വില്ലനെന്നും നായകനെന്നുമുണ്ടോ: ‘ഭ്രമയുഗ’ത്തില്‍ വില്ലനാണോ എന്ന ചോദ്യത്തിനു മമ്മൂട്ടിയുടെ മറുപടി
Mail This Article
ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമ ഒരു ഗൃഹാതുരതയാണെന്ന് മമ്മൂട്ടി. പുതിയ തലമുറയ്ക്ക് ഒട്ടും പരിചിതമല്ലാത്ത ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമകൾ അവരെക്കൂടി പരിചയപ്പെടുത്താൻ വേണ്ടിയാണ് ഭ്രമയുഗം ബ്ലാക്ക് ആൻഡ് വൈറ്റിൽ എടുത്തതെന്ന് മമ്മൂട്ടി പറയുന്നു. ‘‘സിനിമകൾ ഇല്ലാത്ത കാലത്തെ കഥയാണ് ഭ്രമയുഗത്തിന്റേത്. ഈ ചിത്രം ബ്ലാക്ക് ആൻഡ് വൈറ്റിൽ ചെയ്യാൻ അനുയോജ്യമായി തോന്നി. ഓസ്കർ കിട്ടിയ ചിത്രങ്ങൾ പോലും ബ്ലാക്ക് ആൻഡ് വൈറ്റിൽ എടുത്തിട്ടുണ്ട് നമുക്കും അത്തരത്തിൽ ഒരു അനുഭവം വേണ്ടേ’’ അദ്ദേഹം ചോദിക്കുന്നു. ഭ്രമയുഗത്തിന്റെ പ്രമോഷൻ പരിപാടിയിൽ സംസാരിക്കുകയായിരുന്നു മമ്മൂട്ടി.
‘‘ഒന്നും പ്രതീക്ഷിക്കാതെ സിനിമ കാണാൻ വരണം എന്ന് ഞാൻ പറഞ്ഞിട്ടില്ല. നിങ്ങൾ ഓരോ കാര്യങ്ങൾ തീരുമാനിച്ച്, കഥ ഇങ്ങനെയായിരിക്കും എന്നു കരുതി വരരുത് എന്നാണ് പറഞ്ഞത്. സിനിമ എങ്ങനെയായിരിക്കും എന്നത് കണ്ടു അറിയുന്നതാണ് ഭംഗി. ‘ഞങ്ങൾ അങ്ങനെയല്ല വിചാരിച്ചത്’ എന്ന് മാത്രമാണ് പറഞ്ഞത്. എന്നെ ആവശ്യമില്ലാതെ കുറ്റപ്പെടുത്തരുതെന്നും പറഞ്ഞു. ശൂന്യമായ മനസ്സോടെ സിനിമ കാണാൻ വരണം. ട്രെയിലർ കാണുമ്പോഴും പോസ്റ്റർ കാണുമ്പോഴും നമ്മുടെ മനസ്സിലേക്ക് ഓരോ തോന്നൽ വരും. സിനിമ അതൊന്നുമായിരിക്കണം എന്നില്ല. ചിലപ്പോൾ ആകാം. പക്ഷേ അതും മനസ്സിൽ വച്ച് സിനിമ കാണുമ്പോൾ ത്രില്ല് നഷ്ടപ്പെട്ടുപോകും. സിനിമ ചെയ്തു കഴിഞ്ഞു. ഇനി മാറ്റാൻ കഴിയില്ല. ഇങ്ങനെ ആയിരുന്നെങ്കിൽ എന്നൊന്നും ഇനി പറഞ്ഞിട്ടു കാര്യമില്ല. സിനിമ കാണാൻ മുൻവിധിയോടെ വരരുത്.
ഇതൊരു കാലഘട്ടത്തിന്റെ സിനിമയാണ്. സിനിമയേ ഇല്ലാതിരുന്ന കാലത്താണ് ഇതു നടക്കുന്നത് അതുകൊണ്ടാണ് സിനിമ ബ്ലാക്ക് ആൻഡ് വൈറ്റ് ആക്കിയത്. അതുമല്ല, ബ്ലാക്ക് ആൻഡ് വൈറ്റ് പുതിയ തലമുറ ഒട്ടും അനുഭവിച്ചിട്ടില്ല. അതും കണ്ടറിയാം. ഇത് അതിനു പറ്റിയ സിനിമയാണ്. ആ കാലം ആളുകളിലേക്ക് സത്യസന്ധമായി എത്തിക്കാനാണ് ബ്ലാക്ക് ആൻഡ് വൈറ്റിൽ ചെയ്തത്.
