നിർമാതാവും സംവിധായകനും ഇരട്ടകൾ; സിനിമ ഹിറ്റടിച്ചതിനു പിന്നാലെ പിറന്നാളും
Mail This Article
ഇരട്ടകള്‍ ചേർന്ന് ഒരു സിനിമയുടെ നിർമാണവും സംവിധാനവും നിർവഹിക്കുക. ആ സിനിമ വൻ വിജയമായി നിറഞ്ഞ സദസ്സിൽ തിയറ്ററുകളിൽ പ്രേക്ഷകർ ഏറ്റെടുക്കുക. അതിനിടയിൽ ഇരട്ടി മധുരമായി പിറന്നാളും. ടൊവിനോ തോമസ് നായകനായെത്തിയ ‘അന്വേഷിപ്പിൻ കണ്ടെത്തും’ എന്ന സിനിമയുടെ സംവിധായകൻ ഡാർവിനും നിർമാതാവായ ഡോൾവിനുമാണ് ഈ അപൂർവ ആഘോഷത്തിലെ ഇരട്ട നായകന്മാർ.
ഫെബ്രുവരി ഒൻപതിനായിരുന്നു ‘അന്വേഷിപ്പിന്‍ കണ്ടെത്തും’ റിലീസിനെത്തിയത്. നിറഞ്ഞ സദസ്സിൽ ചിത്രം പ്രദർശനം തുടരുന്നതിനിടെ ഫെബ്രുവരി 17ന് ഡാർവിനും ഡോൾവിനും പിറന്നാൾ ആഘോഷിക്കുകയാണ്. സിനിമയുടെ വൻ വിജയത്തിന്‍റെ പശ്ചാത്തലത്തിലുള്ള ഈ പിറന്നാളിന് അതുകൊണ്ടുതന്നെ ഇരട്ടി മധുരമാണ്.
Read Also: ‘രണ്ടുപേരുടേയും മുഖത്ത് നോക്കി സംസാരിച്ച് ടൊവിനോ ആ പ്രശ്നം പരിഹരിച്ചു’
ഡാര്‍വിൻ കുര്യാക്കോസിന്റെ ആദ്യ സംവിധാന സംരംഭമാണ് അന്വേഷിപ്പിൻ കണ്ടെത്തും. ജിനു വി. ഏബ്രഹാം, ജോണി ആന്‍റണി തുടങ്ങിയവരോടൊപ്പം ഒട്ടേറെ സിനിമകളുടെ സഹസംവിധായകനായി പ്രവർത്തിച്ച ശേഷമാണ് ഡാർവിൻ സ്വതന്ത്ര സംവിധായകനായത്. തന്‍റെ ആദ്യ സംവിധാന സംരംഭം സഹോദരൻ തന്നെ നിർമിക്കാൻ ഇടയായതിനെ കുറിച്ച് ഡാർവിന്റെ വാക്കുകള്‍:
‘‘ഇരട്ടകളാണെങ്കിലും എന്റെയും ഡോൾവിന്റെയും ടേസ്റ്റ് എല്ലാ കാര്യങ്ങളിലും ഒരുപോലെയാണെന്നു പറയാൻ പറ്റില്ല. ചില കാര്യങ്ങളിൽ അത് ഒരേ പോലെയായിരിക്കാം. ചെറുപ്പം മുതൽ ഞാനും അവനും ഒന്നിച്ചാണല്ലോ എല്ലാ കാര്യങ്ങളും അനുഭവിക്കുന്നത്. അതിനാൽ ടേസ്റ്റ് ചില കാര്യങ്ങളിൽ ഒന്നിച്ചുവരും, ചില കാര്യങ്ങളിൽ രണ്ടായിരിക്കും. പക്ഷേ സിനിമയുടെ കാര്യത്തിൽ ഞങ്ങൾക്ക് ഒരേ ടേസ്റ്റാണ്. ചെറുപ്പം മുതൽ കണ്ട സിനിമകള്‍ ഒരുപോലെയായതു കൊണ്ടാകാം അത്.
