പുരസ്‌കാര വേദിയിൽ ‘നോ’ എന്നു പറഞ്ഞ്, മമ്മൂട്ടി അലറി: ശ്രീനിവാസൻ പറയുന്നു
Mail This Article
മമ്മൂട്ടിയുടെ അലർച്ചയിൽ മുൻ രാഷ്ട്രപതി കെ.ആർ. നാരായണൻ ഭയന്നുപോയൊരു കഥ പങ്കുവച്ച് നടന്‍ ശ്രീനിവാസൻ. തിരക്കഥാകൃത്ത് എസ്.എൻ. സ്വാമി ആദ്യമായി സംവിധാനം ചെയ്യുന്ന സീക്രട്ട് എന്ന സിനിമയുടെ ടൈറ്റിൽ ലോഞ്ചിനിടെയായിരുന്നു വർഷങ്ങൾക്ക് മുൻപു നടന്ന രസകരമായ സംഭവം ശ്രീനിവാസന്‍ ഓർത്തെടുത്തത്.
‘‘ചിന്താവിഷ്ടയായ ശ്യാമളയ്ക്കു ദേശീയ പുരസ്‌കാരം ലഭിച്ച വര്‍ഷം മമ്മൂട്ടിക്കും മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചിരുന്നു. അവാര്‍ഡ് സ്വീകരിക്കുന്നതിന്റെ തലേ ദിവസം, പ്രസിഡന്റിന്റെ കയ്യില്‍നിന്നു പുരസ്‌കാരം വാങ്ങുന്നതിന്റെ റിഹേഴ്‌സല്‍ ഉണ്ടാകാറുണ്ട്. എങ്ങനെ ചെല്ലണം, അനാവശ്യ സംസാരം ഒഴിവാക്കണം എന്നീ കാര്യങ്ങള്‍ ആ റിഹേഴ്‌സലില്‍ പുരസ്‌കാര ജേതാക്കള്‍ക്ക് പറഞ്ഞു കൊടുക്കും.
പിറ്റേന്ന് പുരസ്‌കാരദാനച്ചടങ്ങില്‍ ജേതാക്കളെക്കുറിച്ച് അവതാരക സംസാരിക്കും. ഒരു ലഘു ജീവചരിത്രം. അതിൽ മമ്മൂട്ടിയെക്കുറിച്ച് സംസാരിക്കുന്ന സമയം അവതാരക പറഞ്ഞു, രണ്ടാം തവണയാണ് അദ്ദേഹത്തിന് ഈ പുരസ്‌കാരം ലഭിക്കുന്നതെന്ന്. അതുകേട്ട മമ്മൂട്ടി ‘നോ’ എന്ന് ഉറക്കെ അലറിവിളിച്ചു. തനിക്കു മൂന്നാമത്തെ തവണയാണ് ഈ പുരസ്‌കാരം ലഭിക്കുന്നതെന്ന് പറഞ്ഞാണ് മമ്മൂട്ടി സീറ്റില്‍ ഇരുന്നത്.
കെ.ആര്‍. നാരായണന്‍ ആയിരുന്നു അന്നത്തെ പ്രസിഡന്റ്. അദ്ദേഹം ഈ അലര്‍ച്ച കേട്ട് പേടിച്ചു പോയി. വല്ല തീവ്രവാദി ആക്രമണവുമാണോ എന്ന് അദ്ദേഹം ഭയന്നു കാണും. പിന്നീട് പുരസ്‌കാരം വാങ്ങാന്‍ പോയപ്പോള്‍ പ്രസിഡന്റ് മമ്മൂട്ടിയോട് എന്തോ സംസാരിക്കുന്നുണ്ടായിരുന്നു. ‘എന്നെ പേടിപ്പിച്ചു കളഞ്ഞല്ലോ’ എന്നെങ്ങാനും ആയിരിക്കണം ആ പറഞ്ഞത്.”–ശ്രീനിവാസന്റെ വാക്കുകൾ.
സിനിമ സംവിധാനം ചെയ്യാൻ തനിക്ക് ധൈര്യം തന്നത് മമ്മൂട്ടിയാണെന്നും അദ്ദേഹത്തിന്റെ വാക്കുകളിലുള്ള വിശ്വാസത്തിലാണ് സീക്രട്ട് ഒരുങ്ങുന്നതെന്നും എസ്.എൻ. സ്വാമി പറഞ്ഞിരുന്നു. ഇതിന് മറുപടിയായിട്ടാണ് രസകരമായ സംഭവം ശ്രീനിവാസൻ ഓർത്തെടുത്തത്.