കരാട്ടെ ചന്ദ്രനായി ഫഹദ് ഫാസിൽ; ഭാവന സ്റ്റുഡിയോസിന്റെ ആറാം ചിത്രം
Mail This Article
ഫഹദ് ഫാസിലിന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചു. ‘കരാട്ടെ ചന്ദ്രൻ’ എന്നു പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ റോയ് ആണ്. മഹേഷിന്റെ പ്രതികാരം മുതല്‍ ദിലീഷ് പോത്തന്റെ കോ-ഡയറക്ടർ ആയിരുന്നു റോയ്. പ്രേമലുവിന്റെ തകർപ്പൻ വിജയത്തിന് ശേഷം ഭാവനാ സ്റ്റുഡിയോസ് നിർമിക്കുന്ന അടുത്ത ചിത്രമാകും ഇത്. ഭാവനാ സ്റ്റുഡിയോസിന്റെ ആറാമത്തെ ചിത്രമാണ് ‘കരാട്ടെ ചന്ദ്രൻ’.
എസ്. ഹരീഷും വിനോയ് തോമസും ചേര്‍ന്ന് തിരക്കഥയെഴുതുന്ന ചിത്രത്തിന്റെ മറ്റ് അണിയറപ്രവര്‍ത്തകരുടെ വിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. സിനിമയ്ക്കായി കരാട്ടെ പഠിക്കുന്ന ഫഹദിന്റെ ചിത്രങ്ങൾ അണിയറ പ്രവർത്തകർ പങ്കുവച്ചിട്ടുണ്ട്.
ഗിരീഷ് എഡി സംവിധാനം ചെയ്ത പ്രേമലു ആണ് ഭാവനാ സ്റ്റുഡിയോസിന്റെ അവസാനമായി പുറത്തിറങ്ങിയ ചിത്രം. മികച്ച പ്രേക്ഷകാഭിപ്രായവുമായി ബോക്സോഫീസില്‍ മുന്നേറുന്ന ചിത്രത്തില്‍ പ്രധാനവേഷങ്ങളില്‍ എത്തിയത് നസ്‌ലിനും മമിതയും ആയിരുന്നു.
കുമ്പളങ്ങി നൈറ്റ്സ് ആണ് ഭാവന സ്റ്റുഡിയോസ് നിർമിച്ച ആദ്യ ചിത്രം. എന്നും മികച്ച സിനിമകൾ മാത്രം പ്രേക്ഷകര്‍ക്ക് നല്‍കിയ ഭാവനാ സ്റ്റുഡിയോസ് 'കരാട്ടെ ചന്ദ്ര'നിലൂടെയും ആ മേന്മ കാത്തുസൂക്ഷിക്കും എന്നാണ് പ്രേക്ഷകരുടെ വിശ്വാസം.