ഗംഭീര പ്രതികരണവുമായി ടൊവിനോയുടെ ‘അന്വേഷിപ്പിൻ കണ്ടെത്തും’
Mail This Article
ടൊവിനോ തോമസ് നായകനായെത്തുന്ന ‘അന്വേഷിപ്പിൻ കണ്ടെത്തും’ എന്ന സിനിമയ്ക്കു ഗംഭീര പ്രതികരണം. നവാഗതനായ ഡാർവിൻ കുര്യാക്കോസ് സംവിധാനം ചെയ്ത ചിത്രം കുറ്റാന്വേഷണ ത്രില്ലർ ഗണത്തിൽപെടുന്ന ചിത്രമാണ്. എസ്ഐ ആനന്ദ് നാരായണൻ എന്ന കഥാപാത്രമായി ടൊവിനോ എത്തുന്നു. തൊണ്ണൂറുകളാണ് കഥാപശ്ചാത്തലം. കോട്ടയത്തെ ഒരു പെൺകുട്ടിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് നടക്കുന്ന അന്വേഷണവും അതേതുടർന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് ചിത്രം പറയുന്നത്.
തെന്നിന്ത്യൻ സിനിമയിലെ ശ്രദ്ധേയനായ സംഗീത സംവിധായകൻ സന്തോഷ് നാരായണൻ സംഗീത സംവിധാനവും പശ്ചാത്തല സംഗീതവും നിർവഹിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. വൻ താരനിരയും സംഭവ ബഹുലങ്ങളായ നിരവധി മുഹൂർത്തങ്ങളും കോർത്തിണക്കി വിശാലമായ കാൻവാസിലാണ് സിനിമയുടെ അവതരണം. എഴുപതോളം താരങ്ങൾ അണിനിരക്കുന്ന ചിത്രത്തിൽ ടൊവിനോയ്ക്ക് പുറമെ സിദ്ദിഖ്, ഇന്ദ്രൻസ്, ഷമ്മി തിലകൻ ബാബുരാജ്, പ്രമോദ് വെളിയനാട്, വിനീത് തട്ടിൽ, രമ്യാ സുവി (നൻ പകൽ മയക്കം ഫെയിം) എന്നിവർ പ്രധാന താരങ്ങളായെത്തുന്നു.
തിയറ്റര്‍ ഓഫ് ഡ്രീംസിന്‍റെ ബാനറില്‍ ഡോൾവിൻ കുര്യാക്കോസ്, ജിനു വി. എബ്രാഹാം, വിക്രം മെഹ്‍റ, സിദ്ധാർഥ് ആനന്ദ് കുമാർ എന്നിവരാണ് നിർമാണം. ഈ സിനിമയുടെ നിർമാതാവും സംവിധായകനുമായ ഡോൾവിനും ഡോൾവിനും ഡാർവിനും ഇരട്ട സഹോദരന്മാരാണ്.
ഈ ചിത്രത്തിനു വേണ്ടി വലിയ ബജറ്റിൽ ഒരു ടൗൺഷിപ്പ് തന്നെ കലാ സംവിധായകനായ ദിലീപ് നാഥ് ഒരുക്കിയിരുന്നു. 'തങ്കം' എന്ന സിനിമയ്ക്ക് ശേഷം ഗൗതം ശങ്കർ ഛായാഗ്രഹണം നിർവഹിക്കുന്ന സിനിമയുടെ എഡിറ്റിങ് സൈജു ശ്രീധർ, സംഗീതം സന്തോഷ് നാരായണൻ, കലാ സംവിധാനം ദിലീപ് നാഥ്, മേക്കപ്പ് സജീ കാട്ടാക്കട, കോസ്റ്റ്യും ഡിസൈൻ സമീറ സനീഷ്, പ്രൊഡക്‌ഷൻ കൺട്രോളർ സഞ്ജു ജെ., പിആർഒ ശബരി, വിഷ്വൽ പ്രൊമോഷൻസ്: സ്നേക്ക്പ്ലാന്‍റ്.