കുഞ്ചമന്‍ പോറ്റിയുടെ കഥയല്ല, ‘ഭ്രമയുഗം’ മിസ്റ്ററി ഹൊറർ: സംവിധായകൻ പറയുന്നു
Mail This Article
‘ഭ്രമയുഗം’ കുഞ്ചമന്‍ പോറ്റിയുടെ കഥയല്ലെന്ന് സംവിധായകന്‍ രാഹുല്‍ സദാശിവന്‍. ‘‘ഏതെങ്കിലും ഒരു കുടുംബത്തെയോ കഥാപാത്രത്തെയോ ഉദ്ദേശിച്ചുളള സിനിമയല്ല ഭ്രമയുഗം. ഇതു പൂര്‍ണമായും ഫിക്‌ഷനല്‍ സ്റ്റോറിയാണ്. വേറെ ഒന്നും ഞങ്ങള്‍ അഡ്രസ് ചെയ്യുന്നില്ല. ഇത് കുഞ്ചമന്‍ പോറ്റിയുടെ കഥയല്ല. പതിമൂന്ന് വയസ്സിന് മുകളിലുള്ള കുട്ടികള്‍ക്കും കാണാന്‍ പറ്റുന്ന സിനിമയാണിത്.”–രാഹുലിന്റെ വാക്കുകൾ.
‘‘ചെറുതായി ഹൊറര്‍ എലമെന്‍സ് ഉണ്ട്. പക്ഷേ ഇതൊരു സസ്‌പെന്‍സ് ത്രില്ലര്‍ എന്നൊക്കെ പറയാം. ഒരു പീരിഡ് പടമാണ്. അത് ബ്ലാക് ആന്‍ഡ് വൈറ്റില്‍ കണ്ടാല്‍ എക്‌സ്പീരിയന്‍സ് വേറെ ആയിരിക്കും.
ഇക്കാലത്ത് ബ്ലാക് ആന്‍ഡ് വൈറ്റില്‍ സിനിമ കാണുക എന്നതാണ് അതിന്റെ എക്‌സൈറ്റിങ് ഫാക്ടർ. ഭൂതകാലം വേറൊരു തലത്തിലുള്ള ചിത്രമാണ്. അതുപോലെ ഭ്രമയുഗവും പേടിപ്പിക്കും എന്നു പ്രതീക്ഷിക്കുന്നവരുണ്ട്. എന്നാൽ ഇത് വേറെ തലത്തിലുള്ള ഹൊറർ ആണ്. പാരാനോർമൽ ഹൊറർ അല്ല. മിസ്റ്ററി ഹൊറർ ത്രില്ലറാണ്. ’’–രാഹുൽ പറഞ്ഞു.
കത്തനാർ കഥകളിലെ കഥാപാത്രമായ കുഞ്ചമൻ പോറ്റിയായിട്ടാണ് ഭ്രമയുഗത്തിൽ മമ്മൂട്ടി എത്തുന്നതെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.
റെഡ് റെയ്ൻ, ഭൂതകാലം തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ദുർമന്ത്രവാദിയായാണ് മമ്മൂട്ടി എത്തുന്നത്. പൂര്‍ണമായും ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ ഒരുങ്ങുന്ന ചിത്രം ഹൊറര്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്നതാണ്. നാല് കഥാപാത്രങ്ങൾ മാത്രം പ്രത്യക്ഷപ്പെടുന്ന സിനിമയുടെ ടീസറിന് ഇതിനോടകം തന്നെ വലിയ സ്വീകാര്യതയാണ് ലഭിച്ചത്.
നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസിന്‍റെ ബാനറില്‍ ചക്രവര്‍ത്തി രാമചന്ദ്രയും എസ്. ശശികാന്തും ചേര്‍ന്നാണ് ഭ്രമയുഗം നിര്‍മിക്കുന്നത്. പ്രമുഖ തമിഴ് സിനിമാ ബാനര്‍ വൈ നോട്ട് സ്റ്റുഡിയോസിന്‍റെ കീഴിലുള്ള മറ്റൊരു ബാനര്‍ ആണ് നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്. ഹൊറര്‍ ത്രില്ലര്‍ ചിത്രങ്ങള്‍ മാത്രമാണ് ഈ ബാനറില്‍ പുറത്തെത്തുക. അവരുടെ ആദ്യ പ്രൊഡക്‌ഷനാണ് ഭ്രമയുഗം.
മമ്മൂട്ടിയുടെ ഞെട്ടിക്കുന്ന മേക്കോവര്‍ തന്നെയാണ് സിനിമയുടെ പ്രധാന ആകർഷണം. അർജുൻ അശോകൻ, സിദ്ധാർഥ് ഭരതൻ, അമാൽഡ ലിസ് എന്നിവരും ടീസറിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. ഒരു മനയ്ക്കുള്ളില്‍ സംഭവിക്കുന്ന കാര്യങ്ങളാണ് സിനിമ എന്നാണ് ടീസറില്‍ നിന്നുള്ള മറ്റൊരു സൂചന. കുഞ്ചമൻ പോറ്റി എന്നാണ് മമ്മൂട്ടി കഥാപാത്രത്തിന്റെ പേരെന്നും കേൾക്കുന്നു.
കൊച്ചിയും ഒറ്റപ്പാലവുമാണ് ‘ഭ്രമയുഗ’ത്തിന്റെ പ്രധാന ലൊക്കേഷനുകൾ. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലാണ് ‘ഭ്രമയുഗ’ത്തിന്റെ റിലീസ്.
ഛായാഗ്രഹണം: ഷെഹ്‌നാദ് ജലാൽ, ചിത്രസംയോജനം: ഷഫീഖ് മുഹമ്മദ് അലി, സംഗീതം: ക്രിസ്റ്റോ സേവ്യർ, സംഭാഷണങ്ങൾ: ടി.ഡി. രാമകൃഷ്ണൻ, പ്രൊഡക്‌ഷൻ ഡിസൈനർ: ജോതിഷ് ശങ്കർ, കലാസംവിധാനം: ജ്യോതിഷ് ശങ്കർ, സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കടത്ത്, സൗണ്ട് മിക്സ്: എം.ആർ. രാജകൃഷ്ണൻ, മേക്കപ്പ്: റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം: മെൽവി ജെ., പിആർഒ: ശബരി.