നമ്മൾ പണ്ടൊക്കെ ഫ്ലാഷ് ബാക് കാണിക്കുമ്പോൾ ബ്ലാക്ക് ആൻഡ് വൈറ്റ് കാണിക്കുമായിരുന്നു. അതാണ് പ്രചോദനം. ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമ ഒരു നൊസ്റ്റാൾജിയ ആണ്. ഓസ്കർ കിട്ടിയ സിനിമകളൊക്കെ ഉണ്ട്. അഞ്ചെട്ടു വർഷം മുൻപ് ആർട്ടിസ്റ്റ് എന്ന സിനിമ ബ്ലാക്ക് ആൻഡ് വൈറ്റ് 35 എംഎമ്മിൽ ആണ് എടുത്തത്. നമ്മൾ അത്രത്തോളം ഒന്നും ആഗ്രഹിച്ചിട്ടില്ല. നമുക്കും വേണ്ടേ ഒരെണ്ണം, അത്രയേ ആഗ്രഹിച്ചുള്ളൂ.’’ മമ്മൂട്ടി പറയുന്നു.
ഈ സിനിമയിൽ വില്ലനായാണോ എത്തുന്നതെന്ന ചോദ്യത്തിനു മമ്മൂട്ടിയുടെ മറുപടി ഇങ്ങനെ: ‘‘വില്ലൻ എന്ന വാക്കുപോലും ഇല്ലാതിരുന്ന കാലത്തുള്ള കഥയാണ് സിനിമ പറയുന്നത്. സാധാരണ കാണുന്ന ദുഷ്ടനായ കഥാപാത്രങ്ങളെ വില്ലനെന്ന് വിളിക്കുന്ന ഒരു കാലം ഉണ്ടായിരുന്നോ എന്ന് എനിക്ക് അറിയില്ല. സിനിമയിൽ ആ കഥാപാത്രത്തിന് ഒരുപാട് ദുരൂഹതകളുണ്ട്. അത് ഇവിടെ പറഞ്ഞാലും ആ സിനിമ കണ്ട് നിങ്ങൾ മറ്റൊരാളോടു പറഞ്ഞാലും പിന്നീട് ഈ സിനിമ കാണാൻ പോകുന്ന ആൾക്ക് ത്രില്ല് നഷ്ടമാകും.
വില്ലൻ, നായകൻ എന്നൊന്ന് ഈ സിനിമയിൽ ഇല്ല. വില്ലനും നായകനുമല്ല, കഥാപാത്രങ്ങൾ മാത്രമാണ് ഇവിടെ ഉള്ളത്. എല്ലാത്തരം വികാരങ്ങളും ഉള്ളവർ. പിന്നെ ധർമവും അധർമവും ഉള്ള സിനിമയാണ് ഇതെന്നും പറയാൻ കഴിയില്ല. അതൊക്കെ നിങ്ങൾക്കു കണ്ടെത്താം.’’
സിനിമയ്ക്കു വേണ്ടി എന്തും ചെയ്യണമെന്നതാണ് തന്റെ ആഗ്രഹമെന്നും സിനിമയിലേക്കു വന്നത് ഇന്ന് കാണുന്നതൊന്നും പ്രതീക്ഷിച്ചല്ലെന്നും മമ്മൂട്ടി പറഞ്ഞു.
‘‘എന്നെ സംബന്ധിച്ച് എന്തും ചെയ്യണം എന്നതാണ് എന്റെ ആഗ്രഹം. സിനിമയിലേക്കു വന്നത് ഇന്ന് കാണുന്നതൊന്നും പ്രതീക്ഷിച്ചല്ല. സിനിമയിൽ ഞാൻ പ്രതീക്ഷിച്ചത് സിനിമ മാത്രമാണ്. എനിക്കു സിനിമ മാത്രമേ ഇഷ്ടമുള്ളൂ. ബാക്കി കിട്ടുന്നതൊക്കെ ബോണസാണ്. ബോണസിനെക്കുറിച്ച് ആലോചിക്കാതെ തന്നെയാണ് ഞാൻ അഭിനയിക്കുന്നത്. ഇനി അങ്ങോട്ടും അങ്ങനെതന്നെയാകാനാണ് എന്റെ ശ്രമം. പക്ഷേ ഒരു കാര്യം എനിക്കു നിങ്ങളോട് പറയാനുണ്ട്. നിങ്ങൾ കൂടെയുണ്ടാകണം, വഴിയിൽ ഇട്ടിട്ട് പോകരുത്.’’–മമ്മൂട്ടി പറഞ്ഞു.
ഒരുപാട് കാലത്തിന് ശേഷം മലയാള സിനിമയിൽ പൂര്‍ണമായും ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ പുറത്തിറങ്ങുന്ന ചിത്രമാണ് ഭ്രമയുഗം. മമ്മൂട്ടി നായകനാകുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഭൂതകാലം എന്ന ഹൊറർ സിനിമയുടെ സംവിധായകനായ രാഹുല്‍ സദാശിവനാണ്. ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇറങ്ങിയത് മുതൽ പ്രേക്ഷകരെ ആകാംക്ഷയുടെ കൊടുമുടിയിൽ എത്തിച്ച ചിത്രത്തിനായി കാത്തിരിക്കുകയാണ് സിനിമാസ്വാദകർ. അർജുൻ അശോകൻ, സിദ്ധാർഥ് ഭരതൻ, അമാൽഡ ലിസ് എന്നിവരും പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രം 300ൽപരം സ്‌ക്രീനുകളിലാണ് പ്രദർശനത്തിന് എത്തുന്നത്.