തീർച്ചയായും കണ്ടിരിക്കേണ്ട അഭിനയ ഭ്രമം: ‘പോറ്റിയെ പ്രശംസിച്ച് കത്തനാർ’
Mail This Article
‘ഭ്രമയുഗം’ സിനിമയെ പ്രശംസിച്ച് നടൻ ജയസൂര്യ. ‘‘തീർച്ചയായും കണ്ടിരിക്കേണ്ട അഭിനയ ഭ്രമം’’ എന്നാണ് സിനിമയെക്കുറിച്ച് ജയസൂര്യ വിശേഷിപ്പിച്ചത്. സിനിമയെയും മമ്മൂട്ടിയെയും പ്രശംസിച്ച് സിനിമാ രംഗത്തുനിന്നും ജയസൂര്യ ഉൾപ്പടെ നിരവധിപ്പേരാണ് എത്തുന്നത്. തമിഴ് സംവിധായകരായ സെൽവരാഘവൻ, വസന്ത ബാലൻ തുടങ്ങിയവരും മമ്മൂട്ടിയെ പ്രശംസിച്ചെത്തിയിരുന്നു.
അതേസമയം ജയസൂര്യ നായകനായെത്തുന്ന ‘കത്താനാർ’ എന്ന സിനിമയും അണിയറയിൽ ഒരുങ്ങുകയാണ്. ഭ്രമയുഗം പോലെ തന്നെ പീരിഡ് കാലഘട്ടത്തിലുള്ള കഥയാണ് കത്തനാരുടേതും.
കൊടുമൺ പോറ്റിയുടെ പിന്നിലെ നിഗൂഢതയും അയാളുടെ മാന്ത്രികതയുമാണ് ‘ഭ്രമയുഗം’ സിനിമയുടെ ഉള്ളടക്കം. പാണനായി എത്തുന്ന അർജുൻ അശോകനും കൊടുമൺ പോറ്റിയുടെ ജോലിക്കാരനായി വരുന്ന സിദ്ധാർഥ് ഭരതനും കയ്യടിപ്പിക്കുന്ന പ്രകടനം കാഴ്ച വയ്ക്കുന്നു.
രാഹുല്‍ സദാശിവന്റെ മേക്കിങ് ആണ് സിനിമയുടെ മറ്റൊരു പ്രത്യേകത. അർജുൻ അശോകൻ, സിദ്ധാർഥ് ഭരതൻ, അമാൽഡ ലിസ്, മണികണ്ഠൻ എന്നിവരാണ് മമ്മൂട്ടിയുടെ കൂടാതെയുള്ള താരങ്ങൾ.‘ഭൂതകാലം’ എന്ന ഹൊറർ ചിത്രത്തിലൂടെ ശ്രദ്ധേയനായ രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഭ്രമയുഗം’.
വൈ നോട്ട് സ്റ്റുഡിയോസും നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസും ആദ്യമായി നിര്‍മിക്കുന്ന മലയാള ചിത്രം കൂടിയാണിത്. ഹൊറർ ത്രില്ലർ സിനിമകൾക്കു മാത്രമായി ആരംഭിച്ചിരിക്കുന്ന പ്രൊഡക്‌ഷൻ ഹൗസ് ആണ് നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്.