ഇനി ആടാൻ ഏതുവേഷം; വീണ്ടും വീണ്ടും മമ്മൂട്ടി; ‘ഭ്രമയുഗം’ പ്രേക്ഷക പ്രതികരണം
Mail This Article
വീണ്ടും വീണ്ടും മമ്മൂട്ടി വെള്ളിത്തിരയിൽ അദ്ഭുതം സൃഷ്ടിക്കുകയാണ്. ഇനി ആടാൻ ഏത് കഥാപാത്രമെന്ന പ്രേക്ഷക ചോദ്യങ്ങൾക്കുള്ള മറുപടിയുമായാണ് മമ്മൂട്ടി ‘ഭ്രമയുഗ’ത്തിലെത്തുന്നത്. കൊടുമൺ പോറ്റിയെന്ന കഥാപാത്രമായി മെഗാ സ്റ്റാര്‍ വീണ്ടും വിസ്മയിപ്പിക്കുകയാണ്. സിനിമയുടെ ആദ്യ പ്രദർശനം പൂർത്തിയാകുമ്പോൾ ഗംഭീര പ്രതികരണമാണ് സിനിമയ്ക്കു ലഭിക്കുന്നത്.
കൊടുമൺ പോറ്റിയുടെ പിന്നിലെ നിഗൂഢതയും അയാളുടെ മാന്ത്രികതയുമാണ് സിനിമയുടെ ഉള്ളടക്കം. പാണനായി എത്തുന്ന അർജുൻ അശോകനും കൊടുമൺ പോറ്റിയുടെ ജോലിക്കാരനായി വരുന്ന സിദ്ധാർഥ് ഭരതനും കയ്യടിപ്പിക്കുന്ന പ്രകടനം കാഴ്ച വയ്ക്കുന്നു.
രാഹുല്‍ സദാശിവന്റെ മേക്കിങ് ആണ് സിനിമയുടെ മറ്റൊരു പ്രത്യേകത. അർജുൻ അശോകൻ, സിദ്ധാർഥ് ഭരതൻ, അമാൽഡ ലിസ്, മണികണ്ഠൻ എന്നിവരാണ് മമ്മൂട്ടിയുടെ കൂടാതെയുള്ള താരങ്ങൾ.
‘ഭൂതകാലം’ എന്ന ഹൊറർ ചിത്രത്തിലൂടെ ശ്രദ്ധേയനായ രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഭ്രമയുഗം’. വൈ നോട്ട് സ്റ്റുഡിയോസും നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസും ആദ്യമായി നിര്‍മിക്കുന്ന മലയാള ചിത്രം കൂടിയാണിത്. ഹൊറർ ത്രില്ലർ സിനിമകൾക്കു മാത്രമായി ആരംഭിച്ചിരിക്കുന്ന പ്രൊഡക്‌ഷൻ ഹൗസ് ആണ് നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്.
കൊച്ചിയും ഒറ്റപ്പാലവുമാണ് ‘ഭ്രമയുഗ’ത്തിന്റെ പ്രധാന ലൊക്കേഷനുകൾ. അർജുൻ അശോകൻ, സിദ്ധാർഥ് ഭരതൻ, അമൽദ ലിസ് എന്നിവരും ചിത്രത്തിൽ വേഷമിടുന്നു. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ ഒരേസമയമായിരിക്കും ‘ഭ്രമയുഗ’ത്തിന്റെ റിലീസ്.
ഛായാഗ്രഹണം: ഷെഹ്‌നാദ് ജലാൽ, ചിത്രസംയോജനം: ഷഫീഖ് മുഹമ്മദ് അലി, സംഗീതം: ക്രിസ്റ്റോ സേവ്യർ, സംഭാഷണങ്ങൾ: ടി.ഡി. രാമകൃഷ്ണൻ, പ്രൊഡക്‌ഷൻ ഡിസൈനർ: ജോതിഷ് ശങ്കർ, കലാസംവിധാനം: ജ്യോതിഷ് ശങ്കർ, സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കടത്ത്, സൗണ്ട് മിക്സ്: എം.ആർ. രാജകൃഷ്ണൻ, മേക്കപ്പ്: റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം: മെൽവി ജെ., പിആർഒ: ശബരി.
ആന്റോ ജോസഫിന്റെ 'ആൻ മെഗാ മീഡിയ' കേരളത്തിലെ തിയറ്ററുകളിൽ വിതരണത്തിനെത്തിക്കുന്ന ചിത്രത്തിന്റെ ഓവർസീസ് ഡിസ്ട്രിബ്യൂഷൻ ട്രൂത്ത് ഗ്ലോബൽ ഫിലിംസാണ് സ്വന്തമാക്കിയിരിക്കുന്നത്.