ADVERTISEMENT

മമ്മൂട്ടി ചിത്രം ‘ഭ്രമയുഗ’ത്തെ അഭിനന്ദിച്ച് സ്വാമി സന്ദീപാനന്ദഗിരി. മമ്മൂട്ടി ഇന്ത്യന്‍ സിനിമയുടെ അഭിമാനമാണെന്നും ഭ്രമയുഗത്തിലെ അഭിനയം കൊണ്ടും മറ്റു പല കാരണങ്ങൾകൊണ്ടും സിനിമാ ലോകത്തെത്തന്നെ അദ്ദേഹം ഭ്രമിപ്പിക്കുകയാണെന്നും സന്ദീപാനന്ദഗിരി പറയുന്നു.

‘‘ഭാരതീയ ധർമ ശാസ്ത്രങ്ങളിൽ നാലു യുഗങ്ങളെക്കുറിച്ച് പറയുന്നു. ആദ്യത്തേത് കൃതയുഗം അഥവാ സത്യയുഗം, രണ്ടാമത്തേത് ത്രേതായുഗം, മൂന്നാമത്തേത് ദ്വാപരയുഗം, നാലാമത്തേത് കലിയുഗം. ഇവയാണ് ചതുർയുഗങ്ങൾ. പുരാണങ്ങളിൽ ധർമത്തിന്റേയും അധർമത്തിന്റേയും ഏറ്റക്കുറച്ചിലുകളെ ഈ നാലു യുഗങ്ങളിലൂടെ പറയപ്പെട്ടിരിക്കുന്നു.

അതുപോലെ മനുഷ്യനിലെ ബാല്യം, കൗമാരം, യൗവനം, വാർധക്യം എന്നീ അവസ്ഥകളെ യുഗങ്ങളോട് ഉപമിച്ചിരിക്കുന്നതും കാണാവുന്നതാണ്. ഭ്രമയുഗം ഒരു ക്ലാസിക് സിനിമയാണ്, ഈയാംപാറ്റ അഗ്നിയിലേക്ക് എന്നപോലെ സ്വയമേവ ഭ്രമയുഗത്തിൽ പെട്ട് ഉഴലുന്ന ആധുനിക മനുഷ്യരുടെ കഥ.

ആൽഫ, ഫ്രാൻസിസ് ഇട്ടിക്കോര, സുഗന്ധി എന്ന ആണ്ടാൾ ദേവ നായകി, പച്ച മഞ്ഞ ചുവപ്പ്, അന്ധർ ബധിരർ മൂകർ, മാമ ആഫ്രിക്ക എന്നീ ക്ലാസിക്കുകൾ മലയാളത്തിനു സമ്മാനിച്ച അതുല്യ പ്രതിഭയായ ടി.ഡി. രാമകൃഷ്ണനാണ് ഭ്രമയുഗത്തിലെ കഥാപാത്രങ്ങൾക്ക് സംഭാഷണം ഒരുക്കിയിരിക്കുന്നത്.

മഹത്തായ ആശയങ്ങൾ ഗർഭം ധരിച്ചിരിക്കുന്നു ഓരോരുത്തരുടെയും വാക്കുകളിൽ. ഇന്ത്യൻ സിനിമയുടെ അഭിമാനമായ മമ്മുട്ടി ഭ്രമയുഗത്തിലെ അഭിനയം കൊണ്ടും മറ്റു പല കാരണങ്ങൾ കൊണ്ടും സിനിമാ ലോകത്തെത്തന്നെ ഭ്രമിപ്പിക്കുന്നു. ഓസ്കറിൽ കുറഞ്ഞതൊന്നും ഈ മനുഷ്യൻ അർഹിക്കുന്നില്ല.

അർജുൻ അശോകൻ, സിദ്ധാർഥ്, അമാൽഡ ലിസ്, എല്ലാവരും അഭിനയംകൊണ്ട് പെരുമ്പറ കൊട്ടിയിരിക്കുന്നു. സംവിധാനവും ക്യാമറയും സംഗീതവുമെല്ലാം നമ്മെ ആനന്ദിപ്പിക്കുന്നു. ഒപ്പം അണിയറയിലെ എല്ലാ പ്രവർത്തകർക്കും നമോവാകം.’’–സന്ദീപാനന്ദഗിരിയുടെ വാക്കുകൾ.

English Summary:

Swami Sandeepananda Giri Praises Mammootty

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com