‘മഞ്ഞുമ്മൽ ബോയ്സ്’ പ്രദർശിപ്പിക്കാത്ത തിയറ്ററുകളുമായി സഹകരിക്കില്ല: വിതരണക്കാരുടെ സംഘടന
Mail This Article
ഫെബ്രുവരി 22 മുതൽ മലയാള സിനിമകൾ റിലീസ് ചെയ്യില്ലെന്ന തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്കിന്റെ തീരുമാനത്തിൽ പ്രതികരണവുമായി ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ. ഫെബ്രുവരി 22ന് റിലീസിനെത്തുന്ന ‘മഞ്ഞുമ്മൽ ബോയ്സ്’ പ്രദർശിപ്പിക്കാത്ത തിയറ്ററുകളുമായി തുടർന്ന് സഹകരിക്കില്ലെന്നും ചിത്രങ്ങൾ തീരുമാനിച്ച തീയതികളിൽത്തന്നെ പ്രദര്‍ശനത്തിനെത്തുമെന്നും ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ പത്രക്കുറിപ്പിലൂടെ അറിയിച്ചു.
ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ ഓഫ് കേരളയുടെ വാർത്താക്കുറിപ്പ്:
‘‘കേരളത്തിലെ ഒരു തിയറ്റർ സംഘടന ഫെബ്രുവരി 22 മുതൽ മലയാള സിനിമകൾ പ്രദർശിപ്പിക്കില്ലെന്നു തീരുമാനിച്ചതായി മാധ്യമങ്ങളിലൂടെ അറിയാൻ കഴിഞ്ഞു. ഗോകുലം മൂവീസിനു വേണ്ടി ഡ്രീം ബിഗ് ഫിലിംസ് പ്രദർശനത്തിനെത്തിക്കുന്ന ‘മഞ്ഞുമ്മൽ ബോയ്സ്’ എന്ന ചിത്രം ഫെബ്രുവരി 22 നും, മറ്റു ചിത്രങ്ങൾ തീരുമാനിച്ച തീയതികളിലും പ്രദര്‍ശനത്തിനെത്തുമെന്നും അറിയിക്കുന്നു.
ഞങ്ങളോട് എന്നും ഊഷ്മള ബന്ധം പുലർത്തുന്ന കേരളത്തിലെ തിയറ്ററുകൾ ഈ ചിത്രം പ്രദർശിപ്പിക്കുമെന്ന് കരാറിലേർപ്പെട്ടുകൊണ്ട് ഞങ്ങളെ അറിയിച്ചിട്ടുണ്ട്. ആ തിയറ്ററുകളുമായി തുടർന്നും ഞങ്ങൾ സഹകരിക്കുമെന്ന് സന്തോഷ പൂർവം അറിയിക്കുന്നു. ഈ ചിത്രം പ്രദർശിപ്പിക്കാത്ത തിയറ്ററുകളുമായി തുടർ സഹകരണം വേണ്ടതില്ല എന്നതാണ് ഞങ്ങളുടെ തീരുമാനം.’’
ഫെബ്രുവരി 22 മുതല്‍ കേരളത്തിലെ തിയറ്ററുകളില്‍ മലയാള സിനിമകള്‍ റിലീസ് ചെയ്യില്ലെന്നാണ് തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്കിന്റെ നിലപാട്. നിർമാതാക്കളുടെ ഏകാധിപത്യ നിലപാടുകളിൽ പ്രതിഷേധിച്ചാണ് തീരുമാനമെന്ന് ഫിയോക് പ്രസിഡന്റ് വിജയകുമാർ പറഞ്ഞു.
തിയറ്ററിൽ റിലീസ് ചെയ്ത് 42 ദിവസത്തിനു ശേഷമേ ഒടിടിയില്‍ നൽകൂ എന്ന ധാരണ നിർമാതാക്കൾ ലംഘിക്കുന്നുവെന്നും ആ കാലാവധിക്കു മുൻപ് സിനിമകൾ ഒടിടിയിൽ നൽകുന്നുവെന്നുമാണ് തിയറ്റര്‍ ഉടമകൾ ഉന്നയിക്കുന്ന പ്രധാന പരാതി. ബുധനാഴ്ചയ്ക്കകം ഈ പ്രശ്നത്തിനു പരിഹാരമായില്ലെങ്കിൽ മലയാള ചിത്രങ്ങളുടെ റിലീസ് നിർത്തിവയ്ക്കാനാണ് ഫിയോക്കിന്റെ തീരുമാനം.
സിനിമ തിയറ്ററുകളിൽ പ്രൊജക്ടര്‍ വയ്ക്കാനുള്ള അവകാശം ഉടമയിൽ നിലനിർത്തുക, കരാർ ലംഘിച്ച് നിശ്ചിത ദിവസത്തിന് മുമ്പേ ഒടിടി പ്ലാറ്റ്ഫോമുകൾക്ക് സിനിമകൾ നൽകുന്നത് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഫിയോക് നിർമാതാക്കൾക്ക് മുന്നിൽ വച്ചിരുന്നു. എന്നാൽ ഇതിനോട് നിർമാതാക്കൾ ഇതുവരെ അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ല. ഇതിൽ പ്രതിഷേധിച്ചാണ് തീരുമാനമെന്ന് വിജയകുമാർ പറഞ്ഞു. അതേസമയം ഭ്രമയുഗം, പ്രേമലു തുടങ്ങി നിലവില്‍ തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന സിനിമകളെ പ്രതിഷേധം ബാധിക്കില്ലെന്നും ഇവർ വ്യക്തമാക്കി.
മഞ്ഞുമ്മൽ ബോയ്സ് എന്ന ചിത്രമാണ് ഫെബ്രുവരി 22ന് റിലീസിനു തയാറെടുക്കുന്നത്. പ്രേക്ഷകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണിത്.