എനിക്ക് സംവിധായക മോഹം വരുന്നതിന് മുൻപുതന്നെ ഡോൾവിന് സിനിമ വലിയ ഇഷ്ടമായിരുന്നു. ഡോള്‍വിൻ പ്രൊഡക്‌ഷനിലേക്കു വന്നത് എനിക്ക് ഡയറക്ടറാകാൻ വേണ്ടിയല്ല. ഇരുവര്‍ക്കും സിനിമ ഇഷ്ടമാണ്. സഹകരിച്ചു പോകണമെന്ന ആഗ്രഹത്തിൽ ഞങ്ങള്‍ ഒരുമിച്ചൊരു സിനിമയൊരുക്കുകയായിരുന്നു. ഞങ്ങള്‍ക്ക് സിനിമാബന്ധങ്ങളൊന്നും ഉണ്ടായിരുന്നില്ല. അസിസ്റ്റന്‍റ് ഡയറക്ടറാകാൻ ജോണി സാറിന്റെയടുത്ത് വന്നതായിരുന്നു ആ സമയത്തെ ഏക സിനിമാ ബന്ധം. സിനിമയിൽ വന്ന ശേഷം നിരവധി സൗഹൃദങ്ങള്‍ ഉണ്ട്. തിയറ്റർ ഓഫ് ഡ്രീംസിന്‍റെ ബാനറിൽ ഫെഫ്ക റൈറ്റേഴ്സ് യൂണിയനോടൊപ്പം ചേർന്ന് ഡോൾവിൻ 'കാപ്പ' നിർമിച്ച ശേഷം ഒട്ടേറെ ബന്ധങ്ങള്‍ സിനിമാലോകത്ത് ഞങ്ങള്‍ക്കുണ്ടായി. ഒടുവിൽ ഇപ്പോൾ 'അന്വേഷിപ്പിൻ കണ്ടെത്തും' വരെ ഞങ്ങളുടെ യാത്ര എത്തി നിൽക്കുന്നു.’’
ഡാർവിൻ കൊണ്ട വെയിലും മഴയുമാണ് സിനിമയിൽ തന്‍റെ തണൽ എന്നു പറയാനാണ് ഇഷ്ടമെന്ന് ഡോൾവിൻ പറയുന്നു. ‘‘ആദ്യം സിനിമയുമായി ബന്ധമുണ്ടാക്കിയത് ഡാർവിനായിരുന്നു. അതിനു ശേഷമാണ് ഞാൻ സിനിമയുടെ ഭാഗമായത്. അന്വേഷിപ്പിൻ കണ്ടെത്തും മികച്ച വിജയം നേടി മുന്നേറുമ്പോൾ, പറഞ്ഞ ബജറ്റിലും കുറവ് മാത്രം ചെലവഴിച്ച് സിനിമയൊരുക്കിയ ഡാർവിൻ എന്ന സംവിധായകന്‍റെ കൂടി വിജയമെന്ന് പറയാം. ഇതുവരെ ചിത്രം കേരള ബോക്സ്ഓഫിസിൽ നിന്ന് 12 കോടിക്കു മുകളിൽ കലക്ട് ചെയ്ത് കഴിഞ്ഞു. ഗ്ലോബൽ കലക്‌ഷൻ കൂടി ചേരുമ്പോൾ അത് 18 കോടി കടക്കും. ഒടിടി റൈറ്റ്സും മറ്റുമൊക്കെ ഇതിനു പുറമെ വരും, ഞങ്ങളൊരുമിച്ച ആദ്യ സിനിമ ഇത്ര വലിയൊരു വിജയം നേടിയതിനാൽ തന്നെ ഈ പിറന്നാളിന് ഇരട്ടി മധുരമുണ്ട്.’’
തിയറ്റര്‍ ഓഫ് ഡ്രീംസിന്‍റെ ബാനറില്‍ ഡോൾവിൻ കുര്യാക്കോസ്, ജിനു വി.ഏബ്രഹാം, വിക്രം മെഹ്‍റ, സിദ്ധാർഥ് ആനന്ദ് കുമാർ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. തിരക്കഥയൊരുക്കിയിരിക്കുന്നത് ജിനു വി. ഏബ്രഹാമാണ്.