍ തമിഴ് സിനിമയെ ഏതെങ്കിലും തരത്തില്‍ ബാധിക്കും എന്ന് പറയാനാവില്ല. രജനികാന്ത് എക്കാലവും തന്റെ പ്രഭാവം നിലനിര്‍ത്തി മുന്നോട്ട് പോകുന്നു. ഇടക്കാലത്ത് വിപണനമൂല്യം കുറഞ്ഞുപോയ കമല്‍ഹാസനാവട്ടെ വിക്രം എന്ന ലോകേഷ് ചിത്രത്തിലുടെ 430 കോടി നേടി പഴയ സ്റ്റാര്‍ഡം തിരിച്ചുപിടിച്ചു.
ഇതിനിടയില്‍ തലൈ അജിത്തും സൂര്യയും ഉള്‍പ്പെടെ വിജയ്‌ക്കൊപ്പം തലപ്പൊക്കമുളള നടന്‍മാരും സാന്നിധ്യം നിലനിര്‍ത്തുന്നു. എല്ലാറ്റിനുമപ്പുറം കുറഞ്ഞ ബജറ്റില്‍ നിര്‍മിച്ച ലവ് ടുഡേ പോലുളള സിനിമകള്‍ പോലും കോടി ക്ലബ്ബുകളില്‍ കയറിപ്പറ്റുന്നു. 5 കോടിയില്‍ തീര്‍ത്ത് 100 കോടി പിന്നിട്ട മാജിക്കല്‍ സ്‌റ്റോറിയാണ് ഈ സിനിമയ്ക്ക് പറയാനുളളത്.
ഹനുമാന്‍ പോലുളള സിനിമകളും തമിഴ് മാര്‍ക്കറ്റില്‍ നിന്നും കോടികളാണ് കൊണ്ടുപോകുന്നത്. കെജിഎഫ്, ആര്‍ആര്‍ആര്‍, കാന്താര, ഹനുമാന്‍, എന്നിങ്ങനെയുളള തെലുങ്ക്, കന്നഡ മാസ് എന്റർടെയ്നറുകള്‍ വിജയ് ഒഴിച്ചിട്ട സിംഹാസനത്തിന്റെ വിടവുകള്‍ മുന്‍പേ നികത്തിക്കഴിഞ്ഞു.
കന്നഡ ഫിലിം ഇന്‍ഡസ്ട്രി തമിഴ്, തെലുങ്ക്, ബോളിവുഡ് പോലെ കോടികള്‍ കായ്ക്കുന്ന മരമായിരുന്നില്ല അടുത്ത കാലം വരെ. എന്നാല്‍ കെജിഎഫ്, കാന്താര പോലുളള സിനിമകള്‍ അതിന്റെ തലവര മാറ്റി മറിച്ചു. ഋഷഭ്‌ഷെട്ടി എന്ന വിപണന മൂല്യമില്ലാത്ത നടന്‍ മുഖ്യവേഷത്തില്‍ എത്തിയ ലോബജറ്റ് ചിത്രമായ കന്താര 16 കോടി മുടക്കി 450 കോടിയാണ് കൊയ്തത്.
കെജിഎഫ് ചാപ്റ്റര്‍ 2 വേള്‍ഡ് വൈഡ് കലക്‌ഷന്‍ 1500 കോടിയില്‍ അധികമാണ്. 20 കോടിയില്‍ പൂര്‍ത്തിയായ ഹനുമാന്‍ എന്ന തെലുങ്ക് ചിത്രം ഇതുവരെ നേടിയത് 280 കോടിയാണ്. ഇപ്പോഴും മികച്ച കലക്‌ഷനുമായി മുന്നേറുകയാണ് ചിത്രം. അതേ സമയം വിജയ്‌യുടെ ഏറ്റവും ഒടുവില്‍ റിലീസായ ലിയോയുടെ ബജറ്റ് 300 കോടിക്ക് മുകളിലാണ്. വരവ് 620 കോടി. തിയറ്റര്‍ ഇതര വരുമാനങ്ങള്‍ വേറെ.
