ADVERTISEMENT

‘ഭ്രമയുഗം’ എന്ന സിനിമ താൻ നിരസിച്ചതല്ലെന്നും ചിത്രത്തിന്റെ തിരക്കഥ വായിച്ച ശേഷം ചെയ്യാൻ വല്ലാതെ ആഗ്രഹിച്ചിരുന്ന സിനിമയായിരുന്നുവെന്നും നടൻ ആസിഫ് അലി. ‘ഭ്രമയുഗം’ ആസിഫ് അലി നിരസിച്ച സിനിമയാണെന്നും കഥാപാത്രം ഇഷ്ടപ്പെടാത്തതുകൊണ്ടാണ് പിന്മാറിയതെന്നും സമൂഹ മാധ്യമങ്ങളിൽ വാർത്ത വന്നിരുന്നു. എന്നാൽ മാസങ്ങൾ മുമ്പ് നൽകിയൊരു അഭിമുഖത്തിൽ ഈ സിനിമയിൽ നിന്നും പിന്മാറാൻ ഇടയായ സാഹചര്യത്തെക്കുറിച്ച് ആസിഫ് വെളിപ്പെടുത്തിയിരുന്നു. ഭ്രമയുഗം ചെയ്യാൻ ആഗ്രഹിച്ചിരുന്നു. പക്ഷേ അതിന്റെ ഷൂട്ട് വളരെ നേരത്തെ വന്നു. ആ സമയത്ത് തനിക്ക് വേറെ സിനിമയുടെ കമ്മിറ്റ്മെന്റ് ഉണ്ടായിരുന്നു. അതുകൊണ്ടാണ് ഭ്രമയുഗം ചെയ്യാൻ കഴിയാതിരുന്നതെന്നും അർജുൻ അശോകൻ ആ കഥാപാത്രം വളരെ നന്നായി ചെയ്തതിൽ സന്തോഷമേയുള്ളൂ എന്നും ആസിഫ് അലി പറഞ്ഞു.  

ഈ കഥാപാത്രം മമ്മൂട്ടി ചെയ്യാൻ തീരുമാനിച്ചത് തന്നെ അദ്ദേഹത്തിന് സിനിമയോടുള്ള ആത്മാർഥതയാണ് വെളിപ്പെടുത്തുന്നതൊന്നും ഇതുകൊണ്ടൊക്കെ തന്നെയാണ് അദ്ദേഹത്തെ മലയാളത്തിലെ മഹാനടൻ എന്ന് വിശേഷിപ്പിക്കുന്നതെന്നും ആസിഫ് അലി പറയുന്നു 

‘‘ഭ്രമയുഗം ഞാൻ റിജെക്‌ട് ചെയ്‌തത് അല്ല. ആ സിനിമ നമ്മൾ പ്ലാൻ ചെയ്‌തതിനേക്കാൾ പെട്ടെന്ന് ഉണ്ടായതാണ്. കാരണം മമ്മൂക്ക ഒരു സിനിമയ്ക്കു വേണ്ടി താടി വളർത്തുന്നുണ്ട്. അതിന്റെ തുടർച്ചയായിട്ട് ചെയ്യാം എന്ന് തീരുമാനിക്കുകയായിരുന്നു. പക്ഷേ എനിക്ക് ആ സമയത്ത് വേറെ കമ്മിറ്റ്മെന്റ്സ് ഉള്ളതുകൊണ്ട് എനിക്കാ സിനിമ ചെയ്യാൻ പറ്റിയില്ല. അതിൽ ഒരുപാട് വിഷമമുണ്ട്.

ആ കഥാപാത്രം മമ്മൂക്ക ചെയ്യാൻ സമ്മതിച്ചു എന്നത് സിനിമയോട് അദ്ദേഹം എത്രത്തോളം ആത്മാർഥത ഉള്ളതുകൊണ്ടാണെന്ന് എനിക്ക് മനസ്സിലായി. ആ സിനിമ ജഡ്‌ജ്‌ ചെയ്ത്‌ത്, മനസിലാക്കി അത് ചെയ്യാൻ തീരുമാനിക്കാൻ അതിനൊരു ധൈര്യം വേണം. അദ്ദേഹം അത് കാണിച്ചു എന്നുള്ളത് നമുക്ക് ഒക്കെ ഒരു മാതൃക ആണ്. അതുകൊണ്ട് മാത്രമാണ് അദ്ദേഹം മലയാളത്തിന്റെ മഹാനടനായി നിൽക്കുന്നത്.

ഈ സിനിമയെ കുറിച്ച് മുഴുവൻ കേൾക്കുകയും കൃത്യമായി വായിക്കുകയും ചെയ്തിരുന്നു. മലയാളത്തിലെ എണ്ണം പറഞ്ഞ സിനിമകളിൽ ഒന്നായിരിക്കും ഭ്രമയുഗം. മമ്മൂക്കയുടെ ഏറ്റവും നല്ല പെർഫോമൻസിൽ ഒന്നായിരിക്കും. അർജുൻ അശോകന്റെയും വളരെ രസകരമായ കഥാപാത്രമാണ്. ഞാൻ അത്രയും പ്രതീക്ഷിച്ച് ചെയ്യണം എന്ന് ആഗ്രഹിച്ച സിനിമ കൂടിയാണത്. അത് അർജുന്റെ അടുത്തേക്ക് പോയതിൽ  സന്തോഷമേയുള്ളൂ. അർജുന്റെ നെക്സ്റ്റ് ലെവലാണ് ഈ സിനിമയോടു കൂടി കാണാൻ പോകുന്നത്.

സോകോള്‍ഡ് സിനിമകള്‍ എടുക്കാന്‍, നിലനില്‍പിന്റെ പ്രശ്‌നം ഓര്‍ത്ത് നടന്മാര്‍ മടിക്കുമ്പോള്‍ ആ പേടി മാറ്റി തന്ന നടനാണ് മമ്മൂക്ക. റോഷാക്ക് എന്ന ചിത്രം ചെയ്യുന്ന സമയത്ത്, ‘‘ഇത് പോലുള്ള വെല്ലുവിളിയുള്ള കഥാപാത്രങ്ങള്‍ ഒരു നടന്‍ എന്ന നിലയില്‍ എടുക്കണം’’ എന്നദ്ദേഹം പറഞ്ഞിരുന്നു. അതിന്റെ മറ്റൊരു ഉദാഹരണമാണ് ഭ്രമയുഗം എന്ന സിനിമ. ആ സിനിമയെ കുറിച്ചുള്ള മമ്മൂക്കയുടെ ജഡ്ജ്‌മെന്റ് വിശ്വസിക്കാന്‍ കഴിയാത്തതാണ്. 

ഭ്രമയുഗത്തിലെ ആ വേഷം മമ്മൂക്ക ചെയ്യും എന്ന് ഞാന്‍ ഒരിക്കലും കരുതിയിരുന്നില്ല. ഭ്രമയുഗം എന്ന സിനിമ ഏറ്റെടുത്ത് ചെയ്യണം എങ്കില്‍ അതിനൊരു ധൈര്യം വേണം. അത് മമ്മൂക്ക കാണിച്ചു എന്നതാണ് എന്നെ അദ്ഭുതപ്പെടുത്തിയത്. അത് വളരെ പ്രചോദനമാണ്.’’–ആസിഫ് അലി പറഞ്ഞു.

English Summary:

Asif Ali about Bramayugam movie

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com