നോളന്‍ ആദ്യ ബാഫ്ത; റെക്കോർഡ് നേട്ടവുമായി ഓപ്പൻ ഹെയ്മർ
Mail This Article
ബ്രിട്ടിഷ് അക്കാദമി ഫിലിം അവാര്‍ഡ്സ് (ബാഫ്ത) പുരസ്‌കാരങ്ങളിൽ തിളങ്ങി ക്രിസ്റ്റഫർ നോളന്റെ ‘ഓപ്പൻ ഹെയ്മർ’. മികച്ച, സിനിമ, മികച്ച നടന്‍, മികച്ച സഹനടന്‍ തുടങ്ങി ഏഴ് പുരസ്‌കാരങ്ങളാണ് ഓപ്പന്‍ഹെയ്മര്‍ നേടിയത്. ഇത് പുരസ്കാര ചടങ്ങിലെ റെക്കോർഡാണെന്ന് അവതാരകൻ നടൻ ഡേവിഡ് ടെനറ്റ് പറഞ്ഞു.
ഇന്ത്യയെ പ്രതിനിധീകരിച്ച് ബോളിവുഡ് താരം ദീപിക പദുക്കോണാണ് ലണ്ടനിലെത്തിയത്. ഒരു പുരസ്കാരം സമ്മാനിക്കുകയും ചെയ്തു അവർ. ഇംഗ്ലിഷ് ഇതര ചിത്രത്തിനുള്ള അവാർഡാണ് ദീപിക സമ്മാനിച്ചത്. യോര്‍ഗോസ് ലാന്തിമോസ് സംവിധാനം ചെയ്ത 'പുവര്‍ തിങ്സ് മികച്ച നടിയടക്കം അഞ്ച് പുരസ്‌കാരങ്ങള്‍ നേടി.
ഓപ്പൻ ഹെയ്മറെ അവതരിപ്പിച്ച കിലിയന്‍ മര്‍ഫി മികച്ച നടനായി, റോബര്‍ട്ട് ഡൗണി ജൂനിയറെ മികച്ച സഹനടനായി തിരഞ്ഞെടുത്തു. ക്രിസ്റ്റഫര്‍ നോളനാണ് മികച്ച സംവിധായകന്‍. കൂടാതെ മികച്ച സിനിമ ഒറിജിനല്‍ സ്‌കോര്‍, ഛായാഗ്രഹണം, എഡിറ്റിങ്, എന്നീ പുരസ്‌കാരങ്ങളും ഓപ്പന്‍ഹൈമര്‍ സ്വന്തമാക്കി. ഇതാദ്യമായാണ് നോളന്‍ ബാഫ്ത പുരസ്‌കാരം നേടുന്നത്.
പുവര്‍ തിങ്സിലെ അഭിനയത്തിന് എമ്മ സ്റ്റോണിനെ മികച്ച നടിയായി തിരഞ്ഞെടുത്തു. കോസ്റ്റ്യും ഡിസൈനര്‍, മേക്കപ്പ് ആന്‍ഡ് ഹെയര്‍, സ്പെഷല്‍ വിഷ്വല്‍ എഫക്ട്, പ്രൊഡക്ഷന്‍ ഡിസൈനര്‍ എന്നീ പുരസ്‌കാരങ്ങളും പുവര്‍ തിങ്സ് സ്വന്തമാക്കി.
അലക്‌സാണ്ടന്‍ പൈന്‍ സംവിധാനം ചെയ്ത ദ് ഹോള്‍ഡോവേഴ്‌സ് എന്ന ചിത്രത്തിലെ അഭിനയത്തിന് ഡാവിന്‍ ജോയ് റാന്‍ഡോള്‍ഫ് മികച്ച സഹനടിക്കുള്ള പുരസ്‌കാരം നേടി. മികച്ച കാസ്റ്റിങ്ങിനും ഈ ചിത്രം പുരസ്‌കാരം നേടി. രണ്ടാം ലോകമഹായുദ്ധകാലത്ത് ഓഷ്വിട്സിന്റെ സമീപത്തുള്ള കോണ്‍സന്‍ട്രേഷന്‍ ക്യാമ്പ് കമാന്‍ഡറുടെയും കുടുംബത്തിന്റെയും കഥ പറയുന്ന ദ് സോണ്‍ ഓഫ് ഇന്ററസ്റ്റ് മികച്ച ബ്രിട്ടിഷ് സിനിമയായി.
യാവോ മിയാസാക്കിയുടെ ദ് ബോയ് ആന്‍ഡ് ഹെറോണ്‍ മികച്ച ആനിമേറ്റഡ് സിനിമ പുരസ്‌കാരം നേടുന്ന ആദ്യത്തെ ജാപ്പനീസ് സിനിമയായി. കോര്‍ട്ട് റൂം സിനിമയായി ഏറെ ശ്രദ്ധിക്കപ്പെട്ട അനാട്ടമി ഓഫ് എ ഫോളും അമേരിക്കന്‍ ഫിക്‌ഷനും മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരങ്ങള്‍ നേടി.