ADVERTISEMENT

നല്ല ചിത്രങ്ങളെ അഭിനന്ദിക്കാനും പ്രോത്സാഹിപ്പിക്കാനും മടിയില്ലാത്തവരാണ് മലയാളി സംവിധായകർ. ഇപ്പോഴിതാ ഭാവനാ സ്റ്റുഡിയോസിന്റെ ബാനറില്‍ ഗിരീഷ്‌ എ.ഡി. സംവിധാനം ചെയ്ത ‘പ്രേമലു’ ഒരു ഗംഭീര ചിത്രമാണെന്ന് പറഞ്ഞുകൊണ്ട് ചിത്രത്തെ അഭിനന്ദിച്ചിരിക്കുകയാണ് സംവിധായകന്‍ ജിസ് ജോയ്. സോഷ്യല്‍ മീഡിയയില്‍ കുറിച്ച കുറിപ്പിലൂടെയാണ് സംവിധായകന്‍ പ്രേമലുവിന്റെ അണിയറപ്രവര്‍ത്തകരെയും അഭിനേതാക്കളെയും അഭിനന്ദിച്ചത്. വൈകാരികമായി സ്പര്‍ശിക്കാനും അതേസമയം പൊട്ടിച്ചിരിപ്പിക്കാനും പ്രേമലുവിനു കഴിഞ്ഞു എന്ന അഭിപ്രായം കുറിച്ച സംവിധായകന്‍ ഭാവനാ സ്റ്റുഡിയോസ്, ഗിരീഷ്‌ എഡി, കിരണ്‍ ജോസി, ശ്യാം മോഹന്‍, ദിലീഷ് പോത്തന്‍, ശ്യാം പുഷ്ക്കരന്‍, ഫഹദ് ഫാസില്‍, നസ്ലന്‍, മമിത തുടങ്ങിയവരെയും പോസ്റ്റിലൂടെ അഭിനന്ദിച്ചു. 

അരുൺ നാരായൺ പ്രൊഡക്ഷൻസിന്റെയും ലണ്ടൻ സ്റ്റുഡിയോസിന്റെയും ബാനറിൽ അരുൺ നാരായൺ, സിജോ സെബാസ്റ്റ്യൻ എന്നിവർ ചേർന്ന് നിർമിക്കുന്ന ബിജു മേനോൻ-ആസിഫ് അലി ചിത്രം തലവനാണ് ജിസ് ജോയുടെ ഉടൻ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.

അതേസമയം റിലീസ് ദിവസം തന്നെ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ച ചിത്രമായി ‘പ്രേമലു’ മാറിക്കഴിഞ്ഞു. പ്രായഭേദമന്യേ കണ്ടിറങ്ങിയവരെല്ലാം ഗംഭീരമെന്നു പറയുന്ന ചിത്രം ഇപ്പോഴിതാ രണ്ടാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ കേരളത്തിൽ ഉടനീളമുള്ള കൂടുതൽ തിയറ്ററുകളില്‍ പ്രദര്‍ശനം തുടങ്ങുന്നു. നല്ല ചിത്രങ്ങളെ ജനങ്ങള്‍ എന്നും ഇരുകയ്യും നീട്ടി സ്വീകരിക്കും എന്നുള്ളതിന്റെ സൂചന തന്നെയാണ് ഇത്. നസ്‌ലിൻ, മമിത എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ഒരു മുഴുനീള റൊമാന്റിക്‌ കോമഡി എന്റര്‍ടൈനര്‍ ആണെന്ന് പ്രേക്ഷകപ്രതികരണങ്ങളും റിവ്യൂകളും ഒരുപോലെ പറയുന്നു.. ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്ക്കരൻ എന്നിവർ ചേര്‍ന്നാണ് 'പ്രേമലു' നിര്‍മിച്ചിരിക്കുന്നത്.

ഹൈദരാബാദിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രത്തിൽ ശ്യാം മോഹൻ, അഖില ഭാർഗവൻ, സംഗീത് പ്രതാപ്, അൽതാഫ് സലിം, മീനാക്ഷി രവീന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. ഗിരീഷ്‌ എഡിയും കിരണ്‍ ജോസിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ചിത്രത്തിന്റെ ക്യാമറ: അജ്മൽ സാബു, എഡിറ്റിങ്: ആകാശ് ജോസഫ് വർഗീസ്, കലാ സംവിധാനം: വിനോദ് രവീന്ദ്രൻ, കോസ്റ്റ്യൂം ഡിസൈൻസ്: ധന്യ ബാലകൃഷ്ണൻ, മേക്കപ്പ്: റോണക്സ് സേവ്യർ, ആക്‌ഷൻ: ജോളി ബാസ്റ്റിൻ, കൊറിയോഗ്രഫി: ശ്രീജിത്ത് ഡാൻസിറ്റി, പ്രൊഡക്‌ഷൻ കൺട്രോളർ: സേവ്യർ റിച്ചാർഡ്,  വിഎഫ്എക്സ്: എഗ് വൈറ്റ് വിഎഫ്എക്സ്,  ഡിഐ: കളർ പ്ലാനറ്റ് സ്റ്റുഡിയോസ്, എക്‌സിക്യുട്ടീവ് പ്രൊഡ്യൂസേഴ്സ്: ബെന്നി കട്ടപ്പന, ജോസ് വിജയ്, പിആര്‍ഒ: ആതിര ദില്‍ജിത്ത്

English Summary:

Jis Joy Praises Premalu Movie

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com