ലാൽ ജോസിനെക്കുറിച്ച് മോഹൻലാൽ നടത്തിയ പ്രവചനം
Mail This Article
മലയാളത്തിൽ അറിയപ്പെടുന്ന സംവിധായകനാകും താനെന്ന് മോഹൻലാൽ പ്രവചിച്ചിട്ടുണ്ടെന്ന് ലാൽ ജോസ്. ‘ഒരു മറവത്തൂർ കനവ്’ എന്ന ചിത്രത്തിന്റെ വിജയാഘോഷ വേളയിൽ സിബി മലയിലാണ് ഇക്കാര്യം പറഞ്ഞതെന്നും ലാൽ ജോസ് വെളിപ്പെടുത്തുന്നു. ‘വിഷ്ണുലോകം’ എന്ന ചിത്രത്തിന്റെ സെറ്റ് സന്ദർശിച്ച സിബി മലയിൽ ‘‘ലാൽ, ലാൽ അത് എടുത്തു തരൂ’’എന്നൊക്കെ എല്ലാവരും വിളിച്ചു ചോദിക്കുന്നതഉ കണ്ട് അത് മോഹൻലാൽ ആണെന്ന് തെറ്റിദ്ധരിക്കുകയുണ്ടായി. എന്നാൽ ‘എന്നെയല്ല വിളിച്ചത്, കമലിന്റെ ഒരു സഹായി ഉണ്ട്, ആ പയ്യനാണ് ഈ ലാൽ’ എന്നു മോഹൻലാൽ പറഞ്ഞു. ‘‘സിബി നോക്കിക്കോളൂ, ലാൽ ജോസ് എന്ന ഈ പയ്യൻ നാളെ മലയാള സിനിമയിൽ അറിയപ്പെടുന്ന ഒരു സംവിധായകനാകും’’ എന്നും മോഹൻലാൽ അന്ന് സിബി മലയിലിനോടു പറഞ്ഞു. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ലാൽജോസിന്റെ വെളിപ്പെടുത്തൽ.
‘‘മറവത്തൂർ കനവ് സിനിമ റിലീസ് ആകുന്നതിനു മുൻപ് തന്നെ ആ സിനിമയുടെ നിര്‍മാതാവായ സിയാദ് കോക്കർ അടുത്ത സിനിമയുടെ ചിത്രീകരണം തുടങ്ങിയിരുന്നു. സമ്മർ ഇൻ ബെത്‌ലഹേം എന്ന സിനിമ. അതിന്റെ സെറ്റിൽ വച്ച് സിയാദ് കോക്കർ മറവത്തൂർ കനവിന്റെ വിജയാഘോഷം നടത്തി. അതിൽ പങ്കെടുക്കാൻ ഞാനും ഭാര്യയും മകളും ബിജു മേനോനോടൊപ്പം അദ്ദേഹത്തിന്റെ കാറിൽ പോയി. ഊട്ടിയിലായിരുന്നു ആഘോഷം. ആ സമയത്ത് സിബി മലയിൽ സർ മറവത്തൂർ കനവിനെ അഭിനന്ദിച്ചു സംസാരിച്ചു. അദ്ദേഹം പറഞ്ഞു, ലാൽ ജോസ് ഒരു സംവിധായകൻ ആകുമെന്ന് എനിക്കു വർഷങ്ങൾക്ക് മുൻപേ അറിയാമായിരുന്നുവെന്ന്.
സിബി സാറിനെ എനിക്ക് അന്ന് ഒട്ടും പരിചയമില്ല. അദ്ദേഹം അന്ന് വലിയ സംവിധായകനാണ്. നമ്മൾ മാറിനിന്നു കണ്ടിട്ടേയുള്ളൂ. അദ്ദേഹത്തിന് എന്നെ അറിയുമെന്ന് എനിക്കും അറിയില്ല. വിഷ്ണുലോകത്തിന്റെ സെറ്റിൽ മോഹൻലാലിനെ കാണാൻ വന്നപ്പോൾ സെറ്റിൽ ‘‘ലാലേ ഇങ്ങോട്ട് വാ, ലാലേ അത് എടുക്കൂ, ഇത് എടുക്കൂ’’ എന്നൊക്കെ വിളി കേൾക്കുന്നു. സിബി സർ ഉടനെ മോഹൻലാലിനെ നോക്കി അദ്ദേഹത്തെ ആണോ ഇങ്ങനെ വിളിക്കുന്നത് എന്ന് അറിയാൻ. അദ്ദേഹത്തെ ഇങ്ങനെയൊക്കെ ആണോ ഈ സെറ്റിൽ വിളിക്കുന്നത് എന്നാണു സിബി സർ സംശയിച്ചത്.
അപ്പോൾ ലാലേട്ടൻ സിബി സാറിനോടു പറഞ്ഞു, ‘‘അത് എന്നെയല്ല, കമലിന്റെ കൂടെ ഒരു അസിറ്റന്റ് പയ്യൻ ഉണ്ട്, ലാൽ ജോസ് എന്നാണ് അവന്റെ പേര്. സിബി ആ പേര് എഴുതി വച്ചോളൂ അവൻ മലയാള സിനിമയിൽ അറിയപ്പെടുന്ന സംവിധായകൻ ആകും എന്നതിൽ ഒരു സംശയവും ഇല്ല. നല്ല ഫ്യൂച്ചർ ഉള്ള പയ്യനാണ്’’. അത് എനിക്ക് ഭയങ്കര സന്തോഷം നൽകിയ വാക്കുകളായിരുന്നു. ആ കാലത്ത് അദ്ദേഹം എല്ലാവരോടും ഇടപെടുന്നതു പോലെ നമ്മളോടും ഇടപെടുന്നു എന്നല്ലാതെ, നമ്മളെ ശ്രദ്ധിച്ചിട്ടുണ്ട് എന്നതൊക്കെ എനിക്ക് പുതിയ അറിവായിരുന്നു.
ദിലീപ് ലാസ്റ്റ് അസിസ്റ്റന്റ് ആയി ജോയിൻ ചെയ്തതും വിഷ്ണുലോകത്തിലാണ്. ദിലീപ് ആ കാലത്ത് പ്രസിദ്ധനായിരുന്നു. ഇന്നസന്റ് ചേട്ടന്റെയും ലാലേട്ടന്റെയും ശബ്ദം മിമിക്രി വേദികളിൽ നന്നായി അനുകരിക്കുന്ന ആളായിരുന്നു ദിലീപ്. സെറ്റിലെ ഇടവേളകളിലെല്ലാം ദിലീപിനെ കൊണ്ട് ലാലേട്ടൻ തന്നെ അനുകരിപ്പിക്കാറുണ്ടായിരുന്നു. ഭയങ്കര സന്തോഷവും ചിരിയുവുമൊക്കെയായിരുന്നു സെറ്റിൽ. ഞങ്ങളോടൊക്കെ സ്നേഹപൂര്‍വമായ ഇടപെടലായിരുന്നു. അന്ന് ഞാനും അസിസ്റ്റന്റ്സിൽ ഒരാളാണ്. എന്നെയൊക്കെ ശ്രദ്ധിച്ചിട്ടുണ്ടാകില്ല എന്നായിരുന്നു കരുതിയിരുന്നത്.’’–ലാൽ ജോസ് പറയുന്നു.