മമ്മൂട്ടിയെന്ന വിസ്മയം: പ്രശംസിച്ച് സെൽവരാഘവനടക്കമുള്ള താരങ്ങൾ
Mail This Article
‘‘ഭ്രമയുഗ’ത്തിലൂടെ മമ്മൂട്ടി വീണ്ടും വിസ്മയിപ്പിക്കുകയാണ്. തമിഴ് സംവിധായകൻ സെൽവരാഘവൻ അടക്കമുള്ള താരങ്ങളാണ് അദ്ദേഹത്തെ പ്രശംസിച്ചെത്തുന്നത്. ‘‘സർ, അദ്ഭുതപ്പെടുത്തുന്നു’’ എന്നായിരുന്നു ഇൻസ്റ്റഗ്രാമിൽ മമ്മൂട്ടി പങ്കുവച്ച ചിത്രത്തിനു താഴെ സെൽവരാഘവൻ കമന്റ് ചെയ്തത്. ‘ഭ്രമയുഗം’ സിനിമയെ പ്രശംസിച്ച് മിഥുൻ മാനുവൽ, ആര്യൻ തുടങ്ങിയവരും രംഗത്തെത്തി.
മിഥുൻ മാനുവൽ തോമസ്: ഇന്തിയാവിൻ മാപെരും നടികർ. അഭിനന്ദനങ്ങൾ ഭ്രമയുഗം ടീം, സിനിമയിലെ എല്ലാ വിഭാഗവും കയ്യടി അർഹിക്കുന്നു.
ആര്യൻ (സംവിധായകൻ): ‘ഭ്രമയുഗം’ സിനിമയിൽ ക്രൗര്യതയുടെ ആൾരൂപമായി നിന്നങ്ങനെ ആടി തിമിർക്കുന്നത് കാണാൻ എന്താ രസം!! നമ്മൾ വിചാരിക്കും ഇതാണ് ഇദ്ദേഹത്തിന്റെ ഏറ്റോം അൾട്ടിമേറ്റം എന്ന്.. യവടെ! ആശാൻ ഈ ചിത്രത്തിൽ എന്ന പോലെ നമ്മളെ ഞെട്ടിക്കുന്ന അടുത്ത കഥാപാത്രത്തെ മനസ്സിൽ ആവാഹിക്കുകയായിരിക്കും. സിനിമ അഭിനയ ആർത്തിയുടെ personification !
അമൃത ശിവദാസ് (സിനിമാ പ്രവർത്തക): അന്നും ഇന്നും യക്ഷിയും ചാത്തനും മാടനും ഭൂതവും ഉള്ള കഥകൾ വായിക്കാനും സിനിമകൾ കാണുവാനും ഇഷ്ടമാണ്. ആ ഒരു ചിന്തയിൽ തന്നെയാണ് “ഭ്രമയുഗം’’ കാണാൻ പോയത്. ഒട്ടും നിരാശപ്പെടുത്തിയില്ല. കൊടുമൺ പോറ്റിയാവൻ ഇന്ന് കേരളത്തിലെന്നല്ല, ഇന്ത്യയിൽ വേറെ നടനില്ല. അദ്ദേഹത്തിന്റെ സാന്നിധ്യവും ഓരോ ഭാവങ്ങളും വിലമതിക്കാനാകാത്തതാണ്. ഒരു നെഗറ്റിവ് ക്യാരക്ടറിനോടു പോലും ഇഷ്ടവും മതിപ്പും തോന്നണമെങ്കിൽ അത് മമ്മൂക്ക ആയിരിക്കണം. അർജുൻ അശോകനും തന്റെ വേഷം ഗംഭീരമാക്കി. ഇതുവരെയുള്ള അദ്ദേഹത്തിന്റെ കരിയറിെല ഏറ്റവും മികച്ച വേഷമാണ്. സിദ്ധാർഥ് ഭരതനും കയ്യടി അർഹിക്കുന്നു. മേക്കിങും പ്രൊഡക്‌ഷൻ ഡിസൈനും അതിഗംഭീരം. രാഹുൽ സദാശിവനും ഛായാഗ്രാഹകൻ ഷെഹ്നാദിനും എല്ലാ സാങ്കേതിക പ്രവര്‍ത്തകർക്കും അഭിനന്ദനം.
കൊടുമൺ പോറ്റിയെന്ന കഥാപാത്രമായി മെഗാ സ്റ്റാര്‍ വീണ്ടും വിസ്മയിപ്പിക്കുകയാണ്. ഭ്രമയുഗത്തിന്റെ ആദ്യ പ്രദർശനം പൂർത്തിയാകുമ്പോൾ ഗംഭീര പ്രതികരണമാണ് സിനിമയ്ക്കു ലഭിക്കുന്നത്.
കൊടുമൺ പോറ്റിയുടെ പിന്നിലെ നിഗൂഢതയും അയാളുടെ മാന്ത്രികതയുമാണ് സിനിമയുടെ ഉള്ളടക്കം. പാണനായി എത്തുന്ന അർജുൻ അശോകനും കൊടുമൺ പോറ്റിയുടെ ജോലിക്കാരനായി വരുന്ന സിദ്ധാർഥ് ഭരതനും കയ്യടിപ്പിക്കുന്ന പ്രകടനം കാഴ്ച വയ്ക്കുന്നു. രാഹുല്‍ സദാശിവന്റെ മേക്കിങ് ആണ് സിനിമയുടെ മറ്റൊരു പ്രത്യേകത. അമാൽഡ ലിസ്, മണികണ്ഠൻ എന്നിവരാണ് മറ്റു താരങ്ങൾ.
‘ഭൂതകാലം’ എന്ന ഹൊറർ ചിത്രത്തിലൂടെ ശ്രദ്ധേയനായ രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഭ്രമയുഗം’. വൈ നോട്ട് സ്റ്റുഡിയോസും നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസും ആദ്യമായി നിര്‍മിക്കുന്ന മലയാള ചിത്രം കൂടിയാണിത്. ഹൊറർ ത്രില്ലർ സിനിമകൾക്കു മാത്രമായി ആരംഭിച്ചിരിക്കുന്ന പ്രൊഡക്‌ഷൻ ഹൗസ് ആണ് നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്.