മുതല്‍മുടക്കും വരുമാനവും തമ്മിലുളള അനുപാതം കണക്കാക്കുമ്പോള്‍ അതിനെ ഒരു മഹാവിജയമെന്ന് കൊട്ടിഘോഷിക്കാനാവില്ല. യഷ് (കെജിഎഫ്), തേജാ സജ്ജ (ഹനുമാന്‍), പ്രഭാസ് (ബാഹുബലി), ഋഷഭ്‌ഷെട്ടി (കാന്താര) എന്നിങ്ങനെ നീണ്ട കരിയര്‍ ഗ്രാഫോ വിപണനമൂല്യമോ ഇല്ലാതിരുന്ന സാധാരണ താരങ്ങളെ മുഖ്യവേഷത്തില്‍ വച്ച് ഇത്ര വലിയ ബിസിനസ് ഉണ്ടാക്കാമെന്ന് പ്രശാന്ത് നീലിനെ പോലെ, രാജമൗലിയെ പോലുളള സംവിധായകര്‍ തെളിയിച്ചു. അയല്‍സംസ്ഥാനങ്ങളായ തെലങ്കാനയിലും കര്‍ണാടകയിലും സംഭവിച്ച വിജയങ്ങള്‍ നാളെ തമിഴിലും ആവര്‍ത്തിക്കപ്പെടാം. ഈ സിനിമകളൊക്കെ തന്നെ തമിഴ്‌നാട്ടിലും മൊഴിമാറ്റം ചെയ്തു വന്ന് തരംഗം സൃഷ്ടിച്ചവയാണ്. അങ്ങനെ വിലയിരുത്തുമ്പോള്‍ ഇന്ന് തെന്നിന്ത്യന്‍ സിനിമയില്‍ ഒരു താരവും അവസാന വാക്കല്ല.
ആരുടെ നഷ്ടവും നികത്താന്‍ തയ്യാറായി നിരവധി പേര്‍ അനുയോജ്യമായ ഒരു അവസരവും പ്രതീക്ഷിച്ച് പുറത്ത് കാത്തു നില്‍ക്കുന്നു. ഇന്നത്തെ സിനിമയില്‍ താരത്തേക്കാള്‍ പ്രധാനം സ്‌ക്രിപ്റ്റും മേക്കിങ്ങും തന്നെയാണ് എന്നതാണ് വസ്തുത. വിജയ് ഫാക്ടര്‍ സജീവമായി നില്‍ക്കുമ്പോഴും ലിയോയുടെ മെഗാ വിജയത്തിന് പിന്നിലെ സുപ്രധാന ഘടകം സൂപ്പര്‍താരങ്ങള്‍ക്ക് സമാനമായ സ്റ്റാര്‍ഡമുളളള സംവിധായകന്‍ ലോകേഷ് കനകരാജാണെന്നത് പരസ്യമായ രഹസ്യമാണ്.
നാളെകളില്‍ വിജയ്‌യുടെ സിംഹാസനം അലങ്കരിക്കാന്‍ പോകുന്നത് സമകാലികരായ അജിത്തോ സൂര്യയോ എന്നതല്ല. അവര്‍ക്ക് ഇനിയും കടമ്പകൾ ഏറെ. എന്നാല്‍ ഫ്രഷ് ഫീല്‍ നല്‍കുന്ന പുതുമുഖങ്ങള്‍ക്ക് മുന്നില്‍ സിനിമ സാധ്യതകളുടെ കടലാണ്. എന്നാല്‍ പ്രശ്‌നം ഇതൊന്നുമല്ല. വിജയ് അടക്കമുളളവര്‍ മൂന്ന് പതിറ്റാണ്ടു കാലം തുടര്‍ച്ചയായി സ്റ്റാര്‍ഡം നിലനിര്‍ത്തിയ സ്ഥാനത്ത് ഇന്നലെ പെയ്ത മഴയില്‍ കിളിര്‍ത്ത തകരകള്‍ക്ക് എത്രകാലം നിലനില്‍ക്കാന്‍ കഴിയുമെന്ന് കണ്ടറിയണം.
