ഞാനൊരു നല്ല ഭാര്യയല്ല, പക്ഷേ എല്ലാ അവസ്ഥയിലും കൂടെ ഉണ്ടാകും: ഭർത്താവിനോടു നടി സോണിയ
Mail This Article
ഭർത്താവും തമിഴ് നടനുമായ ബോസ് വെങ്കടിന് സ്നേഹത്തിൽ പൊതിഞ്ഞ പിറന്നാൾ ആശംസയുമായി ഭാര്യ സോണിയ ബോസ്. ഭര്‍ത്താവിനൊപ്പം ചേര്‍ന്ന് നില്‍ക്കുന്ന മനോഹരമായ ഒരു ഫോട്ടോയ്‌ക്കൊപ്പമാണ് സോണിയയുടെ കുറിപ്പ്. ‘‘ഞാനൊരു പെര്‍ഫക്ട് ഭാര്യയല്ല. പക്ഷേ നിങ്ങളുടെ എല്ലാ ദുഃഖത്തിലും സന്തോഷത്തിലും, എല്ലാ വിജയത്തിലും പരാജയത്തിലും ഞാന്‍ കൂടെയുണ്ടാവും. എനിക്കറിയാം 2023 എന്ന വര്‍ഷം നിങ്ങളെ സംബന്ധിച്ച് വളരെ മോശമായിരുന്നു. അതിനെ മറികടക്കാനും, നല്ല ഒരു നാളെയിലേക്ക് കടക്കാനും എല്ലാ ധൈര്യവും ശക്തിയും നിങ്ങള്‍ക്കുണ്ടാവട്ടെ എന്ന് ഞാന്‍ ആശംസിക്കുന്നു. നിങ്ങള്‍ക്ക് ആയിരം മടങ്ങ് വിജയങ്ങളും വലിയ വളര്‍ച്ചയും ഉയരങ്ങളും ഉണ്ടാവും. അതെല്ലാം കാണാൻ മിസിസ് സോണിയ ബോസ് ആയി അരികത്തു തന്നെ ഞാനുണ്ടാകും. ഞാനും മക്കളും നിങ്ങളെ അത്രയധികം സ്‌നേഹിക്കുന്നു.’’–സോണിയയുടെ വാക്കുകൾ.
മക്കളായ ഭാവധരണി ബോസും തേജസ്വിന്‍ ബോസും കമന്റുമായി എത്തി. ലോകത്തിലെ ഏറ്റവും മികച്ച മാതാപിതാക്കളാണ് നിങ്ങളെന്നാണ് മകള്‍ ഭാവധരണി പറഞ്ഞത്, ഇതില്‍ കൂടുതലൊന്നും ആവശ്യപ്പെടാന്‍ ഞങ്ങള്‍ക്കാകില്ല എന്ന് മകന്‍ തേജസ്വിനും കമന്റ് ചെയ്തു. ഇവരെ കൂടാതെ സഹപ്രവർത്തകരും ബോസിന് പിറന്നാൾ ആശംസകളുമായി എത്തി.
2003 ലായിരുന്നു സോണിയയുടെയും ബോസ് വെങ്കടിന്റെയും വിവാഹം. ബാലതാരമായി സിനിമയിലെത്തിയ സോണിയ ഇപ്പോൾ ടെലിവിഷൻ രംഗത്തു സജീവമാണ്. നാടോടി ആയിരുന്നു സോണിയയുടെ ആദ്യ സിനിമ. മൈ ഡിയർ കുട്ടിച്ചാത്തനിലൂടെയാണ് സോണിയ ശ്രദ്ധ നേടുന്നത്. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളിൽ ഒന്നായ ലക്ഷ്മിയെ അവതരിപ്പിച്ചത് സോണിയ ആണ്.
നൊമ്പരത്തി പൂവ്, തനിയാവര്‍ത്തനം, തേന്മാവിന്‍ കൊമ്പത്ത്, കാട്ടുചെമ്പകം തുടങ്ങി അറുപതിലേറെ സിനിമകളിൽ സോണിയ അഭിനയിച്ചു. മലയാളത്തിന് പുറമെ തമിഴിലും സോണിയ തിളങ്ങി. ബേബി ശാലിനി അടക്കമുള്ളവർക്ക് ശബ്ദം നല്‍കിയിട്ടുള്ള സോണിയ ഡബ്ബിങ് ആർട്ടിസ്റ്റായും കയ്യടി നേടി.
സോണിയയെപ്പോലെ തന്നെ ബോസും മലയാളികള്‍ക്കു പരിചിതനാണ്. അണ്ണൻ തമ്പി അടക്കമുള്ള സിനിമകളിൽ വില്ലൻ വേഷത്തിൽ എത്തി നടൻ ശ്രദ്ധനേടിയിട്ടുണ്ട്.