ഇവര്‍ക്ക് ആര്‍ക്കും വിജയ് സൃഷ്ടിച്ച തരംഗമുണ്ടാക്കാന്‍ സാധിക്കണമെന്നില്ല. അതുപോലെ ലോകേഷ് മാജിക്ക് ഒഴിച്ചു നിര്‍ത്തിയാല്‍ വിജയ് ചിത്രങ്ങളില്‍ സംവിധായകന്‍ അടക്കം ആരും ഒരു ആകര്‍ഷണ ഘടകമായിരുന്നില്ല. ഓള്‍ ക്രെഡിറ്റ്‌സ് ഗോസ് ടു വിജയ് എന്നതായിരുന്നു അവസ്ഥയും സത്യവും. എന്നാല്‍ ബാഹുബലിയിലും കെജിഎഫിലും ഹനുമാനിലും താരത്തെ നിഷ്പ്രഭമാക്കുന്ന താരപ്രഭയോടെ മുന്നില്‍ നില്‍ക്കുന്നത് മേക്കേഴ്‌സാണ്. അതുകൊണ്ട് തന്നെ അതിലെ നായകനടന്‍മാര്‍ നാളത്തെ ഒരു വിജയ് ആകുമോയെന്ന് പ്രവചിക്കാനാവില്ല. തുടര്‍വിജയങ്ങള്‍ സമ്മാനിക്കുക, സ്വന്തം താരപരിവേഷത്തിന്റെ മാത്രം ബലത്തില്‍ വിജയം നിലനിര്‍ത്തുക- ഇതൊന്നും സിനിമയില്‍ തീരെ എളുപ്പമല്ല.
വിജയ് ആവട്ടെ മൂന്ന് ദശകങ്ങള്‍ തുടര്‍ച്ചയായി വിജയത്തിന്റെ മറുവാക്കായി. ഇനിയും ഒരുപാട് ബാല്യങ്ങള്‍ ബാക്കി വച്ചാണ് രാഷ്ട്രീയ പരീക്ഷണത്തിന് അദ്ദേഹം തുനിയുന്നത്. ഉദയനിധി സ്റ്റാലിന്‍ കണ്ണുവച്ചിരിക്കുന്ന തമിഴ്‌നാടിന്റെ ഭാവിമുഖ്യമന്ത്രി പദത്തില്‍ തന്നെയാണ് ദളപതിയുടെയും നോട്ടം എന്ന് വ്യക്തം. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ മാത്രമേ ഇത് സംബന്ധിച്ച വ്യക്തമായ ചിത്രം ലഭിക്കൂ. തമിഴ് ജനതയുടെ മനസില്‍ എന്താണെന്ന് ആര്‍ക്കും നിര്‍ണയിക്കാന്‍ പറ്റില്ല.
സമാനമായ തരത്തില്‍ ഇത്തരം ദിവാസ്വപ്നങ്ങള്‍ കണ്ട് പനിക്കുകയും ഒടുവില്‍ പിന്‍മാറുകയും ചെയ്തവരാണ് രജനീകാന്തും കമലഹാസനും അടക്കമുളള മുന്‍ഗാമികളില്‍ പലരും. എന്നാല്‍ വിജയ് അവരെ പോലെ എടുത്തുചാട്ടക്കാരനല്ല. സ്വപ്നജീവിയുമല്ല. തികഞ്ഞ പ്രായോഗികതാ വാദിയാണ്. കേവലം താരപരിവേഷത്തിന്റെ മാത്രം പിന്‍ബലത്തില്‍ ഒരു സുപ്രഭാതത്തില്‍ ഓടി വന്ന് തമിഴ്‌നാടിന്റെ രാഷ്ട്രീയ ചക്രം തിരിക്കാനാവില്ലെന്ന ഉറച്ചധാരണ അദ്ദേഹത്തിനുണ്ട്. എം.ജി.ആറും ജയലളിതയും കരുണാനിധിയും എന്തായിരുന്നു എന്നും എങ്ങനെയാണ് മുന്നേറിയതെന്നും അദ്ദേഹത്തിനറിയാം.
2009 ല്‍ തുടങ്ങിയ പൊതുപ്രവര്‍ത്തനത്തിന്റെ ക്രമാനുസൃതമായ വളര്‍ച്ച എന്ന നിലയിലും പഞ്ചായത്ത് തിരഞ്ഞെടുപ്പ് ഒരു ടെസ്റ്റ് ഡോസായെടുത്ത് ഫലം അനുകൂലമാവുമെന്ന് നന്നായി വിലയിരുത്തിയ ശേഷമാണ് അദ്ദേഹം മുഖ്യധാരയിലേക്ക് കടക്കുന്നത്. ആകാരസൗഷ്ഠവത്തിലും അഭിനയമികവിലുമുളള പരിമിതികള്‍ക്കിടയിലും എക്കാലവും ഭാഗ്യം തുണച്ച വിജയ് പുതിയ മേഖലയിലും ദളപതിയായി വാഴുമെന്ന് കരുതേണ്ടിയിരിക്കുന്നു.